ദയാബായിയുടെ ക്രിസ്തു മാര്‍ഗം

ദയാബായിയെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ കുറവാണ്‌. ക്രിസ്തുവിനെ ആദിവാസികള്‍ക്കിടയില്‍ പ്രഘോഷിക്കുന്ന അവരുടെ ജീവിതം ഒരു വിസ്മയമാണ്. പാലയില്‍ ജനിച്ചുവളര്‍ന്ന മേഴ്‌സി മാത്യു ഇന്ന് ലോകം അറിയുന്ന ദയാബായി ആയി മാറിയ ആ കഥ ആവേശോജ്വലമാണ്.

ദയാബായിയുടെ പഴയ പേര് മേഴ്‌സിയെന്നാണ്.  മലയാളത്തില്‍ ദയയെന്ന് അര്‍ത്ഥം . ലോകത്തിന് ദയയുടെ പര്യായമാണ് ഇപ്പോള്‍ ദയാബായി. ക്രിസ്തീയതയുടെ സുന്ദര സുവിശേഷമാണ്  ദയാബായി.

4 മക്കളില്‍ മൂത്തവള്‍ 

ദയ ജനിച്ചത് ദരിദ്രയായല്ല. വീട്ടില്‍ നിറയെ പണിക്കാര്‍. ജന്മികുടുംബമായിരുന്നു. നാല് തലമുറ ഒന്നിച്ച് താമസിക്കുന്നിടം. 14 മക്കളില്‍ മൂത്തവളായി 1941-ല്‍ ജനിച്ചു. ഇരട്ടകുട്ടികളിലൊരുവള്‍. കൂടെപ്പിറന്നത് അനുജന്‍. സ്വാതന്ത്ര്യസമരവും പൊതുപ്രവര്‍ത്തനവുമായി സജീവമായിരുന്നു പപ്പ. എപ്പോഴും സമര യാത്രകള്‍. ഇരട്ടകളില്‍ അനുജന്‍ അമ്മയോടൊപ്പവും മേഴ്‌സിയെന്ന അന്നത്തെ ദയ പപ്പയ്‌ക്കൊപ്പവുമാണ് ഉറങ്ങുന്നത്. ഉറങ്ങാന്‍ പപ്പയോട് ചേര്‍ന്നു കിടക്കുമ്പോള്‍ ജയിലിലെയും സ്വാതന്ത്ര്യസമരത്തിന്റെയുംകഥകളാണ് മകള്‍ക്കായി ആ പിതാവ് പറഞ്ഞു കൊടുക്കുന്നത്. അത് കേള്‍ക്കെ, ആ കുഞ്ഞിപ്രായത്തിലെ മേഴ്‌സി തീരുമാനിച്ചു- അതുപോലെ സാഹസികമായ എന്തെങ്കിലും ചെയ്യണം.

പപ്പയുടെ സഹോദരിമാര്‍ കന്യാസ്ത്രീകളായുണ്ട്. പക്ഷേ അവരാരും മഠത്തില്‍ ചേരാനൊന്നും പറഞ്ഞിരുന്നില്ല. അങ്ങനെ ഒരാഗ്രഹം മേഴ്‌സിക്കും ഇല്ലായിരുന്നു. പള്ളിയില്‍ പോകും പ്രേക്ഷിതനടക്കമുള്ള പ്രസിദ്ധീകരണങ്ങള്‍ വായിക്കും. പ്രേക്ഷിതനില്‍ നിന്നാണ് ആ പാട്ട് മേഴ്‌സി പഠിച്ചത്- ‘കാറ്റും മഞ്ഞും വെയിലും മഴയും കൂട്ടാക്കാതെ പോരൂ.’ ആ പാട്ട് ഹൃദയത്തില്‍ വന്നു വിളിച്ചു. മേഴ്‌സി വീട് വിട്ട് പതിനാറാം വയസില്‍ ബീഹാറിലെ ഹസാരിബാഗിലെ ഹോളിക്രോസ് കോണ്‍വെന്റിലെത്തി. നനഞ്ഞൊലിച്ച് ആദിവാസികള്‍ കിലോമീറ്ററുകള്‍ താണ്ടി കുര്‍ബ്ബാനയ്‌ക്കെത്തുന്ന സ്ഥലം. സ്വന്തം പറമ്പില്‍ പണിയെടുക്കുന്ന കര്‍ഷകതൊഴിലാളികളായ മനുഷ്യരുടെ ദയനീയത കണ്ടിട്ടുള്ള മേഴ്‌സിക്ക് അതിലും ദയനീയരായ മനുഷ്യരെ കണ്ടപ്പോള്‍ സങ്കടം വന്നു. മേഴ്‌സി അവരിലേയ്ക്ക് വിളിക്കപ്പെട്ടു- അവരുടെ തോട്ടക്കാരിയായി എന്നെ വിടൂ എന്ന് മേഴ്‌സി മദര്‍ സുപ്പീരിയറിനോട് അഭ്യര്‍ത്ഥിച്ചു. അവരിലേയ്ക്കിറങ്ങാന്‍ മഠത്തില്‍ നിന്നിറങ്ങിയ ശേഷം വിശ്രമിച്ചിട്ടില്ല മേഴ്‌സി.

ഒറ്റയാള്‍ പോരാട്ടം

ബീഹാറിലെ പലാമ ജില്ലയിലെ ഗോത്രവര്‍ഗ്ഗ മേഖലയില്‍ അധ്യാപികയായി ഒറ്റയാള്‍ പോരാട്ടം ആരംഭിച്ചു. ബിഎസ്‌സി എഴുതിയെടുത്തു. അധ്യാപനം തുടര്‍ന്നതിനു ശേഷം കേരളത്തിലെത്തി അനാഥാലയത്തില്‍ ജോലി ചെയ്തു. അപ്പോഴാണ് ബംഗ്ലാദേശ് യുദ്ധത്തിലെ ഇരകളായ അഭയാര്‍ത്ഥികള്‍ക്കിടയില്‍ ജോലി ചെയ്യാന്‍ തീരുമാനിച്ചത്. യുദ്ധമേഖലയിലേയ്ക്ക് പോവുകയോ – അരുതെന്ന് എല്ലാവരും പറഞ്ഞു. പപ്പയോ അമ്മയോ ഇരട്ടസഹോദരനോ എതിര്‍ത്തില്ല. അതവളുടെ തീരുമാനമാണ്, അത് നടപ്പാകാതെ അവള്‍ മരിച്ചു പോയാല്‍ ആ സങ്കടം സഹിക്കാനാവില്ലെന്ന് പറഞ്ഞ് അവര്‍ കൂടെ നിന്നു. മേഴ്‌സി ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളുള്ള ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തി. വസൂരിയും കോളറയും ബാധിച്ച മനുഷ്യരെ ശുശ്രൂഷിക്കാനാണ് ആരുമില്ലാതിരുന്നത്. വിദേശികളായ ചിലരോടൊപ്പം ഓലക്കുടിലുകളില്‍ ആ രോഗികള്‍ക്കൊപ്പം താമസിച്ചു. ബംഗ്ലാദേശിലേയ്ക്ക് സേവനത്തിനായി പോയെങ്കിലും ഇന്ത്യാക്കാരെ സംശയത്തോടെ കാണുന്ന അക്കാലത്ത് അവിടെ തങ്ങിയില്ല.

മൂംബൈയിലേയ്ക്ക് മടങ്ങി എംഎസ്ഡബ്ല്യുവിന് ചേര്‍ന്നു. പഠനം പൂര്‍ത്തിയാക്കാതെ വീണ്ടും അലച്ചിലിന്റെ എട്ടുവര്‍ഷം. തയ്യലും അഭയാര്‍ത്ഥി ക്യാംപുകളിലുമായി ജീവിതം കൂടുതല്‍ സേവനനിരതമായി. അതിനിടയില്‍ മദര്‍ തെരേസയുടെ സംഘത്തിലും.

നിര്‍മ്മല നികേതനില്‍ വീണ്ടും എംഎസ്ഡബ്ല്യുവിന് ചേര്‍ന്ന ശേഷം ഫീല്‍ഡ് വര്‍ക്കിനായാണ് മധ്യപ്രദേശിലെത്തിയത്. പതിനൊന്നാം നൂറ്റാണ്ടില്‍ രാജഭരണമുണ്ടായിരുന്ന ആദിവാസി വിഭാഗമായിരുന്നു ഗോണ്ടുകള്‍. ഇവരോട് കൂടുതല്‍ അടുത്തപ്പോഴാണ് കുളിക്കാന്‍ അവര്‍ സോപ്പല്ല മണ്ണാണ് ഉപയോഗിക്കുന്നതെന്ന് മനസിലായത്. അതോടെ സോപ്പും പേസ്റ്റുമെല്ലാം ദയയും ഉപേക്ഷിച്ചു. മധ്യപ്രദേശില്‍ ആദ്യം താമസിക്കാന്‍ ഇടം കിട്ടിയത് ഒരു വിധവയ്‌ക്കൊപ്പമാണ്. മുംബൈയില്‍ നിന്നുവന്ന പരിഷ്‌ക്കാരിയോട് ആദിവാസികള്‍ അടുക്കില്ല. അവരോടടുക്കാന്‍ അവരുടെ വേഷവും ഭാഷയും സ്വീകരിക്കണമെന്ന് ദയ തീരുമാനിച്ചു. പെട്ടെന്നൊന്നും പുറത്തുനിന്നുള്ളവരെ ഉള്‍ക്കൊള്ളാത്ത മനുഷ്യര്‍.

ആദിവാസികളുടെ ഗോയി

അങ്ങനെയിരിക്കെ ഒരു ദിവസം ഒരു പുരുഷന്‍ ദയയുടെ അടുത്തെത്തി. ഭാര്യ ഗര്‍ഭിണിയാണെന്നും ഇത്തിരി തേയില വേണമെന്നുമായിരുന്നു ആവശ്യം. തേയില കൊടുത്തശേഷം അയാളോട് താനും കൂടെ വന്നോട്ടെ എന്ന് ചോദിച്ചു. ഇരുന്നാണ് അവിടെ സ്ത്രീകള്‍ പ്രസവിക്കുന്നത്. അവിടെ പോയി മറ്റു സ്ത്രീകള്‍ക്കൊപ്പമിരുന്ന് കാ ലും പുറവും തടവി മേഴ്‌സിയും ഒപ്പം ചേര്‍ന്നു. ആ സ്ത്രീ പ്രസവശേഷം പറഞ്ഞു, മേഴ്‌സി അവരുടെ ഗോയിയാണെന്ന്. എന്തോ ഒരു വിളിപ്പേരാണെന്നാണ് കരുതിയത്. പക്ഷേ, പിന്നീടാണ് മനസിലായത് സഖിയെന്നാണ് അതിനര്‍ത്ഥം. ഓരോ പെണ്ണിനും ഗോയിയുണ്ട്. അത് സാമൂഹികാംഗീകാരമുള്ള ഒരു സ്ഥാനമാണ്. കല്യാണം കഴിച്ചു പോകുമ്പോള്‍ ഗോയിയെ വിടപറയുന്നതിന് പ്രത്യേക ആചാരങ്ങള്‍ വരെയുണ്ട്. വൈകാതെ ദയാബായി മധ്യപ്രദേശിലെ ആദിവാസികളുടെ ഗോയിയായി. ഗോയി, എന്നതിലും സുന്ദരമായ മറ്റൊരു പദവും ദയയുടെ ജീവിതത്തിലില്ല. യേശുവും ഗാന്ധിയുമെല്ലാം ദയയ്ക്ക് ഗോയിയാണ്.

അങ്ങനെ ഓരോയിടത്തിനുമായി മേഴ്‌സി പേര് മാറ്റി. ബംഗ്ലാദേശില്‍ മേഴ്‌സി മോഷിയായി. മോഷിയെന്നാല്‍ ആന്റി. അവര്‍ക്ക് വിളിക്കാനുള്ള എളുപ്പത്തില്‍ കരുണയെന്നാക്കി. കരുണ എന്നവര്‍ വിളിച്ചു. ഹരിയാനയില്‍ സ്ത്രീനാമങ്ങള്‍ക്കൊപ്പം ‘മയി’യെന്ന് ചേര്‍ക്കും. അങ്ങനെ ദയാമയിയായി. മധ്യപ്രദേശില്‍ രക്തബന്ധമുള്ളവര്‍ തമ്മില്‍ വിളിക്കുന്നതാണ് ബായിയെന്ന്. അമ്മയും മകളും സഹോദരിമാരുമെല്ലാം പരസ്പരം സ്‌നേഹം ചേര്‍ക്കുന്നത് ബായി വിളിയിലൂടെയാണ്. മറ്റുള്ളവര്‍ ബായി എന്നു വിളിക്കുന്നത് അപമാനിച്ചാണ്. ദയയങ്ങനെ സ്‌നേഹവും അപമാനവും അനുഭവിക്കാന്‍ പേരിനൊപ്പം ബായി ചേര്‍ത്ത് ദയാബായിയായി.

പൊലീസുമായി ചേര്‍ന്ന് ആക്രമണം

മലയാളിയായ ദയാബായി, മധ്യപ്രദേശിലെ ഉള്‍ഗ്രാമങ്ങളിലെ ആദിവാസികളോടൊപ്പം താമസിച്ചും എംഎസ്ഡബ്യുവരെ ജയിച്ചിട്ടും ആ യോഗ്യതയ്ക്കനുസരിച്ചുള്ള ഏറെ ശമ്പളമുള്ള ജോലികള്‍ തേടിപ്പോകാതെ കൂലിപ്പണികള്‍ ചെയ്തു ഉപജീവനമാര്‍ഗ്ഗം കണ്ടെത്തി. വളരെ സാവധാനം ദയ തന്റെ സേവനങ്ങളും പോരാട്ടവും തുടങ്ങിവച്ചു. ആദിവാസികളെ വെട്ടിച്ച് കൂലി വെട്ടിക്കുന്നവര്‍ക്കെതിരെയായിരുന്നു ആദ്യ പോരാട്ടം. ഗുണ്ടകളടങ്ങിയിരുന്നില്ല. പൊലീസുമായി ചേര്‍ന്ന് ആക്രമണം തുടങ്ങി. അപ്പോഴേയ്ക്കും നിയമ ബിരുദവും നേടിക്കഴിഞ്ഞ ദയ മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തില്‍ ആദിവാസികള്‍ക്ക് നിയമവും അവകാശങ്ങളും കഥകളിലൂടെയും പാട്ടിലൂടെയും പഠിപ്പിച്ചു കൊടുത്തു. വ്യത്യസ്തമായ നിയമപാഠശാല. ഒരിക്കല്‍ സ്ത്രീധനപീഡനത്തിനെതിരെ പൊലീസ്‌റ്റേഷനിലെത്തി ആദിവാസികള്‍ക്കായി എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്യണമെന്നാവശ്യപ്പെട്ടതിന് ഒരു എസ്‌ഐ മുഷ്ടി ചുരുട്ടി ഇടിച്ചു, ദയയുടെ പല്ലുകളപ്പാടെ അടര്‍ന്നു തെറിച്ചു. ശാരീരികമായ ആക്രമങ്ങളില്‍ പലവട്ടം ചോര വീണിട്ടും ദയ ഭയന്നില്ല.

മണ്ണിനെ തൊടുന്ന ജീവിതം

അതിനെല്ലാം ശേഷമാണ് ഇപ്പോള്‍ താമസിക്കുന്ന ബാറൂളെന്ന ആദിവാസി ഗ്രാമത്തിലെത്തിയത്. കുടുംബവിഹിതമായി കിട്ടിയ തുകയ്ക്ക് ആരാലും വേണ്ടാത്ത രണ്ടേക്കര്‍ സ്ഥലം വാങ്ങി. ബായിക്കിതെന്താ വട്ടാണോയെന്ന് പലരും ചോദിച്ചു. ദയയവിടെ മഴവെള്ളം കെട്ടി നിര്‍ത്തി ഭൂമിയിലേയ്ക്ക് ആഴത്തിലിറക്കി രാസവള പ്രയോഗമില്ലാത്ത കൃഷി ചെയ്തു. ഭക്ഷണത്തില്‍ സ്വയംപര്യാപ്തത നേടി. ആക്രോശ് എന്ന നായയും ഗോരിയെന്ന പൂച്ചയും താറാവുകളും പശുക്കളുമെല്ലാമാണ് ആ വീട്ടില്‍ ദയയെ കൂടാതുള്ളത്.

ആദിവാസികള്‍ക്കായി സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരില്‍ നിര്‍ബന്ധം ചെലുത്തിയും ഇരകള്‍ക്കായി പൊലീസ് സ്‌റ്റേഷനുകളും കോടതികളും ഓഫീസുകളും കയറിയിറങ്ങിയും ഒരു ഗ്രാമത്തില്‍ നിന്ന് മറ്റൊരിടത്തേയ്ക്ക് കുതിരപ്പുറത്ത് സഞ്ചരിച്ചും ദയ, ഝാന്‍സി റാണിയായി. കരയേണ്ടപ്പോള്‍ കരഞ്ഞും ചിരിക്കേണ്ടപ്പോള്‍ ചിരിച്ചും രോഷം പ്രകടിപ്പിക്കേണ്ടപ്പോള്‍ രോഷാകുലയായി ദാരിദ്ര്യത്തെ അനുഭവിക്കുകയാണ് ദയ.

സ്ഥലം വാങ്ങി ദയ വീട് വച്ചപ്പോള്‍ അതിലെ ഒരു മരം എതിരാളികള്‍ ദയയറിയാതെ മുറിച്ചു, ശത്രുത തീര്‍ത്തതാണ്. ആ മരം ഇപ്പോഴും ദയയുടെ വീട്ടു മുറ്റത്ത് കിടപ്പുണ്ട്. മുളയും മണ്ണും കൊണ്ടാണ് ദയ വീടൊരുക്കിയത്.

മറ്റുള്ളവര്‍ക്ക് വേണ്ടി

കടത്തിണ്ണകളിലും കാത്തിരിപ്പ് കേന്ദ്രങ്ങളിലും ഉറങ്ങി ദയ ഇന്ത്യയിലൂടെ സഞ്ചരിക്കുകയാണ്. അറുപത് വര്‍ഷമായി ദയ ജീവിക്കുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയാണ്. പ്രായത്തിന്റെ യാതൊരു കിതപ്പുമില്ലാതെ ദയയുടെ ജീവിതം തുടരുകയാണ്. ഇടയ്ക്ക് കേരളത്തില്‍ വരും. കേരളത്തെ പറ്റി ദയയ്ക്ക് വലിയ പ്രതീക്ഷയില്ല. ”ഭരണഘടനയിലുള്ള വാഗ്ദാനങ്ങള്‍ പോലും ജനങ്ങള്‍ക്ക് ലഭിക്കാത്ത ഇടമായി കേരളം മാറുകയാണ്. അറിവുണ്ടെന്ന് പറഞ്ഞിട്ടെന്ത്, പ്രകൃതിയെ നശിപ്പിക്കുകയാണ് എല്ലാവരും. ഭയങ്കര ആര്‍ത്തിക്കാരാണ് മലയാളികള്‍. മാര്‍ക്കറ്റില്‍ വരുന്ന ആവശ്യമില്ലാത്ത സാധനങ്ങള്‍ വരെ ലക്ഷങ്ങള്‍ മുടക്കി വാങ്ങാന്‍ മടിയില്ലാത്തവര്‍. കോടികള്‍ മുടക്കി ആരാധനാലയങ്ങള്‍ പണിയുന്നവര്‍” – ദയാബായി പറയുന്നു.

ഇല്ല, ഒരിക്കലുമില്ല. ദയ കേരളത്തില്‍ സ്ഥിര താമസമാക്കില്ല. ദയയെ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് തീരുമാനിച്ചുറപ്പിച്ച മധ്യപ്രദേശിലെ ആദിവാസികള്‍ക്ക് ബായി അവരുടേതാണ്. അറുപത് വര്‍ഷമായി വീടു വിട്ട ദയ, ഒരു പാഴായ മരമല്ല. ചിലര്‍ക്ക് വീട് അകത്താണ്. ദയയെ പോലെ ചിലര്‍ക്കു മാത്രമാണ് വീട് പുറത്താകുന്നത്.

ഉണ്ണാനും ഉടുക്കാനുമില്ലാത്തവരുടെ സങ്കടം കാണാനാവുന്നത് ദൈവസ്വഭാവമാണ്. അതുകൊണ്ടാണ് പണ്ടൊക്കെ ബായിക്കിതെന്താ വട്ടാണോ എന്നു ചോദിച്ചിരുന്നവര്‍ പോലും ഞങ്ങളുടെ ഇടയില്‍ ദൈവം വന്നു പിറന്നു എന്നു കരുതുന്നു. ദയയ്ക്ക് പക്ഷെ ദൈവമില്ല. യേശുവിനെ സ്വന്തം ഗോയിയായി കാണുന്നു. എന്നിട്ട് പറയുന്നു, യേശു മനുഷ്യര്‍ക്കിടയില്‍ ജീവിച്ചയാളാണ്. ആ മനുഷ്യന്റെ പോരാട്ടങ്ങള്‍ക്ക് ദയാ ബായി നല്‍കുന്നത് പുതിയൊരു സുവിശേഷമാണ്.

ഇത്തരം ക്രിസ്തു ശിഷ്യര്‍ കൂടി ഇന്ന് ജീവിച്ചിരുപ്പുണ്ട് എന്ന് ഓര്‍ക്കുന്നത് നന്നാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.