സെപ്റ്റംബര്‍ 04: വിറ്റെര്‍ബോയിലെ വിശുദ്ധ റോസ്

എ.ഡി. 1234-ല്‍ റോമായ്ക്കും സീയന്നായ്ക്കും ഇടയിലുള്ള പട്ടണമായ വിറ്റെര്‍ബോയിലാണ് വി. റോസ് ഭൂജാതയായത്. അവളുടെ മാതാപിതാക്കള്‍ ധനത്തില്‍ ദരിദ്രരായിരുന്നെങ്കിലും സുകൃതങ്ങളില്‍ അതിസമ്പന്നരായിരുന്നു.

പിള്ളത്തൊട്ടി മുതല്‍ക്കെ അസാധാരണമായ പല സ്വഭാവ വിശേഷങ്ങളും അവള്‍ പ്രകടിപ്പിച്ചിരുന്നു. രണ്ടു വയസു മുതല്‍ ദൈവിക കാര്യങ്ങള്‍ കേള്‍ക്കുന്നതില്‍ അവള്‍ അതീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. നടക്കാറായ ഉടനെ ദൈവാലയത്തില്‍ പോകുവാനാണ് റോസ ആഗ്രഹിച്ചത്. ദൈവാലയത്തില്‍ പ്രാര്‍ത്ഥനാ നിരതയായി നില്‍ക്കുന്ന അവളുടെ ഭക്തി കണ്ട് ജനങ്ങള്‍ വിസ്മയപ്പെട്ടു.

വര്‍ഷത്തിലും വേനലിലും നിഷ്പാദുകയായിട്ടാണ് റോസ സഞ്ചരിച്ചിരുന്നത്. കൂടാതെ ഏഴാമത്തെ വയസു മുതല്‍ അവള്‍ പല തരത്തിലുള്ള തപശ്ചര്യകള്‍ അനുഷ്ഠിച്ചിരുന്നു. അന്യരോടു വലിയ ദയയും അനുകമ്പയും പ്രകടിപ്പിച്ചിരുന്ന റോസ്, ഭിക്ഷ യാചിച്ചുവരുന്ന ദരിദ്രരില്‍ തന്റെ ദിവ്യഗുരുവിനെയാണ് ദര്‍ശിച്ചിരുന്നത്. എല്ലാവര്‍ക്കും തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കുവാന്‍ അവള്‍ സദാ സന്നദ്ധയായിരുന്നു.

ബാല്യം മുതല്‍ തന്നെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച റോസിന് ജനങ്ങളുടെയിടയില്‍ വലിയ സ്വാധീനശക്തിയുണ്ടായിരുന്നു. ഇക്കാലത്താണ് ചക്രവര്‍ത്തിയും മാര്‍പാപ്പായും തമ്മില്‍ ഒരു കലഹം ഉണ്ടായത്. വിറ്റെര്‍ബോ നിവാസികള്‍ ചക്രവര്‍ത്തിയുടെ പക്ഷത്തു ചേര്‍ന്നു. എന്നാല്‍ ചക്രവര്‍ത്തിയെ എതിര്‍ക്കുവാനും മാര്‍പാപ്പായുടെ പക്ഷം ചേരാനും റോസ് ജനങ്ങളോട് ഉപദേശിച്ചു. ജനം അവളെ അനുസരിച്ചു. ഇതില്‍ കോപിഷ്ഠനായ ചക്രവര്‍ത്തി റോസിനെയും അവളുടെ കുടുംബത്തെയും അവിടെ നിന്ന് നാടു കടത്തി.

അവിടെയും റോസ് തന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ആത്മാക്കളെ സമ്പാദിക്കുന്നതിനുള്ള അവളുടെ ശ്രമങ്ങള്‍ അത്യന്തം വിജയകരമായിരുന്നു. അവള്‍ സഞ്ചരിച്ച മറ്റു നഗരങ്ങളിലെയും അവസ്ഥ ഇതു തന്നെയായിരുന്നു. രോഗികളെ സുഖപ്പെടുത്തിയും, പാപികളെ മാനസാന്തരെപ്പടുത്തിയും, ഭക്തജനങ്ങളെ ദൈവസ്‌നേഹത്തില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കിയും, വിപ്ലവകാരികളെ ശാന്തരാക്കിയും ദൈവസന്നിധിയില്‍ തനിക്കുണ്ടായിരുന്ന വിസ്മയാവഹമായ ശക്തിവിശേഷത്തെ അവള്‍ എല്ലായിടത്തും വെളിെപ്പടുത്തി.

ദൈവം നല്കിയ പ്രവചനവരമനുസരിച്ച് ചക്രവര്‍ത്തിയുടെ മരണം റോസ് പ്രവചിച്ചിരുന്നു. ചക്രവര്‍ത്തിയുടെ മരണശേഷം അവള്‍ സ്വന്തം നഗരത്തിലേയ്ക്കു തിരികെ വന്നു. അതിനു ശേഷം ക്ലാരമഠത്തില്‍ പ്രവേശിക്കാന്‍ അതിയായി ആഗ്രഹിച്ച റോസ് അതിനൊരു ശ്രമം നടത്തി. പക്ഷേ, ദൈവഹിതം മറിച്ചായിരുന്നു. അതിനാല്‍ അവള്‍ ആ കന്യാമഠത്തിനോടനുബന്ധിച്ചുള്ള ഒരു മുറിയില്‍ താമസം ആരംഭിച്ചു. അവിടെ വസിച്ചു കൊണ്ട് അവള്‍ ആത്മാക്കളുടെ രക്ഷയ്ക്കും സാധുജന സംരക്ഷണത്തിനുമായുള്ള തന്റെ പരിശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ തുടര്‍ന്നു. 1252-ല്‍ അവള്‍ ദൈവത്തിങ്കലേയ്ക്കു യാത്രയായി. വി. റോസിന്റെ ഭൗതീകശരീരം ഇന്നും അഴുകാതെ ഇരിക്കുന്നു.

വിചിന്തനം: “കര്‍ത്താവേ, അങ്ങ് സന്നിഹിതനായിരിക്കുമ്പോള്‍ സമസ്തവും പ്രിയങ്കരമാണ്. അങ്ങ് സന്നിഹിതനല്ലെങ്കില്‍ സമസ്തവും വിരസമാകുന്നു.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.