ദളിത് ക്രൈസ്തവ സംവരണം പുനഃസ്ഥാപിക്കണം എന്ന് അൽമായ ഫോറം

ദളിത് ക്രൈസ്തവര്‍ക്ക് അരനൂറ്റാണ്ടു മുന്‍പ് നഷ്ടപ്പെട്ട സംവരണാനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും അതിനുള്ള വാഗ്ദാനം മുഖ്യധാരാ രാഷ്ട്രീയ മുന്നണികളുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്നും മൗണ്ട് സെന്റ് തോമസില്‍ ചേര്‍ന്ന അൽമായ ഫോറങ്ങളുടെ സമ്മേളനം ആവശ്യപ്പെട്ടു. ദീര്‍ഘകാലത്തെ പ്രക്ഷോഭത്തിന്റെ ഫലമായി സിക്ക് മുസ്ലിം ബുദ്ധ ദളിതരുടെ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിച്ചെങ്കിലും ദളിത് ക്രൈസ്തവരെ അവഗണിച്ചു. കേന്ദ്രസര്‍ക്കാര്‍ തലത്തിലുള്ള വിവിധ അന്വേഷണ പഠന കമ്മീഷനുകളുടെ ശിപാര്‍ശകള്‍ കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയും ഇക്കാലമത്രയും പരിഗണിച്ചിട്ടില്ല.

സങ്കുചിതമായ രാഷ്ട്രീയ താത്പര്യങ്ങള്‍ മാറ്റിവച്ചു കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കണം. രാഷ്ട്രീയ സമ്മര്‍ദം ശക്തമാക്കാന്‍ സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത് അൽമായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ.വി.സി. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.

അൽമായ ഫോറങ്ങളുടെ സെക്രട്ടറി അഡ്വ.ജോസ് വിതയത്തില്‍ അടുത്ത വര്‍ഷത്തെ വിവിധ ഫോറങ്ങളുടെ പ്രവര്‍ത്തനപദ്ധതികള്‍ അവതരിപ്പിച്ചു. ഷെവ.സിബി വാണിയപ്പുരയ്ക്കല്‍, വി.വി. അഗസ്റ്റിന്‍, അഡ്വ.റോയി ചാക്കോ, ഡോ.രാജു ആന്റണി, ഡെന്നി തോമസ്, സാബു ജോസ്, ജസ്റ്റിന്‍ മാത്യു, റാണി മത്തായി, മേരി എസ്തപ്പാന്‍, സെബാസ്റ്റ്യന്‍ വടശേരി, പി.എം.സണ്ണി, ബാബു പീറ്റര്‍, കെ.ഡി. ലൂയിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.