ദൈവികമായ കരുണയെ ഈശോയുടെ മുറിവുകളില്‍ ദര്‍ശിക്കാം: ഫ്രാന്‍സിസ് പാപ്പാ 

ദൈവത്തിന്റെ അഗാധമായ കരുണയെ ഈശോയുടെ മുറിവുകളില്‍ ദര്‍ശിക്കാന്‍ കഴിയും എന്ന് ഫ്രാന്‍സിസ് പാപ്പാ. കരുണയുടെ ഞായറാഴ്ച നല്‍കിയ സന്ദേശത്തിലാണ് പാപ്പാ ഈ കാര്യം ഉദ്‌ബോധിപ്പിച്ചത്.

ഈശോയുടെ മുറിവുകളില്‍ സ്പര്‍ശിക്കുക. കാരണം, അവ ദൈവകരുണയുടെ വറ്റാത്ത ഉറവകളാണ്. വേദനകളാല്‍ വലയുന്നവരെ സന്ദര്‍ശിക്കുമ്പോള്‍ നാം ക്രിസ്തുവിന്റെ മുറിവുകളെ സ്പര്‍ശിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ വേദനിക്കുന്ന സഹോദരങ്ങളെ ചേര്‍ത്തുപിടിച്ച് ദൈവത്തിന്റെ കരുണയെ ആശ്ലേഷിക്കാം. പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

ക്രിസ്തു തന്റെ ശരീരത്തിലെ മുറിവുകളുമായി പിതാവിന്റെ മുമ്പില്‍ നില്‍ക്കുന്നു. ഇന്ന്, സഭ നേരിടുന്ന ക്രൈസ്തവപീഡനങ്ങള്‍, രോഗങ്ങളാല്‍ വലയുന്നവരുടെ വേദനകള്‍, പ്രതിസന്ധികള്‍ ഇവയെല്ലാം ഏറ്റെടുക്കുന്ന ഈശോ ആ മുറിവുകളുമായി ദൈവത്തിന്റെ മുമ്പില്‍ നില്‍ക്കുകയും അവയിലേക്ക് കരുണ വര്‍ഷിക്കുകയും ചെയ്യുന്നു. പാപ്പാ കൂട്ടിച്ചേര്‍ത്തു.

വിശുദ്ധ ഫൗസ്റ്റീനയുടെ വിശുദ്ധപദവി പ്രഖ്യാപനത്തോടനുബന്ധിച്ച് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ ആണ് ദൈവകരുണയുടെ ഞായറാഴ്ച ആചരണം തുടങ്ങിവച്ചത്. 2000 മുതല്‍ എല്ലാ വര്‍ഷവും ഈസ്റ്റര്‍ കഴിഞ്ഞുള്ള ഞായറാഴ്ച ദൈവകരുണയുടെ ഞായറായി ആചരിച്ചുവരുന്നു.