വിശുദ്ധ കുര്‍ബാനയും അനുദിനവചനവും: മാര്‍ച്ച് 10 മത്തായി 7:21-27

“വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യന് തുല്യനായിരിക്കും” (മത്തായി 7:24).

കൂടുതലായി ദൈവവചനം വായിക്കുകയും കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്ന കാലഘട്ടമാണ് അമ്പതുനോമ്പിന്റെ അവസരം. പിതാവിന്റെ വചനം കേട്ട് അനുസരിച്ചവനാണ് ഈശോ. മനുഷ്യരക്ഷ പിതാവിന്റെ വചനങ്ങളുടെ ലക്ഷ്യമായിരുന്നു. അതാണ് ഈശോയെ കുരിശുമരണം വരെ ഏറ്റെടുക്കുന്നതിലേക്ക് നയിക്കുന്നത്. എപ്പോഴും മനുഷ്യരോടു കൂടെയായിരിക്കണം എന്ന പിതാവിന്റെ ഇഷ്ടമായിരിക്കണം കുർബാനസ്ഥാപനത്തിലേക്ക് ഈശോയെ നയിച്ചത്.

ഇന്ന് പിതാവിന്റെ വചനങ്ങൾ കേൾക്കുവാൻ നമുക്ക് സാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വേദിയാണ് പരിശുദ്ധ കുർബാനയർപ്പണം. വചനശുശ്രൂഷയിൽ കേൾക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന വചനങ്ങൾ ജീവിതവഴികളിൽ പ്രാവർത്തികമാക്കി, സ്വർഗ്ഗരാജ്യം കൈവശമാക്കുന്ന വിവേകമുള്ള മനുഷ്യരായിത്തീര്‍ന്നുകൊണ്ട് ഈ നോമ്പുകാലം നമുക്ക് അർത്ഥവത്താക്കിത്തീർക്കാം.

ഫാ. ആല്‍വിന്‍ എം.സി.ബി.എസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.