സങ്കടൽ മധ്യത്തിൽ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ശാലോം ടി.വി.യിൽ കണ്ട ജോർജ് ജോസഫ് എന്ന വചനപ്രഘോഷകന്റെ സന്ദേശത്തിലെ ഹൃദയസ്പർശിയായ സംഭവം.

കോവിഡ് കാലഘട്ടത്തിൽ കടുത്ത സാമ്പത്തിക ക്ലേശത്തിലൂടെ കടന്നുപോകുന്ന ദിനങ്ങൾ. ആ ദിവസങ്ങളിൽ വെറും 2500 രൂപ മാത്രമെ ജോർജിന്റെ അക്കൗണ്ടിലുള്ളൂ. വരും ദിവസങ്ങളിൽ എന്ത് ചെയ്യും എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് പരിചയക്കാരന്റെ ഫോൺ. പതറിയ ശബ്ദം. എന്തു പറ്റിയെന്ന് അന്വേഷിച്ചു.

“ജോർജ് സാർ, സത്യം പറയാലോ. ഒരാഴ്ചയായി ഭക്ഷണം കഴിച്ചിട്ട്. പൈപ്പ് വെള്ളം കുടിച്ച് അൾസർ വരുമോ എന്ന സംശയമാണ്. ജോലിക്ക് പോകാൻ കഴിയാത്തതിനാൽ വല്ലാത്ത ബുദ്ധിമുട്ടിലാണ്…” ആ വാക്കുകൾ ഹൃദയം തകർക്കുന്നതായിരുന്നു.

ജോർജ് അദ്ദേഹത്തോട് ചോദിച്ചു: “നിങ്ങൾക്ക് ഗൂഗിൾ പേ ഉണ്ടോ?”

“ഇല്ല സാർ, ഈ സാധാരണ ഫോണിൽ അതിനുള്ള സൗകര്യങ്ങൾ ഒന്നുമില്ല.”

“ഓകെ… നിങ്ങൾ ഇന്നൊരു ദിവസം എങ്ങനെയെങ്കിലും പിടിച്ചുനിൽക്കൂ. നാളെ ഞാൻ എന്തെങ്കിലും സഹായം എത്തിക്കാം.”

തന്റെ മറ്റൊരു സുഹൃത്തിനെ വിളിച്ച് ജോർജ് പറഞ്ഞു: “ചങ്ങാതി, താങ്കളുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ ഞാൻ ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. ആ പണം ക്യാഷ് ചെയ്ത് എങ്ങനെയെങ്കിലും ഞാൻ പറയുന്ന ആളിനെ ഏൽപിക്കണം. പറ്റുമെങ്കിൽ എന്തെങ്കിലും ഭക്ഷണം വാങ്ങിക്കൊടുക്കുകയും ചെയ്യണം.”

ജോർജ് പറഞ്ഞതനുസരിച്ച് ഒരു മസാലദോശയും ആയിരം രൂപയുമായി അയാളെ സന്ദർശിക്കാൻ സുഹൃത്ത് യാത്രയായി. അയാളുടെ സ്ഥിതി ഏറെ ക്ലേശത്തിലാണെന്ന് പിന്നീട് അറിയിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്കു ശേഷം സഹായം സ്വീകരിച്ച ആ വ്യക്തി ജോർജിനെ കാണാനിടയായി. അപ്പോൾ അയാൾ ഇങ്ങനെ പറഞ്ഞു: “സാർ, താങ്കൾ ചെയ്തത് ഒരു സഹായമല്ല; പുണ്യമാണ്. താങ്കൾക്ക് ഒരിക്കലും ദാരിദ്ര്യവും ക്ഷാമവും ഉണ്ടാകാതെ ദൈവം സഹായിക്കട്ടെ!”

തന്റെ ജീവിതത്തിൽ കൈവന്ന ഏറ്റവും വലിയ അനുഗ്രഹവചസുകളായിരുന്നു അവ എന്നാണ് ജോർജിന്റെ സാക്ഷ്യം.

മറ്റുള്ളവരുടെ നൊമ്പരങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സഹായിക്കണമെന്ന ആഗ്രഹം ആർക്കാണ്  ഇല്ലാത്തത്? എന്നാൽ നമ്മുടെ സ്വാർത്ഥതയല്ലേ പലപ്പോഴും നന്മ ചെയ്യുന്നതിന് തടസമായി നിൽക്കുന്നത്? നല്ല സമരിയക്കാരന്റെ ഉപമയിലൂടെ ക്രിസ്തു പറഞ്ഞുവയ്ക്കുന്നത് മറ്റൊന്നുമല്ല. പുരോഹിതനും ലേവായനുമെല്ലാം വഴിയോരത്ത് വീണുകിടക്കുന്ന വ്യക്തിയെ സഹായിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നിരിക്കണം. എന്നാൽ ‘ആ മനുഷ്യൻ എന്റെ ആരുമല്ല’ എന്ന ചിന്തയായിരിക്കാം അയാളെ അവഗണിച്ച് യാത്ര തുടരാൻ അവരെ പ്രേരിപ്പിച്ചത്. ഇവിടെയാണ് സമരിയാക്കാരന്റെ ചിത്രം വ്യത്യസ്തമാകുന്നത്.

വഴിയോരത്ത് മൃതപ്രാണനായ് കിടക്കുന്ന വ്യക്തി ‘എന്റെ ആരോ ആണ്’ എന്ന ചിന്ത അയാളെ അലട്ടി. പിന്നീടവിടെ സ്വാർത്ഥതയ്ക്ക് സ്ഥാനമില്ല. അയാളെ പരിചരിക്കാൻ ഏതറ്റം വരെയും പോകാൻ അദ്ദേഹം സന്നദ്ധനാകുന്നു (Ref: ലൂക്കാ 10:25-37). അതെ, സഹായം അർഹിക്കുന്ന വ്യക്തി എന്റെ ആരോ  ആണെന്ന ചിന്ത മനസിൽ വേരൂന്നുമ്പോൾ മാത്രമേ സ്വാർത്ഥതയുടെ മതിൽക്കെട്ടുകൾ തകർത്ത് നന്മയുടെ സഹായഹസ്തങ്ങളുമായ് മറ്റുള്ളവരിലേക്ക് നടന്നടുക്കാൻ നമുക്ക് കഴിയൂ എന്ന കാര്യം മറക്കാതിരിക്കാം.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.