സെപ്റ്റംബര്‍ 16: വി. ഈഡിത്ത് വില്ട്ടണ്‍

കെന്റിലെ രാജാവായിരുന്ന എഡ്ഗാറിന്റെ പുത്രിയാണ് ഈഡിത്ത്. 961 -ല്‍ ജനിച്ച ഈഡിത്ത്, വില്ട്ടണിലെ സന്യാസഭവനത്തിലാണ് വളര്‍ന്നത്. മരണംവരെ അവിടെത്തന്നെ വസിക്കുകയും ചെയ്തു. പതിനഞ്ചു വയസ്സ് പ്രായമായപ്പോള്‍ അവള്‍ വ്രതവാഗ്ദാനം ചെയ്ത് സന്യാസിനിയായി. അവളുടെ മാതാവ് വുള്‍ഫ്രിഡായും സന്യാസം വരിച്ച് അതേ ആശ്രമത്തില്‍ തന്നെ ചേര്‍ന്നിരുന്നു.

താമസം കൂടാതെ എഡ്ഗാര്‍, ഈഡിത്തിന് മൂന്ന് സന്യാസഭവനങ്ങളുടെ ഭരണാധികാരം നല്‍കി. എന്നാല്‍ അധികാരവും സ്ഥാനമാനങ്ങളും സ്വീകരിക്കാന്‍ അവള്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. ആശ്രമത്തിലെ ഏറ്റവും എളിയജോലികള്‍ ചെയ്തുകൊണ്ട് ഒരു ദാസിയെപ്പോലെ ജീവിക്കാനാണ് അവൾ ഇഷ്ടപ്പെട്ടത്. എങ്കിലും അവിടുത്തെ സന്യാസിനികളുടെ നിര്‍ബന്ധം നിമിത്തം നാമമാത്രമായി ആശ്രമാധിപത്യം സ്വീകരിച്ചു.

അങ്ങനെയിരിക്കെ എഡ്ഗാര്‍ മരണമടഞ്ഞു; പുത്രന്‍ എഡ്വേര്‍ഡ് ഭരണമേറ്റു. താമസമെന്യേ എഡ്വേര്‍ഡ് ശത്രുക്കളാല്‍ കൊല്ലപ്പെട്ടു. അതിനാല്‍ ഈഡിത്ത് സിംഹാസനാരോഹണം ചെയ്യണമെന്ന് പ്രഭുസമിതി നിര്‍ദേശിച്ചു. എന്നാല്‍ അധികാരത്തിനു കീഴടങ്ങി വളരെ വിനീതയായി ജീവിക്കാനാണ് ഈഡിത്ത് അഭിലഷിച്ചത്. അവള്‍ വില്ട്ടണില്‍ വി. ഡെനിസിന്റെ നാമധേയത്തില്‍ ഒരു ദേവാലയം പണിയിച്ചു. അതിന്റെ പ്രതിഷ്ഠാകര്‍മ്മത്തില്‍ പങ്കുവഹിച്ച കാന്റര്‍ബറി മെത്രാപ്പോലീത്താ വി. ഡന്‍സ്റ്റന്‍ കുര്‍ബാനമധ്യേ ദീര്‍ഘസമയം കരയുകയുണ്ടായി. കാരണം ആരാഞ്ഞപ്പോള്‍ ഇപ്രകാരം പറഞ്ഞു: “ഈഡിത്ത് താമസമെന്യേ ഈ ലോകത്തില്‍നിന്നും വിടവാങ്ങും; നാമാകട്ടെ ‘ഇരുട്ടിലും മരണനിഴലിലും’ വസിക്കുകയും ചെയ്യും.”

ആ പ്രവചനം അക്ഷരംപ്രതി നിറവേറി. നാല്പത്തിമൂന്നു ദിവസം കഴിഞ്ഞപ്പോള്‍, 984 സെപ്റ്റംബര്‍ 16 -ാം തീയതി, ഈഡിത്ത് ലോകംവെടിഞ്ഞു. അന്നവള്‍ക്ക് കേവലം ഇരുപത്തിരണ്ടു വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. ഈഡിത്ത് ഒരു ശിശുവിന് ജ്ഞാനസ്‌നാനമാതാവായിരുന്നുകൊള്ളാമെന്ന് ഒരിക്കല്‍ സമ്മതിച്ചിരുന്നു. പക്ഷേ, ആ വാഗ്ദാനം നിറവേറ്റാന്‍ അവള്‍ക്കു കഴിഞ്ഞില്ല. എന്നാല്‍ മരണശേഷം അവള്‍ വാക്ക് പാലിച്ചുവത്രേ. ജ്ഞാനസ്‌നാനാവസരത്തില്‍ അവള്‍ വന്ന് ആ കുട്ടിയെ എടുത്ത് ദേവാലയത്തില്‍ ജ്ഞാനസ്‌നാനവേദിയുടെ സമീപത്ത് നിലകൊണ്ടുവെന്നാണ് പറയപ്പെടുന്നത്.

വി. സിപ്രിയാന്‍ (190 -258)

കാര്‍ത്തേജില്‍ 190 -ല്‍ താഷിയൂസ് സിപ്രിയാന്‍ ജനിച്ചു. തത്വശാസ്ത്രത്തിലും കലകളിലും പ്രഗത്ഭനായിരുന്ന അദ്ദേഹം കാര്‍ത്തേജില്‍ പ്രസംഗകലാധ്യാപകനായി ജോലിചെയ്തു.

ക്രിസ്തുമത തത്വങ്ങള്‍ ആകര്‍ഷകമായി തോന്നിയെങ്കിലും ലൗകികാദര്‍ശങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ സ്വാധീനിച്ചു. തന്നിമിത്തം, 56 -ാമത്തെ വയസ്സിലാണ് സിപ്രിയാന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചത്. തന്റെ വസ്തുവകകളെല്ലാം ദരിദ്രര്‍ക്ക് അദ്ദേഹം ദാനം ചെയ്തു. 58 -ാമത്തെ വയസ്സില്‍ കാര്‍ത്തേജിലെ മെത്രാനായി സിപ്രിയാന്‍ നിയമിക്കപ്പെട്ടു. കലുഷിതമായ ഒരു മതാന്തരീക്ഷമായിരുന്നു അന്നത്തേത്. മതത്യാഗികള്‍ക്കും വ്യഭിചാരികള്‍ക്കും കൊലപാതകികള്‍ക്കും അനുതപിച്ചാല്‍ പാപമോചനം നല്‍കാമെന്നുള്ള കൊര്‍ണേലിയൂസ് പാപ്പായുടെ അഭിപ്രായത്തോട് സിപ്രിയാന്‍ യോജിച്ചു.

വലേരിയന്‍ ചക്രവര്‍ത്തിയുടെ മതമര്‍ദ്ദനകാലത്ത് 258 സെപ്തംബര്‍ 16 -ാം തീയതി സിപ്രിയന്റെ ശിരസ്സു ഛേദിക്കപ്പെട്ടു.

വിചിന്തനം: ‘ദൈവത്തിന്റെ ന്യായവിധിയില്‍നിന്നും ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും സാധ്യമല്ല. ദൈവം സദാ നമ്മുടെ ദൃഷ്ടിയില്‍ ഉണ്ടായിരിക്കട്ടെ.’

ഇതരവിശുദ്ധര്‍: കൊര്‍ണേലിയൂസ് (+263)രക്തസാക്ഷി/ അബുന്തിയൂസ്(+303)/എവുഫോമിയാ (+307)രക്തസാക്ഷി/റോജിലൂസ്(+300)റോമന്‍ രക്തസാക്ഷി/ എവുജിനിയ(+735) ബനഡിക്‌റ്റൈന്‍ ആബട്ട്/ ലൂസിയും ജമിനിയാനും.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.