സെപ്റ്റംബര്‍ 19: വി. ജാനുവാരിയൂസ്

ഡയക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ മതപീഡനം കൊടുമ്പിരികൊണ്ടിരുന്ന കാലത്താണ് വി. ജനുവാരിയൂസ് ജീവിച്ചിരുന്നത്. നേപ്പിള്‍സാണ് അദ്ദേഹത്തിന്റെ ജന്മദേശം. ഉത്തമ ക്രൈസ്തവ വിശ്വാസിയായിരുന്ന ഇദ്ദേഹം ബെനവെന്തോയിലെ മെത്രാനായി നിയമിക്കപ്പെട്ടു.

ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ അതികഠിനമായ പീഡനങ്ങള്‍ക്ക്  വിധേയമായിക്കൊണ്ടിരുന്ന ക്രൈസ്തവരെ അദ്ദേഹം ആശ്വസിപ്പിക്കുകയും സത്യവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാന്‍ അവരെ ധൈര്യപ്പെടുത്തുകയും ചെയ്തു. മതപീഡനം അതിന്റെ ഉഗ്രത പ്രാപിച്ചു. ഓരോദിവസവും അനേകം വിശ്വാസികള്‍ രക്തസാക്ഷിത്വം വരിച്ചുകൊണ്ടിരുന്നു. കാരാഗൃഹത്തില്‍ അടയ്ക്കപ്പെടുന്നവരുടെ എണ്ണവും അതിഭീമമായിരുന്നു.

ഏതാണ്ട് ഈ അവസരത്തിലാണ് വിശുദ്ധന്റെ സ്‌നേഹത്തിനുപാത്രമായിരുന്ന ഡീക്കന്‍ ബോസിയൂസും കൂട്ടരും കാരാഗൃഹത്തിലടയ്ക്കപ്പെട്ടത്. വിശ്വാസത്യാഗത്തിന് നിര്‍ബന്ധിക്കപ്പെട്ടെങ്കിലും അവര്‍ അതിന് തയാറാകാതെവന്നപ്പോള്‍ അവരെ വധിക്കാന്‍ കല്പന പുറപ്പെട്ടു. ഇതറിഞ്ഞ ജനുവാരിയൂസ് ഉടന്‍തന്നെ അവരെ ആശ്വസിപ്പിക്കുന്നതിനും ധൈര്യപ്പെടുത്തുന്നതിനുമായി കാരാഗൃഹത്തില്‍ ചെന്നു. ജനുവാരിയൂയോസിന്റെ സന്ദര്‍ശനവാര്‍ത്ത ഒട്ടും വൈകിക്കാതെ കാവല്‍ക്കാരന്‍ അധികാരികളെ അറിയിച്ചു. അങ്ങനെ വിശുദ്ധനും അറസ്റ്റ് ചെയ്യപ്പെട്ടു.

ജനുവാരീയൂസിനെ വന്യമൃഗങ്ങളുടെ മുമ്പിലേക്ക് എറിഞ്ഞുകൊടുക്കാനായിരുന്നു രാജകല്പന. അതനുസരിച്ച് അദ്ദേഹം വന്യമൃഗങ്ങളുടെ മുന്നിലേക്ക് എറിയപ്പെട്ടു. എന്നാല്‍ വന്യമൃഗങ്ങള്‍ അദ്ദേഹത്തെ യാതൊരു ഉപദ്രവവും ഏല്പിച്ചില്ല. കണ്ടുനിന്ന ജനങ്ങളെ ഈ സംഭവം ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിച്ചേക്കുമെന്നു ഭയപ്പെട്ട അധികാരി ഉടന്‍തന്നെ ജാനുവാരിയൂസിന്റെ ശിരസ്സ് ഛേദിക്കാന്‍ ഉത്തരവിട്ടു. അദ്ദേഹത്തിന്റെ ആത്മാവ് സ്വര്‍ഗത്തിലേക്ക് പറന്നുയര്‍ന്നു.

നേപ്പിള്‍സിലെ ദേവാലയത്തില്‍ രണ്ട് കണ്ണാടിപ്പാത്രങ്ങളിലായി വിശുദ്ധന്റെ രക്തവും വേറൊരു പാത്രത്തില്‍ ശിരസ്സും സൂക്ഷിച്ചിട്ടുണ്ട്. വിശുദ്ധന്റെ കട്ടിയായ രക്തം സൂക്ഷിച്ചിരിക്കുന്ന പാത്രം വിശുദ്ധന്റെ ശിരസിനു സമീപത്തേക്ക് കൊണ്ടുവരുമ്പോള്‍ ഉറച്ച രക്തം ജീവനുള്ള ഒരു മനുഷ്യന്റെ രക്തംപോലെ ഉരുകിത്തുടങ്ങും. സാധാരണയായി വിശുദ്ധന്റെ തിരുനാള്‍ ദിവസങ്ങളിലും മെയ് ഒന്നാം തീയതിയുമാണ് ഇത് സംഭവിക്കുന്നത്.

വി. എമിലി ഡി. റോദാത്ത്

1787 -ല്‍ ദക്ഷിണ ഫ്രാന്‍സിലെ റോഡെസിലെ ഒരു മാടമ്പിയുടെ പുത്രിയായി എമിലി ഡി. റോദാത്ത് ജനിച്ചു. പതിനെട്ടു വയസ്സ് പ്രായമായപ്പോള്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനുവേണ്ടി അവള്‍ വില്ലെ ഫ്രാഞ്ചിലെ സെന്റ് സയര്‍ സന്യാസിനീമന്ദിരത്തിലെത്തി. പിന്നീട് ദരിദ്രരായ വിദ്യാർഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന ഉദ്ദേശത്തോടെ ‘തിരുക്കുടുംബസഭ’ ആരംഭിച്ചു.

അല്‍ഫോന്‍സ് ഒറോസ്‌കോ

1500 -ല്‍ സ്‌പെയിനിലെ ആവിലായില്‍ അല്‌ഫോന്‍സ് ഒറോസ്‌കോ ജനിച്ചു. അല്‍ഫോന്‍സ്, അഗസ്തീനിയന്‍ സഭയില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന് നാല്പതുവര്‍ഷം അധ്യാപനത്തിലും സാമൂഹ്യസേവനത്തിലും സുവിശേഷപ്രഘോഷണത്തിലും വ്യാപൃതനായിക്കഴിഞ്ഞു. നാലുതവണ സന്യാസ സഭാധിപനായും കുറേക്കാലം രാജസഭയിലെ ആധ്യാത്മിക ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു.

പതിനാറാം ശതകത്തില്‍ സ്പാനിഷ് ഭാഷയില്‍ വിരചിതമായ മിസ്റ്റിക്ക് കൃതികളുടെ ഗണത്തില്‍ അല്‍ഫോന്‍സിന്റെ സംഭാവനകള്‍ക്ക് ഗണനീയമായ സ്ഥാനമുണ്ട്. അധികാരികളുടെ നിര്‍ദേശമനുസരിച്ച് അദ്ദേഹം രചിച്ച ‘കുറ്റസമ്മതം’ എന്ന പേരോടുകൂടിയ ആത്മകഥ, ഏറ്റവും മൂല്യവത്തായി പരിഗണിക്കപ്പെടുന്നു. സഭയെ സ്തുത്യര്‍ഹമായി സേവിച്ച അല്‍ഫോന്‍സ് തൊണ്ണൂറ്റിയൊന്നാമത്തെ വയസ്സില്‍ മരണമടഞ്ഞു.

വിചിന്തനം: ‘ഒരുവന്റെ നിരപരാധിത്വത്തിന് ശരിയായ സാക്ഷ്യം നല്‍കാന്‍ ദൈവത്തിനു മാത്രമേ കഴിയൂ എന്ന വസ്തുത നമ്മെ ദൈവത്തിങ്കലേക്ക് അടുപ്പിക്കും.’

ഇതരവിശുദ്ധര്‍: ജനുവാരിയൂസ് (+305) രക്തസാക്ഷി/ എമിലി (പത്തൊമ്പതാം നൂറ്റാണ്ട്)/ തിയഡോര്‍ (+690) കാന്റര്‍ബറിയിലെ മെത്രാന്‍/ട്രോഫിയൂസ് (+277)/ അര്‍ണൂള്‍ഫ് (+1070) ഗാപിലെ മെത്രാന്‍/ പോംപോസാ (+835) രക്തസാക്ഷിയായ കന്യാസ്ത്രി.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.