സെപ്റ്റംബര്‍ 8: വി. അഡ്രിയന്‍, നത്താലിയാ

നിക്കൊമേദിയായില്‍ റോമാ ചക്രവര്‍ത്തിയുടെ കീഴില്‍ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച ഒരു അക്രൈസ്തവനാണ് അഡ്രിയന്‍. ചക്രവര്‍ത്തി ക്രിസ്ത്യാനികളെ അത്യുഗ്രമായി പീഡിപ്പിച്ചിരുന്ന കാലഘട്ടമായിരുന്നു അത്.

ഒരിക്കല്‍ അഡ്രിയന്റെ മുമ്പില്‍ വച്ചാണ് 23 ക്രിസ്ത്യാനികളെ ചമ്മട്ടി കൊണ്ട് അടിച്ച് കഠിനമായി പീഡിപ്പിച്ചത്. ക്രിസ്ത്യാനികളുടെ അസാധാരണമായ വിശ്വാസദാര്‍ഢ്യവും ആദര്‍ശധീരതയും കണ്ടപ്പോള്‍ അഡ്രിയന്റെ ധാര്‍മ്മികബോധം ഉണര്‍ന്നു. ക്രൈസ്തവധര്‍മ്മങ്ങളെക്കുറിച്ച് ഭാര്യയായ നത്താലിയായില്‍ നിന്നും ധാരാളം കേള്‍ക്കുകയും പഠിക്കുകയും ചെയ്തതിന്റെ ഫലമായി ഉപബോധമനസ്സില്‍ പതിഞ്ഞിരുന്ന ക്രിസ്തുഭക്തി അഡ്രിയനെ ഉത്തേജിതനാക്കി. അദ്ദേഹം സധൈര്യം മുന്നോട്ടുവന്ന് താനും ക്രിസ്ത്യാനികളിലൊരുവനാണ് എന്നു പ്രഖ്യാപനം ചെയ്തു. പിന്നെ താമസമുണ്ടായില്ല, അധികാരികള്‍ അഡ്രിയനെ തുറങ്കിലടച്ചു.

ഈ വാര്‍ത്തയറിഞ്ഞ് അതിവേഗം അദ്ദേഹത്തിന്റെ ഭാര്യ നത്താലിയ കാരാഗൃഹത്തിലെത്തി ഭര്‍ത്താവിനെ കാണുകയും അദ്ദേഹത്തിന്റെ കൈവിലങ്ങുകള്‍ ചുംബിക്കുകയും ചെയ്തു. വിശ്വാസത്യാഗത്തെക്കാള്‍ മരണമാണ് അഭികാമ്യം എന്നത്രെ അവള്‍ പറഞ്ഞത്. അവളുടെ വാക്കുകള്‍ അഡ്രിയാന്  സന്തോഷവും ധൈര്യവും പ്രദാനം ചെയ്തു. അവര്‍ പരസ്പരം ആശ്വസിപ്പിച്ചു.

നിര്‍ദിഷ്ട ദിവസം അഡ്രിയനെ പടയാളികള്‍ ചക്രവര്‍ത്തിയുടെ മുമ്പില്‍ ഹാജരാക്കി. ദേവന്മാര്‍ക്കു ബലിയര്‍പ്പിക്കാന്‍ വിസമ്മതിക്കുകയാല്‍ ചക്രവര്‍ത്തിയുടെ ആജ്ഞയനുസരിച്ച് അവര്‍ അഡ്രിയനെ ചമ്മട്ടികൊണ്ട് അടിച്ചതിനു ശേഷം തടവറയിലേക്കു തിരികെ കൊണ്ടുവന്നു. ഇതിനിടയില്‍ ഭക്തരായ ചില സ്ത്രീകള്‍ വന്ന് മുറിവേറ്റ തടവുകാരെ ശുശ്രൂഷിച്ചു കൊണ്ടിരുന്നു. ചക്രവര്‍ത്തി ഇതറിഞ്ഞ് അവരെ വിലക്കി. തന്മൂലം നത്താലിയാ തലമുടി മുറിച്ചുകളഞ്ഞ് പുരുഷന്റെ വേഷം ധരിച്ച് തടവറയിലെത്തി അഡ്രിയനെ കാണുകയും ധൈര്യപ്പെടുത്തുകയും ചെയ്തു.

മരണശേഷം വീണ്ടും പരസ്പരം കണ്ടുമുട്ടുന്നതു വരെ താന്‍ നിര്‍മ്മലയായി ജീവിച്ചുകൊള്ളാമെന്ന് അവള്‍ ഭര്‍ത്താവിനോട് വാഗ്ദാനം ചെയ്തു. കൈകാലുകള്‍ മുറിച്ച് തടവുകാരെ നിഷ്‌കരുണം കൊലപ്പെടുത്താനാണ് ചക്രവര്‍ത്തി കൽപിച്ചത്. ആദ്യത്തെ ഊഴം അഡ്രിയന്റെയായിരുന്നു. കൊലക്കുറ്റിയില്‍ കൈകാലുകള്‍ സമര്‍പ്പിക്കാന്‍ നത്താലിയയാണ് ഭര്‍ത്താവിനെ സഹായിച്ചത്. അങ്ങനെ അതിദാരുണമായ പീഡനമേറ്റ് അഡ്രിയന്‍ മരിച്ചു.

വിചിന്തനം: ”ദൈവത്തെപ്രതി സര്‍വവും സഹിക്കാമെന്നുള്ള നിഷ്‌കപടമായ മനസ്സോടെ, നമ്മുടെ ഹൃദയത്തെ ദൈവത്തില്‍ ഉറപ്പിക്കാതെ, ആത്മീയപോരാട്ടത്തില്‍ നമുക്ക് വിജയം വരിക്കാന്‍ കഴിയില്ല.”

ഇതരവിശുദ്ധര്‍: കൊര്‍ബീനിയന്‍ (670-730) മെത്രാന്‍/ റോമാനൂസ് (+1628)രക്തസാക്ഷി/അഡെല്ലാ (+1071)/തിമോത്തിയും ഫൗസ്റ്റസും അന്ത്യോക്യായിലെ രക്തസാക്ഷികള്‍/ കിങ്ങ്‌സ്മാര്‍ക്ക് (അഞ്ചാം നൂറ്റാണ്ട്)/ഒമുറായിലെ ലൂയിസ് (+1628)ജപ്പാനിലെ രക്തസാക്ഷി/നെസ്‌തോര്‍-ഗാസായിലെ രക്തസാക്ഷി/ യൂസ്സിയൂസ് (+362) രക്തസാക്ഷി.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.