സെപ്റ്റംബര്‍ 14: വി. കുരിശിന്റെ പുകഴ്ച

നാലാം നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തില്‍ മഹാനായ കോണ്‍സ്റ്റന്റയിൻ ചക്രവര്‍ത്തി അതിശക്തനായിരുന്ന മാക്‌സെന്‍സീയൂസിനെ കുരിശിന്റെ അടയാളത്തോടെ പരാജയപ്പെടുത്തി. അതോടുകൂടി ചക്രവര്‍ത്തി ക്രൈസ്തവമതപീഡനം നിർത്തലാക്കുകയും ക്രിസ്ത്യാനികള്‍ക്ക് സ്വാതന്ത്ര്യംനല്കുകയും ചെയ്തു. പിന്നീട് ഹെരാക്‌ളിയൂസ് ചക്രവര്‍ത്തിയുടെ കാലത്ത് പേര്‍ഷ്യന്‍ രാജാവായിരുന്ന കോസ്‌റോസിനെ യുദ്ധത്തില്‍ പരാജയപ്പെടുത്തുകയും കുരിശിന്റെ അവശിഷ്ടം വീണ്ടെടുക്കുകയും ചെയ്തു. 629 -ല്‍ കുരിശിന്റെ അവശിഷ്ടം ആഘോഷപൂര്‍വം ജറുസലേമില്‍ പുനഃസ്ഥാപിക്കപ്പെട്ടു. അന്നുമുതലാണ് വിശുദ്ധ കുരിശിന്റെ തിരുനാള്‍ തിരുസഭയില്‍ അനുസ്മരിക്കാന്‍ ആരംഭിച്ചത്.

ഗബ്രിയേല്‍ ടോറിന്‍

1750 -ല്‍ ഫ്രാന്‍സിലെ ലിസോക്‌സില്‍ ഗബ്രിയേല്‍ ജനിച്ചു. ഇരുപത്തിനാലാമത്തെ വയസ്സില്‍ വൈദികനായി പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കായി 1776 -ല്‍ ഗബ്രിയേല്‍ ചൈനയിലെത്തി. 1784 -ല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും കാരാഗൃഹത്തിലടയ്ക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം മക്കാവോയിലേക്ക് നാടുകടത്തപ്പെട്ടു. 1789 -ല്‍ ഗബ്രിയേല്‍ വീണ്ടും തിരികെവന്ന് പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ മുഴുകി. 1800 -ല്‍ ഗബ്രിയേലിനെ മെത്രാനായി തിരഞ്ഞെടുത്തു. 1815 -ല്‍ ഗബ്രിയേല്‍ സത്യവിശ്വാസത്തിന്റെ പേരില്‍ ശിരച്ഛേദം ചെയ്യപ്പെട്ടു.

വിചിന്തനം: ”മരിച്ചുപോകുന്ന മനുഷ്യനെ നീ എന്തിന് ഭയപ്പെടുന്നു. അവന്‍ ഇന്നുണ്ട്; നാളെയില്ല. ദൈവത്തെ ഭയപ്പെടുക. എന്നാല്‍ മനുഷ്യനെ നീ ഭയപ്പെടുകയില്ല.”

ഇതരവിശുദ്ധര്‍: ക്രെസന്‍ഷ്യയൂസ് (+300)/ നോട്ട്ബുര്‍ഗാ(+1313)/ഗബ്രിയേല്‍ (1750-1815), മാറ്റര്‍ണൂസ് (+325) കൊളോണിലെ ആദ്യമെത്രാന്‍ ക്രോര്‍മാര്‍ക്ക് (+968) കാഷെലിലെ മെത്രാന്‍/സെരയാലിസ്റ്റും സല്ലുസ്റ്റിയായും (+251)രക്തസാക്ഷികള്‍.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.