കണ്ണീർക്കയത്തിലും പ്രതീക്ഷയുടെ പേടകം

ജിന്‍സി സന്തോഷ്‌

ജീവിതത്തിന്റെ കനൽവഴികൾ ഏതൊരു മനസ്സിനെയും വല്ലാതെ ഉലയ്ക്കും. ചെറുതും വലുതുമായ ജീവിതപ്രശ്നങ്ങൾ,
നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ ഒക്കെ ഒരു ചുമടായി ഹൃദയത്തിൽ പേറുമ്പോൾ ഓർക്കുക, ഒന്നും ചെയ്യാനാവാത്തവിധം അത് നിന്നെ തളർത്തിക്കളഞ്ഞേക്കാം.

ജീവിതത്തിൽ നിര തീർത്ത സഹനങ്ങൾക്ക് പൂർവ്വപിതാവായ ജോസഫ് കണ്ടെത്തുന്ന ഉത്തരം ധ്യാനവിഷയമാക്കണം. “നിങ്ങൾ എനിക്ക് തിന്മ ചെയ്തു. പക്ഷേ, ദൈവം അത് നന്മയാക്കി മാറ്റി. എന്നെ ഇവിടെ വിറ്റതോർത്ത് നിങ്ങൾ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ട. ഇന്ന് കാണുന്നതുപോലെ അനേകം പേരുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയായിരുന്നു ഇതെല്ലാം.”

ഒത്തിരി സന്തോഷങ്ങൾക്കിടയിൽ തെളിയുന്ന ചില സഹനങ്ങൾ എല്ലാ സന്തോഷങ്ങളും കവർന്നെടുക്കാൻ അനുവദിക്കരുത്. കാരണം, അതിരുവിട്ട കണ്ണീർപ്രവാഹങ്ങൾ ഒത്തിരി നേർക്കാഴ്ചകൾ നഷ്ടമാക്കും. ദുരിതങ്ങളിൽ നിന്ന് അനുഗ്രഹങ്ങൾ എണ്ണിയെടുക്കുന്ന കണക്കും കലയും അഭ്യസിക്കുക. ജീവനകല മാത്രമല്ല; ഉത്ഥാനം വഴി അതിജീവനകല കൂടി പഠിപ്പിച്ചവനാണ് നമ്മുടെ ക്രിസ്തു. “വരുന്ന ദുരിതങ്ങൾ എല്ലാം സ്വീകരിക്കുക. ഞെരുക്കുന്ന ദൗർഭാഗ്യങ്ങളിൽ ശാന്തത വെടിയരുത്. എന്തെന്നാൽ സ്വർണ്ണം അഗ്നിയിൽ ശുദ്ധി ചെയ്യപ്പെടുന്നു; സഹനത്തിന്റെ ചൂളയിൽ കർത്താവിന് സ്വീകാര്യരായ മനുഷ്യരും” (പ്രഭാ. 2:4,5).

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.