സെപ്റ്റംബര്‍ 05: വിശുദ്ധ മദര്‍ തെരേസ

1910 ആഗസ്റ്റ് 26-ാം തീയതി അല്‍ബേനിയായില്‍ നിക്കോളേ ബൊജക്‌സഹി, ഡ്രാനാ ഫൈല്‍ബെര്‍നെയി എന്നീ ദമ്പതികളുടെ മൂന്നാമത്തെ മകളായി തെരേസ ജനിച്ചു. ജ്ഞാനസ്‌നാന നാമം ആഗ്നസ് ഗൊണ്‍ക്‌സാ എന്നായിരുന്നു. ദൈവസ്‌നേഹത്തിലും പരസ്‌നേഹത്തിലും വളരാന്‍ അമ്മ മകളെ സഹായിച്ചു. അമ്മ, സാധുക്കളെ സന്ദര്‍ശിച്ചു സഹായിക്കുന്നത് ആഗ്നസ് പലപ്പോഴും കണ്ടിട്ടുണ്ട്. ധാരാളം വായിക്കാനും മറ്റുള്ളവരെ പഠിപ്പിക്കാനും ചെറുപ്പം മുതലേ അവള്‍ തല്പരയായിരുന്നു. മറ്റ് പ്രവര്‍ത്തനമൊന്നുമില്ലെങ്കില്‍ വായനയായിരുന്നു ആഗ്നസിന്  ഇഷ്ടപ്പെട്ട കാര്യം. ഇടവക വികാരി കൊടുത്ത മിഷന്‍ മാസികകള്‍ വായിച്ചാണ് കല്‍ക്കട്ടായില്‍ മിഷനറിയാകാന്‍ അവള്‍ തീരുമാനിച്ചത്.

1929 ജനുവരി 6-ാം തീയതി അവള്‍ കല്‍ക്കട്ടായിലെ ലൊരേറ്റോ മഠത്തില്‍ ചേര്‍ന്ന് ഡാര്‍ജ്‌ലിംഗില്‍ നവ സന്യാസം നടത്തി. 1931 മെയ് 24-ന് ഉണ്ണീശോയുടെ തെരേസാ എന്ന പേര് സ്വീകരിച്ചുകൊണ്ട് വ്രതസമര്‍പ്പണം നടത്തി. തുടര്‍ന്ന് അധ്യാപികയായി നിയമിക്കപ്പെട്ടു.

19 വര്‍ഷക്കാലം സി. തെരേസാ, ലൊരേറ്റോ സന്യാസ സഭാംഗമായി ജീവിച്ചു. 1946 സെപ്തംബർ 10-ാം തീയതി ദരിദ്രരില്‍ ദരിദ്രരായവരെ ശുശ്രൂഷിക്കുക എന്ന പ്രത്യേക കാരിസം അവള്‍ക്ക് ലഭിച്ചു. തന്നിമിത്തം ലൊരേറ്റോ മഠം വിടുന്നതിന് ആഗ്നസ് തീരുമാനിച്ചു. ആത്മീയപിതാവും മറ്റ് പല വൈദികരും അവള്‍ക്ക് തുണയായി വന്നു. അധികാരികളുടെ അനുവാദത്തോടെ അവൾ 1948 ആഗസ്റ്റ് 16-ാം തീയതി തന്റെ പുതിയ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.

ചേരിപ്രദേശങ്ങളിലേയ്ക്കിറങ്ങിയ തെരേസാ, ദരിദ്രരായ കുട്ടികളെ വൃക്ഷത്തണലില്‍ ഒന്നിച്ചുകൂട്ടി പഠിപ്പിച്ചു തുടങ്ങി. ദാരിദ്ര്യമാകുന്ന കുരിശിന്റെ ഭാരം വഹിച്ചുകൊണ്ട് ഏകാകിനിയായി അവള്‍ തന്റെ ശുശ്രൂഷ തുടര്‍ന്നു. റിട്രീറ്റ് എന്ന സ്ഥലത്ത് ഗോമസ് എന്ന ബംഗാളി, തെരേസായ്ക്ക് ഒരു ഭവനം ക്രമീകരിച്ചു. തെരേസായെ സഹായിക്കാന്‍ പലപ്പോഴായി ഏതാനും പേര്‍ സന്നദ്ധരായി വന്നു ചേര്‍ന്നു.

1950 ഒക്ടോബര്‍ 7-ന് ഉപവി മിഷനറിമാരുടെ സമൂഹം സ്ഥാപിതമായി. ഭരണഘടനയില്‍ സിംഹഭാഗവും തെരേസ തന്നെ എഴുതിയുണ്ടാക്കി. ദൈവരാജ്യ വിസ്തൃതിക്കായുള്ള വലിയ ആഗ്രഹം അതില്‍ പ്രകടമാക്കിയിരുന്നു. പരിശുദ്ധ കുര്‍ബാനയില്‍ നിന്ന് ശക്തിയും ചൈതന്യവും സ്വീകരിച്ചു കൊണ്ടാണ് സഭാംഗങ്ങള്‍ പ്രവര്‍ത്തന രംഗത്തേയ്ക്ക് ഇറങ്ങേണ്ടിയിരുന്നത്.

മരണാസന്നരെ സഹായിക്കാന്‍ തെരേസാ, കല്‍ക്കട്ടായിലെ തെരുവീഥികളിലേയ്ക്കിറങ്ങി. പലവിധ അവഹേളനങ്ങളും ഏറ്റുവാങ്ങി കൊണ്ട് അവള്‍ അനേകരെ സന്മരണത്തിനൊരുക്കി. 1953-ല്‍ ദൈവപരിപാലനയില്‍ അവര്‍ക്കൊരു ഭവനം ക്രമീകരിച്ചു കിട്ടി. അക്കൊല്ലം തന്നെ തെരേസാ, നിത്യ വ്രതമെടുക്കുകയും 4 സഹോദരിമാര്‍ പ്രഥമ വ്രതവാഗ്ദാനം നടത്തുകയും ചെയ്തു.

ദരിദ്രരുടെ ആവശ്യമനുസരിച്ച്‌ തെരേസാ കാര്യങ്ങള്‍ ക്രമീകരിച്ചു. അവിശ്വസനീയമായ രീതിയില്‍ സഭ വളര്‍ന്നു തുടങ്ങി. പ്രവര്‍ത്തനം വിവിധ രാജ്യങ്ങളിലേയ്ക്കും വ്യാപിച്ചു. രാജാക്കന്മാരും സഭാധികാരികളും മദര്‍ തെരേസായ്ക്ക് പ്രോത്സാഹനവും സമ്മാനങ്ങളും നല്കി.

1961-ല്‍ മദര്‍ ജനറലായി തെരേസാ തെരഞ്ഞെടുക്കപ്പെട്ടു. 2 വര്‍ഷം പിന്നിട്ടപ്പോള്‍ വൈദികരുള്‍പ്പെട്ട ഒരു സഹോദരസഭയ്ക്ക് രൂപം കൊടുത്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് 1997 സെപ്തംബര്‍ 5-ാം തീയതി 87-ാമത്തെ വയസ്സില്‍ മദർ തെരേസ മരണമടഞ്ഞു. 13-ാം തീയതി മാതൃഭവനത്തില്‍ മൃതസംസ്‌ക്കാരം നടന്നു. 2003 ഒക്ടോബര്‍ 19-ാം തീയതി ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ചേര്‍ത്തു. 2016 സെപ്റ്റംബര്‍ 13-ന് ഫ്രാന്‍സീസ് മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.

വിശുദ്ധ ലോറന്‍സ് ജസ്റ്റീനിയന്‍

വി. ലോറന്‍സ് ജസ്റ്റീനിയന്‍ 1380-ല്‍ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ചു. ബാല്യത്തില്‍ തന്നെ പിതാവിനെ നഷ്ടപ്പെട്ട ലോറന്‍സിനെ മാതാവാണ് ക്രൈസ്തവ വിശ്വാസത്തില്‍ വളര്‍ത്തിയത്. ശിശുവായിരിക്കുമ്പോള്‍ തന്നെ ഒരു പുണ്യവാനാകുവാന്‍ ലോറന്‍സ് അതിയായി ആഗ്രഹിച്ചിരുന്നു.

യുവാവായ ലോറന്‍സ് തന്റെ ആദ്ധ്യാത്മിക പിതാവിന്റെ ഉപദേശമനുസരിച്ച് കഠിനമായി പ്രായശ്ചിത്ത പ്രവൃത്തികള്‍ അനുഷ്ഠിച്ചു കൊണ്ടിരുന്നു. പുത്രന്റെ ഭക്തി അതിരു ലംഘിക്കുന്നു എന്നു മനസിലാക്കിയ മാതാവ്, അദ്ദേഹത്തിനു വേണ്ടി വിവാഹം ആലോചിക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ ലോറന്‍സ് രഹസ്യത്തില്‍ ആള്‍ഗായിലുള്ള വി. ഗീവര്‍ഗ്ഗീസിന്റെ ആശ്രമത്തില്‍ പ്രവേശിച്ചു. അങ്ങനെ താന്‍ ആഗ്രഹിച്ചിരുന്ന ദൈവിക ഐക്യത്തിന് പ്രതിബന്ധമായിരുന്ന ലോകബന്ധങ്ങളെ ഓരോന്നായി ലോറന്‍സ് അതിജീവിച്ചു.

ആശ്രമത്തില്‍ ലോറൻസ് പ്രകടിപ്പിച്ചിരുന്ന എളിമയും പ്രായശ്ചിത്തവുമെല്ലാം ഏവര്‍ക്കും മാതൃകയായിരുന്നു. ആശ്രമത്തില്‍ വച്ച് അദ്ദേഹത്തിന് കണ്ഠമാല എന്ന അസുഖം പിടിപെട്ടു. വളരെനേരം നീണ്ടുനിന്ന ശസ്ത്രക്രിയ വൈദ്യന്‍ ഭയത്തോടു കൂടിയാണ് നടത്തിയത്. പക്ഷേ ലോറൻസിന് ഈ നീണ്ട നേരമത്രയും അനുഭവപ്പെട്ടിരുന്ന കഠിനമായ വേദനയെ അദ്ദേഹം നിശബ്ദമായി സഹിച്ചു. അതികഠിനമായ പ്രായശ്ചിത്ത പ്രവൃത്തികളാണ് വിശുദ്ധന്‍ അനുഷ്ഠിച്ചു കൊണ്ടിരുന്നത്. അവസാനം അധികാരികള്‍ ഇടപെട്ട് പ്രായശ്ചിത്തത്തിന്റെ കാഠിന്യം കുറപ്പിച്ചു. വിശുദ്ധിയില്‍ അനുദിനം വളര്‍ന്നു കൊണ്ടിരുന്ന ലോറന്‍സ്, പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ട ശേഷം സഭയുടെ പ്രാദേശിക ശ്രേഷ്ഠനായും പിന്നീട് സാര്‍വത്രിക ശ്രേഷ്ഠനായും തിരഞ്ഞെടുക്കപ്പെട്ടു. ഈ കാലങ്ങളിലെല്ലാം അദ്ദേഹം തന്റെ എളിജീവിതം തുടര്‍ന്നുകൊണ്ടിരുന്നു.

1433-ല്‍ ലോറന്‍സിനെ വെനീസിലെ മെത്രാനായി നിയമിച്ചു. രൂപതയില്‍ പല നവീകരണങ്ങളും നടപ്പിലാക്കിയ ലോറൻസിന് പലവിധ നിന്ദനങ്ങളും പീഡനങ്ങളും നേരിടേണ്ടതായി വന്നു. ഇത്തരം സന്ദര്‍ഭങ്ങളെയെല്ലാം സമചിത്തതയോടെ നേരിട്ട ലോറന്‍സിനെ 1451-ല്‍ പാത്രിയാര്‍ക്ക് സ്ഥാനം നല്കപ്പെട്ടു. ഇവിടെയും അദ്ദേഹം തന്റെ പ്രായശ്ചിത്ത പ്രവൃത്തികള്‍ക്കോ ഉപവി പ്രവൃത്തികള്‍ക്കോ യാതൊരു കുറവും വരുത്തിയിരുന്നില്ല.

വൈക്കോല്‍ കിടക്കയില്‍ കിടന്നിരുന്ന ലോറൻസ്, രോഗബാധിതനായി മരണത്തോളമെത്തിയപ്പോള്‍ അദ്ദേഹത്തിനായി ശുശ്രൂഷികള്‍ മയമുള്ള ഒരു കിടക്ക തയാറാക്കി. പക്ഷേ ‘എന്റെ കര്‍ത്താവ് മരത്തില്‍ തൂങ്ങിയാണ് മരിച്ചത്’ എന്നുപറഞ്ഞ് അദ്ദേഹം ആ കിടക്ക നിരസിച്ചു. 1455 ജനുവരി 8-ാം തീയതി ‘ഈശോയേ, ഇതാ ഞാന്‍ വരുന്നു” എന്ന് അമിതമായ സന്തോഷത്തോടു കൂടി ഉച്ചരിച്ചു കൊണ്ട് അദ്ദേഹം തന്റെ ആത്മാവിനെ ദൈവതൃക്കരങ്ങളില്‍ സമര്‍പ്പിച്ചു.

വിചിന്തനം: ”കര്‍ത്താവിന്റെ കൈയിലെ ഒരു പെന്‍സിലാണു ഞാന്‍. കര്‍ത്താവ് ഞാനാകുന്ന പെന്‍സിലിനെ ചിലപ്പോള്‍ ചെത്തി കൂര്‍പ്പിക്കും. ഇഷ്ടമുള്ളിടത്ത് ഇഷ്ടമുള്ളത് എഴുതും. പടം വരയ്ക്കും. ചിത്രം നന്നായാല്‍ ചിത്രകാരനെയല്ലേ നാം പ്രശംസിക്കുന്നത് പെന്‍സിലിനെ അല്ലല്ലോ. എല്ലാ ബഹുമതിയും എന്നെ ഉപയോഗിച്ച കര്‍ത്താവിനുള്ളതാണ്” – മദര്‍ തെരേസാ.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.