സെപ്റ്റംബര്‍ 7: വി. ക്ലൗഡ്

ഫ്രാന്‍സിലെ രാജവംശത്തില്‍ നിന്നുള്ള പ്രഥമ പുണ്യവാനാണ് വി. ക്ലൗഡ്. വി. ക്ലോട്ടില്‍ഡായുടെ മകനായി ഓര്‍ലിന്‍സ് രാജാവായിരുന്ന ക്ലോഡാമിനിന്റെ പുത്രനായ ക്ലൗഡ് 522-ല്‍ ജനിച്ചു. അദ്ദേഹത്തിന് രണ്ടു വയസ് സുമാത്രം പ്രായമുള്ളപ്പോള്‍ പിതാവ് വധിക്ക്കപ്പെട്ടു. തുടര്‍ന്ന് ക്ലൗഡും സഹോദരങ്ങളും അവരുടെ അമ്മൂമ്മയായ ക്ലോട്ടിന്‍ഡായോടൊം പാരിസിലാണ് വളര്‍ന്നത്.

കുറച്ചു കാലങ്ങള്‍ക്കുശേഷം ഇവരുടെ അമ്മാവന്‍ ക്ലൗഡിന്റെ സഹോദരങ്ങളെ രണ്ടുപേരെയും വധിക്കുകയും അവരുടെ രാജ്യം സ്വന്തമാക്കുകയും ചെയ്തു. രക്ഷപ്പെട്ട ക്ലൗഡ് ലൗകികസുഖങ്ങളെല്ലാം ഉപേക്ഷിച്ച് ഒരു സന്യാസിയായി ജീവിക്കാന്‍ തീരുമാനിച്ചു. ഈ കാലയളവില്‍ ഒരു കൊച്ചുമുറിയില്‍ പ്രാര്‍ത്ഥനയും പ്രായശ്ചിത്തവുമായി അദ്ദേഹം കഴിഞ്ഞുകൂടി. ഇതിനിടയില്‍ പലതവണ, അപഹരിക്കപ്പെട്ട തന്റെ രാജ്യം തിരികെപ്പിടിക്കാനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചിരുന്നു. എന്നാല്‍ വിശുദ്ധന്‍ ലൗകികസുഖം തെല്ലും ആഗ്രഹിച്ചില്ല.

വി. സേവേരൂസിന്റെ കൈകളില്‍ നിന്നാണ് ക്ലൗഡ് സന്യാസവസ്ത്രം സ്വീകരിച്ചത്. വിശുദ്ധിയില്‍ വളരെയധികം വളര്‍ന്ന അദ്ദേഹം ഏകാന്തതയ്ക്കായി പാരീസില്‍ നിന്നും പ്രൊവന്‍സിയിലേയ്ക്ക് ഒളിച്ചോടിപ്പോയി. എന്നാല്‍ അധികം വൈകാതെ അദ്ദേഹത്തിന്റെ മിത്രങ്ങള്‍ ഒളിസ്ഥലം കണ്ടുപിടിക്കുകയും തിരികെ പാരീസിലേയ്ക്ക് കൊണ്ടുവരികയും ചെയ്തു. തദ്ദേശവാസികളുടെ ആഗ്രഹപ്രകാരം ക്ലൗഡ് 551-ല്‍ വൈദികനായി അഭിഷിക്തനായി. പിന്നീട് അദ്ദേഹം പാരീസിനടുത്ത് ആശ്രമം സ്ഥാപിച്ചു. നിരവധിപേര്‍ അദ്ദേഹത്തിന്റെ ആശ്രമത്തില്‍ അംഗങ്ങളായി ചേര്‍ന്നു. അശ്രാന്തം ജോലിചെയ്ത് അനേകരെ ദൈവത്തിങ്കലേയ്ക്കു നയിച്ച വിശുദ്ധന്‍ 560-ല്‍ നിത്യസമ്മാനത്തിനായി യാത്രയായി.

വിചിന്തനം: ഈ ജീവിതത്തില്‍ നാം ഒരിക്കലും സുരക്ഷിതരല്ല. ജീവിച്ചിരിക്കുന്നിടത്തോളം കാലം ആദ്ധ്യാത്മികായുധങ്ങള്‍ നിനക്കാവശ്യമാണ്.

ഇതരവിശുദ്ധര്‍: ഗ്രിമോണിയ/ അഗസ്താലൂസ് (+450) ഗോളിലെ മെത്രാന്‍/കരീസ്സിമാ (അഞ്ചാം നൂറ്റാണ്ട്) ഫ്രാന്‍സ്/ യൂസ്റ്റെയ്‌സ്/ ഗ്രാറ്റസ് (+470) മെത്രാന്‍/ ജോണ്‍ (+303)/പാമ്ഫിലീയൂസ്/ റെജീനാ  രക്തസാക്ഷി/റ്റില്‍ബര്‍ട്ട് (+789) ഹെക്‌സാമിലെ മെത്രാന്‍/മാര്‍ക്കോ (15891619) ഹംഗറിയിലെ രക്തസാക്ഷി.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.