എന്റെ ഡാഡിക്ക് കാന്‍സറാണ് ഡോക്ടർ; എനിക്കും വരുമോ?

എത്രയൊക്കെ ബോധവത്കരണങ്ങള്‍ നടത്തിയാലും പലപ്പോഴും നിയന്ത്രണത്തിനുമപ്പുറത്തേയ്ക്ക് കൈവിട്ടു പോകുന്നവയാണ് കാന്‍സറുമായി ബന്ധപ്പെട്ട അബദ്ധപ്രചരണങ്ങള്‍. അത്തരത്തിലൊന്നാണ് കാന്‍സര്‍ രോഗം പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടും എന്നത്. യാതൊരു രീതിയിലും പരമ്പരാഗതമല്ലാത്ത കാന്‍സറിനെ സംബന്ധിച്ച് അഭ്യസ്തവിദ്യരായ ആളുകളുടെ ഇടയില്‍ പോലും പലതരത്തിലുള്ള തെറ്റിദ്ധാരണകളുണ്ട്.

വിവാഹാലോചനയുമായി ബന്ധപ്പെട്ടാണ്, ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ കാന്‍സറിനെ അതിജീവിച്ചവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നേരിടേണ്ടി വരുന്നത്. എന്നാല്‍ ഇതിലെ വാസ്തവം എന്താണ്? കോട്ടയം, കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ജോജോ വി. ജോസഫ് ഇതിന് ഉത്തരം നല്‍കും. അദ്ദേഹത്തിന്റെ വാക്കുകളിലേയ്ക്ക്…

രണ്ട് മൂന്ന് അനുഭവങ്ങളാണ് കാന്‍സറിന്റെ പാരമ്പര്യ സാധ്യതകളെക്കുറിച്ച് വിശദീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. അതില്‍ ഒന്ന് ഇങ്ങനെയാണ്. ഏകദേശം പന്ത്രണ്ട് വര്‍ഷം മുമ്പ് പരിചയപ്പെട്ടതാണ് മാത്യുവിനെ (പേര് യഥാര്‍ത്ഥമല്ല). വായിലായിരുന്നു അദ്ദേഹത്തിന് കാന്‍സര്‍. രോഗം ഭേദമായിക്കഴിഞ്ഞും ഫോളോ അപ്പിനായും ചെക്കപ്പിനായുമൊക്കെ അദ്ദേഹം പലപ്പോഴും എന്റെയടുക്കല്‍ എത്തിയിരുന്നു. പരിചയക്കാരായ പല രോഗികള്‍ക്കും അദ്ദേഹം എന്റെ പേര് നിര്‍ദ്ദേശിക്കുകയും ചികിത്സയ്ക്കായി പറഞ്ഞുവിടുകയുമൊക്കെ ചെയ്തിരുന്നു. കാന്‍സര്‍ മുതല്‍ നാട്ടുവിശേഷം വരെ പല വിഷയങ്ങളെക്കുറിച്ചും സരസമായ രീതിയില്‍ അദ്ദേഹം എന്നോട് സംസാരിക്കാറുമുണ്ടായിരുന്നു. പക്ഷേ ഒരു തവണ വന്നപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് ചെറിയൊരു മ്ലാനത. ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞങ്കെിലും കൂട്ടത്തില്‍ വന്ന ഭാര്യയാണ് കാരണം പറഞ്ഞത്.

അവരുടെ മകളുടെ പഠനമെല്ലാം കഴിഞ്ഞു, വിദേശത്ത് നല്ല ജോലിയും ലഭിച്ചു. കല്യാണം ആലോചിച്ചു തുടങ്ങിയപ്പോള്‍ കാന്‍സര്‍ വീണ്ടും വില്ലനായി അവരുടെ ജീവിതത്തില്‍ അവതരിച്ചു. പിതാവിന് മുമ്പ് കാന്‍സര്‍ വന്നതായതിനാല്‍ അത് പാരമ്പര്യമായി മകള്‍ക്കും വന്നേക്കാം എന്ന കാരണത്താല്‍ ആലോചനകളെല്ലാം മുടങ്ങുകയാണത്രേ. വായിലെ കാന്‍സര്‍ ഒരു കാരണവശാലും പരമ്പരാഗതമായി ബാധിക്കില്ല, അക്കാര്യം നൂറു ശതമാനം ആര്‍ക്കും ഉറപ്പു നല്‍കാം എന്ന് ഞാന്‍ അവരെ പറഞ്ഞു മനസിലാക്കി. ഇനി ആരെങ്കിലും ഇത്തരത്തില്‍ സംശയം ഉന്നയിച്ചാല്‍ എന്നെ വിളിച്ചാല്‍ മതി സംസാരിക്കാമെന്ന് പറഞ്ഞ് അവരെ സമാധാനിപ്പിച്ചയച്ചു. പിന്നീടു വന്ന പയ്യനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ സാധിക്കുകയും അവരുടെ വിവാഹം നടക്കുകയും ചെയ്തു.

മറ്റൊരു സംഭവവും ഇതിന് സമാനമായിരുന്നു. എന്റെ സീനിയറും സഹപ്രവര്‍ത്തകനുമായ ഒരു ഡോക്ടറുടെ മകള്‍ക്ക് വന്ന ഒരു കല്യാണാലോചനയെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ എന്നോട് സംസാരിച്ചിരുന്നു. ഞങ്ങള്‍ രണ്ടു പേര്‍ക്കും അറിയാവുന്ന മറ്റൊരു ഡോക്ടറുടെ പരിചയത്തിലുള്ള കുടുംബത്തില്‍ നിന്നായിരുന്നു ആലോചന. പിന്നീടൊരിക്കല്‍ കണ്ടപ്പോള്‍ എന്തായി ആ ആലോചന എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അത് ശരിയാവുമെന്ന് തോന്നുന്നില്ല എന്നായിരുന്നു മറുപടി. എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ അവിടെയും കാന്‍സര്‍ തന്നെ തടസം.

ആ പയ്യന്റെ കുടുംബത്തില്‍ രണ്ടു പേര്‍ക്ക് കാന്‍സര്‍ വന്നിട്ടുണ്ടത്രേ. അതില്‍ ഒരാള്‍ക്ക് ബ്രസ്റ്റ് കാന്‍സറും ഒരാള്‍ക്ക് ഓവറി കാന്‍സറുമാണെന്ന്. അത് പാരമ്പര്യമാകാന്‍ സാധ്യതയുണ്ടല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റൊരു വിഭാഗത്തിലെ ഡോക്ടറാണെങ്കിലും മെഡിക്കല്‍ രംഗത്തെക്കുറിച്ച് ഇത്രയധികം ബോധ്യമുള്ളവര്‍ പോലും ഇത്തരത്തിലുള്ള സംശയങ്ങള്‍ ഉന്നയിക്കുന്നല്ലോ എന്നത് എന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തെയും പിന്നീട് യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തുകയാണുണ്ടായത്.

കാന്‍സറിനെ അതിജീവിച്ചവരും അല്ലാത്തവരുമായ ചിലര്‍ നേരിട്ട് ചോദിക്കും ‘ഡോക്ടറേ, ഇനി എനിക്ക് അല്ലെങ്കില്‍ ഈ വ്യക്തിക്ക് കാന്‍സര്‍ വരില്ല എന്ന് ഉറപ്പ് നല്‍കാന്‍ കഴിയുമോ’ എന്നൊക്കെ. മനുഷ്യരായ അവര്‍ക്ക് ഇനി മേലില്‍ രോഗം വരില്ല എന്ന് ഉറപ്പ് നല്‍കാന്‍ മനുഷ്യനായ എനിക്ക് കഴിയില്ല, അത് ദൈവത്തിന് മാത്രമേ സാധിക്കൂ എന്നാണ് അങ്ങനെ ചോദിക്കുന്നവര്‍ക്ക് നല്‍കുന്ന മറുപടി. അതേസമയം പഠനവും അറിവും ഉപയോഗിച്ച് ഒരു കാന്‍സര്‍ ജനറ്റിക്കല്‍ ആണോ എന്ന് ചില ടെസ്റ്റുകളിലൂടെ കണ്ടെത്തുകയും ചെയ്യാം. പക്ഷേ ഒരു കാര്യം ഉറപ്പിച്ചു പറയാം – ഈ ജനറ്റിക് ടെസ്റ്റ് നടത്താനുള്ള സാധ്യത വളരെ കുറച്ച് രോഗികളില്‍ മാത്രമേ കാണാറുള്ളൂ. വേറൊരു കൂട്ടരുണ്ട്, അവരുടെ അടുത്ത ബന്ധുക്കള്‍ ആരെങ്കിലും കാന്‍സര്‍ രോഗിയായാല്‍ ഉടന്‍ സമീപിക്കും. “ഡോക്ടറേ, എന്റെ ഈ ബന്ധുവിന് കാന്‍സറാണ്. അതുകൊണ്ട് എനിക്കും അതിനുള്ള സാധ്യതയുണ്ടോ രോഗം ബാധിച്ചിട്ടുണ്ടോയെന്ന് ടെസ്റ്റ് ചെയ്യണം” എന്നൊക്കെ പറഞ്ഞ്. മേല്‍ സൂചിപ്പിച്ചതിന് സമാനമായ മറുപടിയാണ് അവര്‍ക്കും നല്‍കാറുള്ളത്. ഇനി ഇതിന്റെ ശാസ്ത്രീയ വശങ്ങള്‍ ശ്രദ്ധിക്കാം…

നമ്മുടെ ജനിതകഘടന പാരമ്പര്യമായി ലഭിക്കുന്നതാണ് എന്ന് എല്ലാവര്‍ക്കും അറിയാം. കോശങ്ങളിലെ ജനിതകഘടനയില്‍ വരുന്ന വ്യത്യാസങ്ങളാണ് ശരീരത്തില്‍ കാന്‍സര്‍ ഉണ്ടാക്കുന്നതെന്നും മെഡിക്കല്‍ സയന്‍സ് കണ്ടുപിടിച്ചിട്ടുണ്ട്. അതിനാല്‍ കാന്‍സര്‍ പാരമ്പര്യമായി ലഭിക്കുമോ എന്ന് സംശയം തോന്നുന്നത് സ്വാഭാവികമാണ്. പലവിധ കാരണങ്ങള്‍ ഒത്തുചേരുമ്പോള്‍ മാത്രമാണ് ഒരാളില്‍ കാന്‍സര്‍ ഉണ്ടാകുന്നത്. അതുകൊണ്ടു തന്നെ 95 മുതല്‍ 98 ശതമാനം കാന്‍സറുകളും പാരമ്പര്യമായി ലഭിക്കുന്നവയല്ല. എന്നാല്‍ രണ്ടു മുതല്‍ അഞ്ചു ശതമാനം വരെ കാന്‍സറുകള്‍ പാരമ്പര്യസ്വഭാവം കാണിക്കാറുമുണ്ട്. വളരെ വിരളമായേ കാണാറുള്ളൂവെങ്കിലും കാന്‍സര്‍ വന്ന രോഗികളെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമുള്ള നമ്മുടെ തെറ്റിദ്ധാരണ മാറ്റാന്‍ പാരമ്പര്യ കാന്‍സറുകളെക്കുറിച്ചുള്ള ചില വസ്തുതകള്‍ പങ്കുവയ്ക്കാന്‍ ശ്രമിക്കുകയാണ്.

കാന്‍സറുകളെ മൂന്നായി തരംതിരിക്കാം

1. ഒറ്റപ്പെട്ടു കാണപ്പെടുന്നവ (Sporadic Cancers): 95% കാന്‍സറുകളും ഈ വിഭാഗത്തില്‍പെടുന്നു.

2. ഒരു കുടുംബത്തില്‍ മാത്രം കാണപ്പെടുന്നവ (Familial Cancer): ഒരു കുടുംബത്തിലെ രണ്ടു ഒരേ തലമുറ (first degree) ബന്ധുക്കള്‍ക്ക് ഒരേ കാന്‍സര്‍ വരിക; അതും ചെറുപ്രായത്തിലാണ് എങ്കില്‍ അതിനെ ‘ഫമീലിയല്‍ കാന്‍സര്‍’ (Familial Cancers) എന്ന വിഭാഗത്തില്‍പ്പെടുത്താം.

ചില ചെറിയ ജനിതക വ്യതിയാനത്തിനൊപ്പം ആ കുടുംബത്തിന്റെ ആഹാരരീതിയോ, പ്രത്യേക ജീവിതരീതികളോ, ഏതെങ്കിലും പ്രത്യേക കാന്‍സര്‍ ഉണ്ടാക്കാന്‍ ശക്തിയുള്ള പദാര്‍ത്ഥത്തോടുള്ള (Carcinogen) കുടുംബാംഗങ്ങളുടെ പൊതുവായ അടുപ്പമോ ഉപയോഗമോ ആയിരിക്കും ഇതിന്റെ കാരണങ്ങള്‍.

3. പാരമ്പര്യമായി കാണപ്പെടുന്ന കാന്‍സര്‍ (Hereditary Cancers): മൂന്നോ മൂന്നില്‍ കൂടുതല്‍ ഒരേ തലമുറ (first degree) ബന്ധുക്കള്‍ക്ക് ഒരേ കാന്‍സര്‍ വരികയും ഈ അവസ്ഥ ഏറ്റവും കുറഞ്ഞത് രണ്ട് തലമുറകളില്‍ കാണപ്പെടുകയും ഇതില്‍ ഒരാള്‍ക്കെങ്കിലും കാന്‍സര്‍ ഉണ്ടായത് 50 വയസില്‍ താഴെയായിരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഒരു കാന്‍സര്‍, പാരമ്പര്യ കാന്‍സര്‍ (Hereditary Cancer) ആയി കണക്കാക്കപ്പെടുന്നുള്ളൂ.

വന്‍കുടല്‍, മലാശയ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍, അണ്ഡാശയ കാന്‍സര്‍, സ്തനാര്‍ബുദം, മെലനോമ എന്നിവയിലാണ് ചെറിയ ശതമാനം പാരമ്പര്യ കാന്‍സര്‍ (Hereditary Cancers) കണ്ടുവരുന്നത്. ചെറുപ്രായത്തില്‍ കാന്‍സര്‍ വരിക, പല അവയവങ്ങളില്‍ ഒരേ സമയം കാന്‍സര്‍ പ്രത്യക്ഷപ്പെടുക എന്നിവ കണ്ടാല്‍ പാരമ്പര്യ കാന്‍സര്‍ ആണോ എന്ന് സംശയിക്കണം.

പാരമ്പര്യമായി ഉണ്ടാകുന്ന കാന്‍സറുകള്‍ ചില പ്രത്യേക ജനിതക വ്യതിയാനങ്ങള്‍ പാരമ്പര്യമായി ലഭിക്കുന്നതുകൊണ്ട് സംഭവിക്കുന്നതാണ്. ഇതിനെ നമ്മള്‍ ‘പാരമ്പര്യ കാന്‍സര്‍ സിന്‍ഡ്രോംസ്’ (Hereditary Cancer syndromes) എന്നാണ് വിളിക്കുന്നത്. സിന്‍ഡ്രോം എന്നാല്‍ ‘രോഗത്തിന്റെയോ അസ്വസ്ഥ്യത്തിന്റെയോ ഒരു കൂട്ടം ലക്ഷണങ്ങളുടെ സാന്നിദ്ധ്യം’ എന്നാണ് അര്‍ത്ഥം.

ഈ ജനറ്റിക് വ്യതിയാനങ്ങള്‍ നമുക്ക് പാരമ്പര്യമായി ലഭിച്ചാലും കാന്‍സര്‍ വരാനുള്ള സാധ്യത 50 ശതമാനത്തില്‍ താഴെ മാത്രമാണ്. അതിനാല്‍ ഈ കാന്‍സര്‍ സിന്‍ഡ്രോം നമുക്കുണ്ടായാലും 100 % കാന്‍സര്‍ വരുമെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല.

ഇനി ഏതൊക്കെയാണ് ‘പാരമ്പര്യ കാന്‍സര്‍ സിന്‍ഡ്രോംസ്’ (Hereditary Cancer Syndromes) എന്നു നോക്കാം. ചില പ്രത്യേക ജീന്‍ തകരാര്‍ മൂലം പാരമ്പര്യമായി ലഭിക്കുന്ന അസുഖങ്ങളാണ് ഇവ. ഈ അസുഖങ്ങള്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതിനാലാണ് ഇവയെ ‘കാന്‍സര്‍ സിന്‍ഡ്രോംസ്’ (Cancer Syndromes) എന്നു വിളിക്കുന്നത്.

പ്രധാനപ്പെട്ട പാരമ്പര്യ കാന്‍സര്‍ സിന്‍ഡ്രോംസ്

1. പാരമ്പര്യ ബ്രസ്റ്റ് & ഒവേറിയന്‍ കാന്‍സര്‍ സിന്‍ഡ്രോംസ് (Hereditary Breast & Ovarian Cancer Syndromes): (HBOC) BRCA -I, BRCA -II എന്നീ ജീനുകളില്‍ വ്യത്യാസം വരുന്നതാണ് ഈ അസുഖത്തിന്റെ പ്രത്യേകത. സ്ത്രീകളില്‍ സ്തന, അണ്ഡാശയ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പുരുഷന്മാര്‍ക്ക് പ്രോസ്റ്റേറ്റ്, സ്തനാര്‍ബുദ സാധ്യതയും വര്‍ദ്ധിക്കുന്നു.

2. ലിഞ്ച് സിന്‍ഡ്രോംസ് (Lynch Syndromes): ഇങ്ങനെയുള്ളവരില്‍ വന്‍കുടല്‍, മലാശയം, ഗര്‍ഭാശയം എന്നിവിടങ്ങളില്‍ കാന്‍സര്‍ സാധ്യത കൂടുതലാണ്.

3. ഫമീലിയര്‍ അടെനോമാറ്റോവ് പോളിപോസിസ് (Familial Adenomatoue Polyposis): വന്‍കുടല്‍, മലാശയ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.

4. ലിഫ്രൌമേനി സിന്‍ഡ്രോം (Li fraumeni Syndrome): ഈ ജനിതക അസാധാരണത്തം ഉള്ളവരില്‍ സാര്‍ക്കോമ, ബ്രസ്റ്റ് കാന്‍സര്‍, ബ്രെയിന്‍ ട്യൂമര്‍ എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്.

5. മല്‍ട്ടിപിള്‍ എന്‍ഡോക്രൈന്‍ നിയോപ്ലാസിയ സിന്‍ഡ്രോം (Multiple endocrine neoplasia Syndrome – MEN Syndrome): എന്‍ഡോക്രൈന്‍ ഗ്രന്ഥികളായ തൈറോയിഡ്, പാന്‍ക്രിയാസ് തുടങ്ങിയവയിലെ കാന്‍സര്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.

6. കോവ്ഡെന്‍ സിന്‍ഡ്രോം (Cowden Syndromes): സ്തനാര്‍ബുദം, ഗര്‍ഭാശയ കാന്‍സര്‍, തൈറോയിഡ് കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ആദ്യഭാഗത്ത് പറഞ്ഞ ലക്ഷണങ്ങള്‍ വച്ച് പാരമ്പര്യ കാന്‍സര്‍ (Hereditary Cancer) സംശയിച്ചാല്‍ പിന്നീട് എന്താണ് ചെയ്യുക എന്ന് നമുക്ക് പരിശോധിക്കാം.

1. ജനിതക പരിശോധന (Genetic Testing)

പാരമ്പര്യ കാന്‍സര്‍ സംശയിക്കുന്ന രോഗികളില്‍ ജീനുകളില്‍ പരിവര്‍ത്തനം സംഭവിച്ചോ എന്ന് പരിശോധിക്കുകയാണ് പ്രാഥമിക നടപടി. അത് സ്ഥിരീകരിച്ചാല്‍ അതേ ജനിതക പരിവര്‍ത്തനം മറ്റു ബന്ധുക്കളില്‍ ഉണ്ടോ എന്നു പരിശോധിക്കുന്നു. രോഗിയില്‍ ജീന്‍ പരിവര്‍ത്തനം സ്ഥിരീകരിച്ചാല്‍ മാത്രമേ ബന്ധുക്കളില്‍ പരിശോധന നടത്തേണ്ടതായിട്ടുള്ളൂ. കാരണം, രോഗിയില്‍ ജീന്‍ പരിവര്‍ത്തനം ഇല്ലായെങ്കില്‍ ടെസ്റ്റ് ചെയ്തതുകൊണ്ട് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല.

2. ജനറ്റിക് കൗണ്‍സിലിംഗ് (Genetic Counselling)

പാരമ്പര്യ കാന്‍സറിന് വിധേയരായവരോ അതിന് സാധ്യതയുള്ളവരോ ആയ രോഗികള്‍, അവരുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് ശാരീരികവും മാനസികവും സാമൂഹികവുമായി ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും രോഗത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങളും പ്രതിവിധികളും നിര്‍ദേശിക്കുന്ന കൗണ്‍സിലിംഗ് സെക്ഷനാണിത്.

3. രോഗനിവാരണ സര്‍ജറി (Prophylatic Surgery)

സ്തനാര്‍ബുദം, അണ്ഡാശയ/ ഗര്‍ഭപാത്ര കാന്‍സര്‍, വന്‍കുടല്‍ കാന്‍സര്‍ എന്നിവയ്ക്ക് ജനിതക പരിശോധന വഴി സാധ്യത കൂടുതലുള്ളവര്‍ക്ക് അസുഖം വരുന്നതിനു മുമ്പു തന്നെ സര്‍ജറി ചെയ്ത് അവയവം നീക്കം ചെയ്യുന്നതിനെയാണ് Prophylatic Surgery എന്നു പറയുന്നത്. പ്രമുഖ ഹോളിവുഡ് നടി ആഞ്ജലീനാ ജോളി, ജനിതക സാധ്യത കൂടുതലായതിനാല്‍ ഇതുപോലെയുള്ള സര്‍ജറിക്ക് വിധേയയായ ആളാണ്.

4. ടെസ്റ്റുകള്‍ നടത്തി നേരത്തെ രോഗം കണ്ടുപിടിക്കല്‍ (Agressive Screening and earlydetection)

ജനിതക പരിശോധന വഴി കാന്‍സര്‍ സാധ്യതയുള്ളവരില്‍ ടെസ്റ്റുകള്‍ നടത്തി കാന്‍സര്‍ ആരംഭത്തില്‍ തന്നെ കണ്ടെത്തി ചികിത്സിക്കുന്നു. ഉദാ. ബ്രസ്റ്റ് കാന്‍സറിനു മമ്മോഗ്രഫി വര്‍ഷം തോറും നടത്തുക, വന്‍കുടല്‍ മലാശയ കാന്‍സറിനു കൊളോണോസ്കോപി നടത്തുക – Colonoscopy, Prostate – TRUS.

5. കീമോ പ്രിവെന്‍ഷന്‍ (Chemo-prevention): മരുന്ന് കഴിച്ച് കാന്‍സര്‍ വരാതെ നോക്കുക. ഇത് ഇപ്പോഴും ശൈശവദശയിലാണ്. ചില പ്രത്യേക കരോട്ടിനുകള്‍ ഒഴികെ.

5. ജീന്‍ തെറാപ്പി

തെറ്റായ ജീന്‍ മാറ്റി ജീനുകളിലെ തകരാറ് പരിഹരിക്കുകയാണ് ഇവിടെ. ഒന്നോ രണ്ടോ രോഗങ്ങള്‍ക്ക് ഇത് ലഭ്യമാണ്. അതും ക്ലിനിക്കല്‍ പരിശോധനയുടെ ഭാഗമായി മാത്രം. ഭാവിയില്‍ ഇതും നമുക്ക് ലഭിക്കും എന്ന് പ്രതീക്ഷിക്കാം.

ഇതൊക്കെയാണ് പാരമ്പര്യമായി കാന്‍സര്‍ വരുമോ എന്ന സംശയത്തിനും ചോദ്യത്തിനും വൈദ്യശാസ്ത്രം ഇപ്പോള്‍ നല്‍കുന്ന ഉത്തരം.

തയാറാക്കിയത്: കീര്‍ത്തി ജേക്കബ് 

കീര്‍ത്തി ജേക്കബ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.