യാത്രയായത് ദൈവത്തിന്റെയും മനുഷ്യരുടെയും സ്‌നേഹിതന്‍

മരണമടഞ്ഞ ഫാ. അബ്രഹാം മൊളോപ്പറമ്പില്‍ MCBS ലൈഫ് ഡേ -യുടെ സുഹൃത്തും സഹകാരിയുമായിരുന്നു. എല്ലാ ദിവസവും ലൈഫ് ഡേ -യുടെ ഓഫീസ് സന്ദര്‍ശിക്കുകയും സ്റ്റാഫ്‌ അംഗങ്ങള്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്ന അച്ചന്റെ വിയോഗം വലിയ നഷ്ടമാണ്. ലൈഫ് ഡേ -യിലേയ്ക്ക് വരുന്ന പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ മൊളോപ്പറമ്പിലച്ചന്റെ നേതൃത്വത്തിലായിരുന്നു നിത്യാരാധനാ ചാപ്പലില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചിരുന്നത്. മഹാനായ ആ സന്യാസപുരോഹിതന്റെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ആദരവ്!

“കഴിഞ്ഞ ജീവിതത്തിലേയ്ക്ക് തിരിഞ്ഞുനോക്കിയാല്‍ ദൈവം എന്റെമേല്‍ നിരവധി അനുഗ്രഹങ്ങള്‍ കോരിച്ചൊരിഞ്ഞതായും എന്നെ പ്രത്യേകം പരിപാലിച്ചതായും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ഞാന്‍ എന്താകുന്നുവോ അത് ദൈവാനുഗ്രഹത്താലാണ് എന്ന് പൗലോസ് ശ്ലീഹായോട് ചേര്‍ന്ന് എനിക്ക് പറയാന്‍ കഴിയും.” 2014-ല്‍ പ്രസിദ്ധീകരിച്ച ‘ദൈവം കൂടെ നടന്നപ്പോള്‍’ എന്ന തന്റെ ആത്മകഥയുടെ തുടക്കത്തില്‍ ബഹുമാനപ്പെട്ട അബ്രഹാം മൊളോപ്പറമ്പിലച്ചന്‍ ഇങ്ങനെ എഴുതിയിരുന്നത് സത്യമായിരുന്നുവെന്ന് അച്ചനെ അറിയാവുന്ന എല്ലാവരും ഒരേ സ്വരത്തില്‍ പറയും.

തന്റെ ജീവിതത്തിലെ ഓരോ കാല്‍വയ്പ്പിലും ദൈവം കൂടെ നടപ്പുണ്ടായിരുന്നു എന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. സത്യത്തില്‍, ജനനം മുതല്‍ ഇന്നു വരെയുള്ള ജീവിതത്തില്‍ അച്ചനും ദൈവത്തോടൊപ്പം നടക്കുകയായിരുന്നു. “മൊളോപ്പറമ്പിലച്ചന്റെ ആത്മകഥ എം.സി.ബി.എസ്. കോണ്‍ഗ്രിഗേഷന്റെ ചരിത്രം കൂടിയാണ്” എന്ന് പാലാ രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, അച്ചന്റെ ആത്മകഥയുടെ അവതാരികയില്‍ പറഞ്ഞത് ഒരു പരിധിവരെ സത്യമാണ്. ദൈവത്തോടൊപ്പം നടന്ന ആ ജീവിതം നമുക്കൊരു പാഠപുസ്തകവും മനോഹരമായ മാതൃകയുമാണ്.

പാലാ രൂപതയിലെ പൂവരണി പാറേക്കാട്ടില്‍ – മൊളോപ്പറമ്പില്‍ കുടുംബത്തില്‍ വര്‍ക്കി – അന്നമ്മ ദമ്പതികളുടെ എട്ടാമത്തെ മകനായി 1936 ജനുവരി 22-നായിരുന്നു ഫാ. അബ്രഹാം മൊളോപ്പറമ്പിലിന്റെ ജനനം. കുഞ്ഞുകുട്ടി, തൊമ്മച്ചന്‍, ഔസേപ്പച്ചന്‍, ഏലിക്കുട്ടി, കുഞ്ഞന്നാമ്മ, ത്രേസ്യാമ്മ, മാമ്മിക്കുട്ടി എന്നിവരായിരുന്നു മൂത്ത സഹോദരങ്ങള്‍. അവിരാച്ചന്‍ എന്നായിരുന്നു വീട്ടുകാരും പ്രിയപ്പെട്ടവരും വിളിച്ചിരുന്നത്. സ്‌കൂളിലെ പേര് എം.സി. അവിരാ. വിശുദ്ധ കുര്‍ബാനയോടുള്ള ഭക്തിയും സ്‌നേഹവും, ദിവ്യകാരുണ്യ മിഷനറി സഭയില്‍ ചേരാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

അങ്ങനെ 1956 ജൂണ്‍ 13-ന് അദ്ദേഹം കടുവാക്കുളത്തുള്ള എം.സി.ബി.എസ്. ആശ്രമത്തിലെത്തി സെമിനാരിക്കാരനായി ജീവിതം തുടങ്ങി. അന്ന് ദിവ്യകാരുണ്യ മിഷനറി സഭയ്ക്ക് സ്വന്തമായി മൈനര്‍ സെമിനാരി ഇല്ലാതിരുന്നതിനാല്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ പാറേല്‍ സെന്റ് തോമസ് മൈനര്‍ സെമിനാരിയിലായിരുന്നു ആദ്യകാല പഠനം. ബഹുമാനപ്പെട്ട ജോര്‍ജ് കാനാട്ടച്ചന്റെ കീഴില്‍, കൊല്ലാട് നോവിഷേറ്റ് ഭവനത്തില്‍ നവസന്യാസ പരിശീലനം നടത്തി. 1959 മെയ് 19-നായിരുന്നു ആദ്യ വ്രതവാഗ്ദാനം.

തുടര്‍ന്ന് ഫിലോസഫി – തിയോളജി പഠനങ്ങള്‍ മംഗലാപുരം സെന്റ് ജോസഫ് സെമിനാരിയില്‍. നിത്യ വ്രതവാഗ്ദാനം 1962 മെയ് 23-നായിരുന്നു. തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച വര്‍ഷങ്ങളായിരുന്നു മംഗലാപുരം സെമിനാരിയിലെ പരിശീലനകാലം എന്ന് മൊളോപ്പറമ്പില്‍ അച്ചന്‍ പലപ്പോഴും പറയുമായിരുന്നു. ജീവിതത്തിന്റെ ഭാഗമായി മാറിയ അച്ചടക്കവും കൃത്യനിഷ്ഠയും പ്രാര്‍ത്ഥനാശൈലിയും നേതൃത്വഗുണവും രൂപപ്പെട്ടത് അക്കാലത്തായിരുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും ഭാഗ്യമുള്ള ദിനമായി മൊളോപ്പറമ്പിലച്ചന്‍ കരുതിയിരുന്നത് അദ്ദേഹത്തിന്റെ പൗരോഹിത്യസ്വീകരണ ദിനത്തെയാണ്. 1966 ഫെബ്രുവരി രണ്ടിന് പരിശുദ്ധ ദൈവമാതാവിന്റെ സമര്‍പ്പണത്തിരുനാള്‍ ദിനത്തില്‍ അന്നത്തെ പാലാ രൂപതാ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പിതാവിന്റെ കൈവയ്പ്പു വഴി അദ്ദേഹം പുരോഹിതനായി അഭിഷിക്തനായി.

അദ്ദേഹത്തിന്റെ ആദ്യ പ്രവര്‍ത്തനരംഗം കൊല്ലാട് നോവിഷേറ്റ് ഭവനത്തിലെ പ്രൊക്കുറേറ്ററും നവസന്യാസികളുടെ കുമ്പസാരക്കാരനുമായിട്ടായിരുന്നു. 1967-ല്‍ മൊളോപ്പറമ്പിലച്ചന്‍ അതിരമ്പുഴ മൈനര്‍ സെമിനായിരിയിലെ ആത്മീയപിതാവും പ്രൊക്കുറേറ്ററുമായി. 1968-ല്‍ ഫാദര്‍ പ്രീഫെക്ടും പ്രൊക്കുറേറ്ററുമായി ആലുവാ സ്റ്റഡി ഹൗസിലേയ്ക്ക് യാത്രയായി. 1969-ല്‍ കൊല്ലാട് മൈനര്‍ സെമിനാരി ആക്കിയപ്പോള്‍ ആത്മീയപിതാവായി നിയമിതനായി. 1976 വരെ അദ്ദേഹം റെക്ടര്‍, സുപ്പീരിയര്‍, ചെറുപുഷ്പ ദൈവാലയത്തിന്റെ വികാരി എന്ന നിലയില്‍ അവിടെ ശുശ്രൂഷ ചെയ്തു. അക്കാലത്താണ് കടുവാക്കുളത്ത് ഇതിനു മുമ്പിലത്തെ ഇടവക ദൈവാലയം നിര്‍മ്മിക്കുന്നത്. 1976-77 കാലഘട്ടത്തില്‍ അദ്ദേഹം സത്‌ന മിഷനില്‍ മിഷനറിയായി ശുശ്രൂഷ ചെയ്തു.

1977-ല്‍ ഫാ. അബ്രഹാം മൊളോപ്പറമ്പില്‍ ദിവ്യകാരുണ്യ മിഷനറി സഭയുടെ സുപ്പീരിയര്‍ ജനറല്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി രണ്ടു തവണ അദ്ദേഹമായിരുന്നു സുപ്പീരിയര്‍ ജനറല്‍ – 1977 മുതല്‍ 1989 വരെ. ദിവ്യകാരുണ്യ മിഷനറി സമൂഹം, വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേയ്ക്കാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വളര്‍ന്നത്. 12 വര്‍ഷക്കാലം എം.സി.ബി.എസ്-ന്റെ സുപ്പീരിയര്‍ ജനറാളായി ശുശ്രൂഷ ചെയ്ത് ഏറ്റവുമധികം കാര്യങ്ങള്‍ സഭയ്ക്കും ദൈവജനത്തിനുമായി ചെയ്യാന്‍ ദിവ്യകാരുണ്യനാഥന്‍ അച്ചനെ പര്യാപ്തനാക്കി എന്നത് ഒരിക്കലും വിസ്മരിക്കാനാവുന്ന കാര്യമല്ല. ദിവ്യകാരുണ്യ മിഷനറി സമൂഹത്തെ നവീനവും വിശാലവുമായ അജപാലനമേഖലയിലേയ്ക്ക് നയിച്ച ശില്പി എന്ന ഖ്യാതി മൊളോപ്പറമ്പിലച്ചനു സ്വന്തമാണ്. ദിവ്യകാരുണ്യ മിഷനറി സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സംഭവങ്ങള്‍ – സമൂഹം പൊന്തിഫിക്കല്‍ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടതും കോണ്‍സ്റ്റിറ്റിയൂഷന്‍ നവീകരണവും – ഈ കാലഘട്ടത്തിലാണ്. സഭയുടെ സുവര്‍ണ്ണജൂബിലി ആഘോഷവും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നു.

ആലുവാ – ചുണങ്ങംവേലിയിലുള്ള ജനറലേറ്റ് ഭവനം, ഇപ്പോള്‍ ഭദ്രാവതി രൂപതയായി വളര്‍ന്നുനില്‍ക്കുന്ന ഷിമോഗ മിഷന്റെ തുടക്കം, രാജസ്ഥാന്‍ മിഷന്റെ തുടക്കം, മലയാറ്റൂരിലെ വൈദിക പ്രാര്‍ത്ഥനാമന്ദിരമായ സന്നിധാന തുടങ്ങിയവയൊക്കെ സംഭവിക്കുന്നത് ബഹു. മൊളോപ്പറമ്പിലച്ചന്‍ നേതൃസ്ഥാനത്തായിരുന്നപ്പോഴാണ്.

1985 മുതല്‍ 1988 വരെ അദ്ദേഹം കെ.സി.എം.എസ്. (കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സ്)-ന്റെ പ്രസിഡന്റായത് മറ്റ് സന്യാസ സമൂഹങ്ങളുമായുള്ള നല്ല ബന്ധത്തിനു കാരണമായി.

സുപ്പീരിയര്‍ ജനറല്‍ സ്ഥാനത്തിനുശേഷം 1990 മുതല്‍ 1995 വരെ നവസന്യാസ ഗുരുവായി, കാഞ്ഞിരപ്പള്ളി നോവിഷേറ്റ് ഭവനത്തില്‍ അച്ചന്‍ ശുശ്രൂഷ ചെയ്തു. 1995-97 കാലയളവില്‍ എമ്മാവൂസ് റീജിയന്റെ സുപ്പീരിയറായിരുന്നു മൊളോപ്പറമ്പിലച്ചന്‍. അക്കാലത്താണ് ചെങ്കോട്ട (തമിഴ്‌നാട്) മിഷന്‍ ആരംഭിക്കുന്നത്. അതിനുശേഷം കൊല്ലാട് തിയോളജി സ്റ്റഡി ഹൗസില്‍ മൂന്നു വര്‍ഷം റെക്ടറായിരുന്നു. വീണ്ടും 2000 മുതല്‍ 2002 വരെ നവസന്യാസ ഗുരുവായി കാഞ്ഞിരപ്പള്ളിയില്‍. 2002-ല്‍ അദ്ദേഹം എമ്മാവൂസ് പ്രൊവിന്‍സിലെ പ്രൊവിന്‍ഷ്യള്‍ കൗണ്‍സിലറായി – ഫസ്റ്റ് അസിസ്റ്റന്റും പ്രൊവിന്‍ഷ്യള്‍ ഹൗസിന്റെ അഡ്മിനിസ്‌ട്രേറ്ററും ആയി – ശുശ്രൂഷ ചെയതു.

അതിനെ തുടര്‍ന്ന്, ഒരു വര്‍ഷത്തേയ്ക്ക് ആലുവ സ്റ്റഡി ഹൗസില്‍ റെക്ടറായി നിയമിതനായി. പിന്നീടുള്ള മൂന്നു വര്‍ഷങ്ങള്‍ താമരശ്ശേരി സനാതന മേജര്‍ സെമിനാരിയിലെ സ്പിരിച്വല്‍ ഫാദറായിട്ടായിരുന്നു അച്ചന്റെ ശുശ്രൂഷ. ഇക്കാലയളവില്‍ അദ്ദേഹം രോഗബാധിതനായി. പക്ഷേ, അത്ഭുതകരമായി അതില്‍ നിന്നും അദ്ദേഹം മോചിതനായി. പിന്നീടുള്ള ജീവിതത്തെ ‘ദൈവം തന്ന രണ്ടാം ജന്മം’ എന്നാണ് തന്റെ ആത്മകഥയില്‍ അച്ചന്‍ തന്നെ വിശേഷിപ്പിക്കുന്നത്.

2009-ല്‍ മൊളോപ്പറമ്പിലച്ചന്‍ കടുവാക്കുളത്തെ നിത്യാരാധനാ ചാപ്പലിന്റെ ചാപ്ലിനായി നിയോഗിക്കപ്പെട്ടു. 2020 വരെ അച്ചനു തന്നെയായിരുന്നു നിത്യാരാധനാ ചാപ്പലിന്റെ  ഉത്തരവാദിത്വം. 2009 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ആദ്യവര്‍ഷം പ്രൊവിന്‍ഷ്യള്‍ ഹൗസിലെ അംഗവും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മദര്‍ ഹൗസിലെ അംഗവുമായിരുന്നു. ചാപ്ലയിന്‍ ആയിരുന്ന സമയത്തു തന്നെ 2012-13 വര്‍ഷങ്ങളില്‍ ഡിഗ്രി പഠിക്കുന്ന വൈദികാര്‍ത്ഥികളുടെ റെക്ടറായും 2013 മുതല്‍ അവരുടെ ആത്മീയപിതാവായും ശുശ്രൂഷ ചെയ്തു. ഇതിനോടൊപ്പം തന്നെ കടുവാക്കുളം ഇടവകയിലെ എല്ലാ ആത്മീയകാര്യങ്ങളിലും സഹായിക്കുകയും ചെയ്തിരുന്നു. നിത്യാരാധനാ ചാപ്പലില്‍ ഓരോ ദിവസവും അദ്ദേഹം നിരവധി മണിക്കൂറുകള്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചിരുന്നു; അനേകരെ ദിവ്യകാരുണ്യ സന്നിധിയിലേയ്ക്ക് ആനയിച്ചിരുന്നു; അനേകരുടെ ആവശ്യങ്ങള്‍ മദ്ധ്യസ്ഥപ്രാര്‍ത്ഥനയിലൂടെ ദിവ്യകാരുണ്യസന്നിധിയിലേയ്ക്ക് ഉയര്‍ത്തിയിരുന്നു.

മദര്‍ ഹൗസിലായിരുന്ന കാലങ്ങളില്‍ ചെറുതും വലുതുമായ നിരവധി രോഗങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. എങ്കിലും തന്റെ സമൂഹജീവിതത്തിലെ ക്രമങ്ങള്‍ക്കോ, തന്നെ ഏല്‍പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ക്കോ യാതൊരു കുറവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. നിറപുഞ്ചിരിയോടെ എല്ലാവരോടും സംസാരിക്കുകയും ക്ഷേമാന്വേഷണങ്ങള്‍ നടത്തുകയും എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

മാര്‍ച്ച് മാസത്തില്‍ കോവിഡ്-19 എങ്ങും പടര്‍ന്നുപിടിച്ചപ്പോള്‍ നിത്യാരാധനാ ചാപ്പല്‍ അടച്ചു. പക്ഷേ, എല്ലാ ദിവസവും എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മൊളോപ്പറമ്പിലച്ചന്‍ അതിനുള്ളില്‍ ഉണ്ടായിരുന്നു. ആ ചാപ്പലില്‍ തന്നെയായിരുന്നു അച്ചന്‍ ബലിയര്‍പ്പിച്ചിരുന്നതും.

2020 സെപ്റ്റംബര്‍ 14-നും അച്ചന്‍ ബലിയര്‍പ്പിച്ചതും അവിടെത്തന്നെ. അന്ന് വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ആയിരുന്നു. അന്നു രാവിലെ, പണ്ട്, അമ്മ തനിക്കു നല്‍കിയ കാസയും പീലാസയും അച്ചന്‍ അന്വേഷിച്ചിരുന്നു. തുടര്‍ന്ന്, ചാപ്പലില്‍ ഇരുന്ന് സമൂഹത്തിന്റെ പൊതു കുര്‍ബാനയില്‍ സംബന്ധിച്ചു. അതിനുശേഷം ഉച്ചയ്ക്കു മുമ്പ്, ഏകദേശം 11.45-ന് അച്ചന്‍ തന്റെ കുര്‍ബാനയര്‍പ്പണം തുടങ്ങി. ആ ദിവസങ്ങളില്‍ അച്ചന്‍ ബലിയര്‍പ്പിച്ചിരുന്നത് ഉച്ചസമയത്തായിരുന്നു. ആ ബലിയുടെ അവസാനമാണ് അച്ചന്‍ കുഴഞ്ഞുവീഴുന്നത്. ബലിപീഠത്തിന്റെ വലതുവശത്ത് കൈപിടിച്ച് നിലത്തിരിക്കുന്ന അച്ചനെ അപ്പോള്‍ തന്നെ, ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ജോമോന്‍ കൊച്ചുകണിയാംപറമ്പിലച്ചന്‍ കണ്ടു. തുടര്‍ന്ന് നെല്‍സന്‍ മഠത്തില്‍ക്കണ്ടത്തിലച്ചനും ജോമോനച്ചനും കൂടി അച്ചനെ എഴുന്നേല്‍പ്പിച്ച് കസേരയില്‍ ഇരുത്തി. ഇതിനിടയില്‍, അച്ചന്‍ കയ്യില്‍ ജപമാല എടുത്തുപിടിച്ചു. അപ്പോഴേയ്ക്കും അച്ചന് സംസാരിക്കാന്‍ പറ്റാതായിരുന്നു. വിവരമറിഞ്ഞ സുപ്പീരിയര്‍ വിവേക് കളരിത്തറ അച്ചനും സാജു പൈനാടത്ത് അച്ചനും സഹായി ആയിരുന്ന സിനോജ് മാങ്കോയിയും ഓടിയെത്തി.

ഉടനെ തന്നെ അച്ചനെ കോട്ടയം മെഡിക്കല്‍ സെന്ററിലേയ്ക്ക് കൊണ്ടുപോയി. തലയ്ക്കുള്ളില്‍ രക്തസ്രാവമാണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.

15-ാം തീയതി രാവിലെ ഓപ്പറേഷന് സമയം നിശ്ചയിച്ചു. അതിനു മുമ്പേ, 14-ാം തീയതി രാത്രിയില്‍ മദര്‍ ഹൗസിന്റെ സുപ്പീരിയര്‍ ഫാ. വിവേക് കളരിത്തറ, മൊളോപ്പറമ്പിലച്ചന് രോഗീലേപനം നല്‍കി. ഫാ. സാജു പൈനാടത്ത്, ഫാ. ജെയ്‌മോന്‍ മുളപ്പഞ്ചേരി, ഫാ. റ്റിജോ മുണ്ടുനടയ്ക്കല്‍, ഫാ. നെല്‍സണ്‍ മഠത്തിക്കണ്ടം, ഫാ. ഫ്രാന്‍സിസ് ഇടക്കുടിയില്‍ എന്നിവരും അപ്പോള്‍ സന്നിഹിതരായിരുന്നു.

15-ാം തീയതി രാവിലെ 7.30-ന് ആരംഭിച്ച ഓപ്പറേഷന്‍ ഉച്ചയ്ക്ക് 12 മണി വരെ നീണ്ടുനിന്നു. ഓപ്പറേഷന്‍ വിജയകരമായിരുന്നെങ്കിലും ആറു മണിക്കൂറുകള്‍ക്കുശേഷം വീണ്ടും തലയ്ക്കുള്ളില്‍ മറുവശത്ത് രക്തസ്രാവം ആരംഭിച്ചു. അതോടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായി. തീവ്രപരിചരണ വിഭാഗത്തില്‍ തുടര്‍ന്ന അച്ചന്റെ ആരോഗ്യസ്ഥിതി 16, 17 തീയതികളില്‍ ഗുരുതരാവസ്ഥയിലെത്തി. സെപ്റ്റംബര്‍ 18-ാം തീയതി വൈകിട്ട് 7.45-ന് അച്ചന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞു. പറക്കും വിശുദ്ധന്‍ എന്നറിയപ്പെടുന്ന വി. കുപ്പൊര്‍ത്തീനായുടെ തിരുനാള്‍ ദിനത്തില്‍ അച്ചന്റെ ആത്മാവ് ദൈവസന്നിധിയിലേയ്ക്ക് പറന്നുയര്‍ന്നു.

14-ാം തീയതി അച്ചനെ ആശുപത്രിയിലേയക്ക് കൊണ്ടുപോകുമ്പോഴും അള്‍ത്താരയില്‍ തക്‌സ (വൈദികന്‍ ഉപയോഗിക്കുന്ന കുര്‍ബാന പുസ്തകം) തുറന്നിരിക്കുകയായിരുന്നു. സമാപന പ്രാര്‍ത്ഥനകളുടെ പേജായിരുന്നു തുറന്നിരുന്നത്. കുര്‍ബാനയിലെ സമാപന പ്രാര്‍ത്ഥനയായിരുന്നു ഒടുവില്‍ അച്ചന്റെ നാവില്‍ നിന്ന് ഉയര്‍ന്നത്! ഒരു പുരോഹിതനെ സംബന്ധിച്ചിടത്തോളം ഏറ്റവും മഹോന്നതമായ കാര്യം! കുര്‍ബാനയിലെ അവസാന പ്രാര്‍ത്ഥന, ജീവിതത്തിലെ അവസാനത്തെ വാക്കുകളായി മാറുന്നത് ജീവിച്ച ജീവിതത്തിന്റെ പുണ്യമല്ലാതെ മറ്റെന്താണ്!

“എന്റെ ജീവിതത്തിലെ ഏറ്റവും ഭാഗ്യപ്പെട്ട ദിനമായിരുന്നു പൗരോഹിത്യ സ്വീകരണദിനം” എന്നാണ് മൊളോപ്പറമ്പിലച്ചന്‍ തന്റെ ആത്മകഥയില്‍ എഴുതിയിരിക്കുന്നത്. അത്രമാത്രം ദിവ്യകാരുണ്യത്തെയും കുര്‍ബാനയര്‍പ്പണത്തെയും അദ്ദേഹം സ്‌നേഹിച്ചിരുന്നു. ആ ജീവിതം മുഴുവന്‍ നിറഞ്ഞുനിന്നിരുന്നത് ദിവ്യകാരുണ്യ ചൈതന്യമായിരുന്നെന്ന് നിസ്സംശയം പറയാം.

വിശുദ്ധ കുര്‍ബാനയുടെ സമൃദ്ധി ജീവിതത്തില്‍ പകര്‍ന്നാടിയ വ്യക്തിത്വമായിരുന്നു മൊളോപ്പറമ്പിലച്ചന്റേത്. താന്‍ ആയിരുന്ന ആശ്രമങ്ങളിലും ബന്ധപ്പെട്ട വ്യക്തികളിലും ആ സമൃദ്ധി അദ്ദേഹം പകര്‍ന്നുനല്‍കി.

പഠിപ്പിക്കുക, വിശുദ്ധീകരിക്കുക, നയിക്കുക എന്നീ മൂന്നു പൗരോഹിത്യധര്‍മ്മങ്ങളും അതിന്റെ പൂര്‍ണ്ണതയില്‍ ജീവിച്ച ഉത്തമ സന്യാസവൈദികനായിരുന്നു മൊളോപ്പറമ്പിലച്ചന്‍. അജപാലനശുശ്രൂഷയെ ആത്മാര്‍ഥമായി സ്‌നേഹിച്ചിരുന്നു അദ്ദേഹം. ബലിപീഠവും കുമ്പസാരക്കൂടുമായിരുന്നു അച്ചന്റെ ഏറ്റവും പ്രധാനപ്പെട്ട ശുശ്രൂഷാ ഇടങ്ങള്‍. ദിവ്യകാരുണ്യ മിഷനറി സഭ കേരളസഭയ്ക്കു സമ്മാനിച്ച ഏറ്റവും ഉത്തമനായ  അജപാലകരില്‍ ഒരുവനായിരുന്നു ഈ  സന്യാസവൈദികന്‍. വിശുദ്ധ കുമ്പസാരത്തിനായി എം.സി.ബി.എസ്. മാതൃഭവനത്തില്‍ സദാ സംലഭ്യനായിരുന്ന മോളോപ്പറമ്പിലച്ചന്‍ ആര്‍സിലെ വികാരിയെപ്പോലെ അനേകരുടെ പ്രിയ കുമ്പസാരക്കാരനായിരുന്നു.

നീണ്ട 12 വര്‍ഷക്കാലം സഭയുടെ സുപ്പീരിയര്‍ ജനറാളായിരുന്ന മൊളോപ്പറമ്പിലച്ചന്‍ ആ കാലഘട്ടത്തെപ്പറ്റി തന്റെ ആത്മകഥയില്‍ ഇപ്രകാരം കുറിക്കുന്നു: “സുപ്പീരിയര്‍ ജനറല്‍ എന്ന നിലയിലുള്ള എന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി ഓര്‍ക്കുമ്പോള്‍, നല്ലവനായ ദൈവം വളരെ അധികം കാര്യങ്ങള്‍ ചെയ്യാന്‍ എന്നെ ഉപകരണമാക്കി എന്നു വിശ്വസിക്കാനാണ് ഇഷ്ടം. ദൈവാനുഗ്രഹവും സഭാംഗങ്ങളുടെ സഹകരണവും ഒന്നുചേര്‍ന്നപ്പോള്‍ ഏറെ മുന്നേറ്റങ്ങള്‍ ഉണ്ടായി.” തന്നിലൂടെ സംഭവിച്ച എല്ലാ നന്മകള്‍ക്കും കാരണമായി അദ്ദേഹം വിരല്‍ ചൂണ്ടുന്നത് ദൈവത്തിലേയ്ക്കായിരുന്നു.

ഉത്തരവാദിത്വങ്ങള്‍ സ്വീകരിക്കുന്നതില്‍ മൊളോപ്പറമ്പിലച്ചന്‍ സ്വീകരിച്ച നയം എല്ലാ സമര്‍പ്പിതര്‍ക്കും എക്കാലത്തും മാതൃകയാണ്: “സഭയ്ക്ക് ആവശ്യമുള്ള, എനിക്ക് ചെയ്യാന്‍ സാധിക്കുന്ന ഏതു ജോലിയും ഞാന്‍ ചെയ്യാം” എന്നായിരുന്നു അദ്ദേഹത്തിന്റെ തുറന്ന മനസ്.

ആരുടേയും കുറ്റം പറയാത്ത അപൂര്‍വ വ്യക്തിത്വമായിരുന്നു അച്ചന്റേത്. എല്ലാവരെയും പ്രോത്സാഹിപ്പിക്കാനും എല്ലാവരുടെയും നന്മകള്‍ തിരിച്ചറിയാനും അസാമാന്യമായ കഴിവ് അച്ചനുണ്ടായിരുന്നു. തലമുറകളെ ബന്ധിപ്പിക്കുന്ന സൗഹൃദത്തിന്റെ കണ്ണിയായിരുന്നു മൊളോപ്പറമ്പിലച്ചന്‍. കൊച്ചുകുട്ടികള്‍ തുടങ്ങി വാര്‍ദ്ധക്യത്തിലെത്തിയവരെ വരെ കയ്യിലെടുക്കാന്‍ അധാസാരണമായ സംവേദനശേഷി അച്ചനുണ്ടായിരുന്നു. സമ്മാനങ്ങളായി ജപമാലകളും ലോക്കറ്റുകളും വിശുദ്ധരുടെ ചിത്രങ്ങളും മധുരപലഹാരങ്ങളും നല്‍കുന്ന അച്ചന്റെ ചിത്രം ആരുടേയും മനസ്സില്‍ നിന്ന് മാഞ്ഞുപോകില്ല.

അതിഥിസല്‍ക്കാരത്തിലും ആശ്രമങ്ങളിലെ ജോലിക്കാരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിലും ഒരു പുതിയ സംസ്‌കാരം അച്ചന്‍ വെട്ടിത്തുറന്നു. ഭൗതികമായും ആത്മീയമായും അച്ചന്റെ സഹായങ്ങള്‍ സ്വീകരിച്ചവരുടെ എണ്ണം വളരെയധികം ആയിരിക്കും. (ഫാ. ജെയ്സണ്‍ കുന്നേല്‍ mcbs, ഗുരുവച്ചന്‍ സ്വഭവനത്തിലേയ്ക്കു തിരികെ പോകുമ്പോള്‍, 2020).

തീക്ഷ്ണതയുള്ള ദിവ്യകാരുണ്യ പ്രേഷിതന്‍, ഉത്തമനായ അജപാലകന്‍, മാതൃകാപരമായ ജീവിതം നയിച്ച സന്യാസപരിശീലകന്‍, ജ്ഞാനിയായ പുരോഹിതശ്രേഷ്ഠന്‍ എന്നീ നിലകളിലെല്ലാം മൊളോപ്പറമ്പിലച്ചന്‍ നമുക്ക് പരിചിതനാണ്.

കൊല്ലാടുമായി – കടുവാക്കുളവുമായി – മൊളോപ്പറമ്പിലച്ചന് വളരെ പ്രത്യേകമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ആദ്യമായി, എം.സി.ബി.എസ്-ല്‍ ചേരാന്‍ വന്നത് കടുവാക്കുളത്താണ്. നോവിഷേറ്റ് കടുവാക്കുളത്തായിരുന്നു. 1977-ല്‍ സുപ്പീരിയര്‍ ജനറല്‍ ആയി തിരഞ്ഞെടുക്കപ്പെടുന്നത് കടുവാക്കുളം ആശ്രമത്തില്‍ വച്ചു നടന്ന ജനറല്‍ ചാപ്റ്ററില്‍ വച്ചാണ്. വിവിധ കാലങ്ങളിലായി തന്റെ പൗരോഹിത്യജീവിതത്തിന്റെ 25 വര്‍ഷങ്ങളോളം അച്ചന്‍ ചിലവഴിച്ചത് കടുവാക്കുളത്തായിരുന്നു. എം.സി.ബി.എസ്-ലെ മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത പ്രത്യേകതയാണിത്.

കടുവാക്കുളം തന്നെ ബഹു. മൊളോപ്പറമ്പിലച്ചന്റെ അവസാന ബലിയര്‍പ്പണത്തിനു വേദിയായി. ഇപ്പോള്‍ അച്ചന്റെ അന്തിമശുശ്രൂഷകള്‍ക്ക് സാക്ഷ്യം വഹിക്കുന്നതും കടുവാക്കുളം എന്നത്, പണ്ടേ നിശ്ചയിക്കപ്പെട്ട ദൈവികപദ്ധതിയുടെ പൂര്‍ത്തീകരണമായി നമുക്ക് കരുതാം.

“അങ്ങകലെ ഇരിക്കുന്ന ദൈവമല്ല നമ്മുടേത്; നമ്മുടെ ഒപ്പം ഒരു കൂട്ടുകാരനായി കൂടെ നടക്കുന്ന ദൈവമാണ് നമ്മുടേത്”  എന്ന് മൊളോപ്പറമ്പിലച്ചന്‍ പറയുമായിരുന്നു. ദൈവത്തെ തന്റെ ഏറ്റവും അടുത്ത സ്‌നേഹിതനായി കരുതാന്‍ മാത്രമുള്ള ബന്ധം അച്ചനുണ്ടായിരുന്നു. സത്യമായും അദ്ദേഹം ദൈവത്തിന്റെയും മനുഷ്യരുടെയും ഉത്തമസ്‌നേഹിതനായിരുന്നു. ഭൂമിയിലുള്ള തന്റെ സ്‌നേഹിതരോട് യാത്ര പറഞ്ഞ് അദ്ദേഹം ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലെ സ്‌നേഹിതന്റെ അടുത്തേയ്ക്ക് യാത്രയായിരിക്കുന്നു.

ബഹുമാനപ്പെട്ട മൊളോപ്പറമ്പിലച്ചാ, ഭൂമിയിലെ സ്‌നേഹിതരോടൊത്തുള്ള അങ്ങയുടെ യാത്ര ഏറ്റവും ഫലദായകവും മഹത്തരവും എന്നും ഓര്‍മ്മകളില്‍ നിലനില്‍ക്കുന്നതുമാണ്. വഴിയും വിളക്കുമായി അങ്ങ് ഞങ്ങളുടെ യാത്രയ്ക്ക് ദിശാബോധവും വെളിച്ചവും നല്‍കി. ഞങ്ങളുടെ ആവശ്യങ്ങള്‍ക്കായി, അങ്ങ് രാപ്പകല്‍ ദിവ്യകാരുണ്യത്തിനു മുമ്പില്‍ ചിലവഴിച്ചു. ഞങ്ങളുടെ പ്രതിസന്ധിയില്‍, അങ്ങ് അതിജീവനത്തിന്റെ സന്ദേശം നല്‍കി. ഞങ്ങളുടെ വീഴ്ചകളില്‍, അങ്ങ് കൈപിടിച്ചു നടത്തി. സമസ്ത മേഖലകളിലും അങ്ങ് ദിവ്യകാരുണ്യ മിഷനറി സഭയുടെ മുഖമായിരുന്നു. അങ്ങ് ഞങ്ങളുടെ അഭിമാനത്തിന്റെയും ആത്മീയതയുടെയും അടയാളമായിരുന്നു. അങ്ങയുടെ ഓര്‍മ്മ എക്കാലവും ഞങ്ങള്‍ക്കിടിയില്‍ നിലനില്‍ക്കും. കാരണം, അങ്ങ് അത്രമാത്രം ഞങ്ങളെ ഓരോരുത്തരെയും സ്‌നേഹിച്ചിരുന്നു, സഹായിച്ചിരുന്നു, സ്വാധീനിച്ചിരുന്നു.

വന്ദ്യപുരോഹിതാ, ദിവ്യകാരുണ്യ മിഷനറി സമൂഹാംഗങ്ങളുടെയും മൊളോപ്പറമ്പില്‍ കുടുംബാംഗങ്ങളുടെയും അങ്ങയുടെ ശുശ്രൂഷ സ്വീകരിച്ച എല്ലാവരുടെയും ഓര്‍മ്മകളിലും പ്രാര്‍ത്ഥനയിലും അങ്ങ് എക്കാലവും ജ്വലിച്ചുനില്‍ക്കുന്ന ഒരു ദീപമായി മാറട്ടെ. ആത്മാര്‍ത്ഥമായ ആദരവോടെ അങ്ങേയ്ക്ക് യാത്രാമൊഴി!

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.