സെപ്റ്റംബര്‍ 15: ജനീവായിലെ വിശുദ്ധ കത്രീന (1447-1510)

ജനീവായിലെ പ്രസിദ്ധവും സമ്പന്നവുമായ ഫിയസ്ച്ചി കുടുംബാംഗമായിരുന്നു വി. കത്രീന. അഞ്ചുമക്കളില്‍ ഏറ്റവും ഇളയവള്‍. 13 -ാമത്തെ വയസ്സില്‍ സന്യാസിനീമഠത്തില്‍ ചേരാന്‍ ശ്രമംനടത്തിയെങ്കിലും പക്ഷേ വിഫലമായി. 16 -ാം വയസ്സില്‍ ഗിയുലിയാനോ അഡോര്‍ണോ എന്നയാളുടെ ഭാര്യയായി. പരുക്കന്‍ പെരുമാറ്റക്കാരനായിരുന്നു അഡോര്‍ണോ. അതുകൊണ്ട് അവര്‍ തമ്മില്‍ ആശയപരമായും സമീപനപരമായും ഏറെ വൈരുദ്ധ്യമുണ്ടായിരുന്നു.

അവളുടെ പ്രാര്‍ഥനയുടെയും പരിത്യാഗപ്രവൃത്തികളുടെയും ഫലമായി പരുക്കന്‍സ്വഭാവക്കാരനായിരുന്ന ഭര്‍ത്താവ് മാനസാന്തരപ്പെട്ടു. അദ്ദേഹം ഫ്രാന്‍സിസ്‌കന്‍ മൂന്നാംസഭാംഗമായി. അവര്‍ രണ്ടാളും പ്രതിഫലംവാങ്ങാതെ വീടിനുസമീപമുള്ള പള്ളാട്ടോണ്‍ ആശുപത്രിയില്‍ ശുശ്രൂഷകരായി. അവിടുത്തെ രോഗികള്‍ക്കിടയില്‍ ഏറെ ഉപവിപ്രവൃത്തികളും ചെയ്തുതുടങ്ങി. 1497 -ല്‍ ഭര്‍ത്താവ് മരിച്ചു. അതോടെ കത്രീന ആശുപത്രിയിലെ മുഴുവന്‍സമയ ശുശ്രൂഷകയായി. 1510 സെപ്റ്റംബര്‍ 15 -ന് കത്രീന പള്ളാട്ടോണ്‍ ആശുപത്രിയില്‍ മരിച്ചു.

വിചിന്തനം: ”ഞാന്‍ സക്രാരിയുടെ മുന്നില്‍ ചെലവിട്ട സമയമാണ് എന്റെ ജീവിതത്തിലെ ഏറ്റം നല്ല നിമിഷങ്ങള്‍” – ജനീവയിലെ വി. കാതറിന്‍.

ഇതരവിശുദ്ധര്‍ : വലേറിയന്‍ (രണ്ടാം നൂറ്റാണ്ട്) രക്തസാക്ഷി/ ആര്‍പ്രൂസ് (+507) ടൗളിലെ മെത്രാന്‍/യൂട്രോപിയ (അഞ്ചാം നൂറ്റാണ്ട്)/ ജോസഫ് ആബിബോസ് (+590)/റിബേര്‍ട്ട് (ഏഴാം നൂറ്റാണ്ട്) ബനഡിക്‌റ്റെന്‍ ആബട്ട്/ നിക്കോമേദസ് വൈദികനായ റോമന്‍ രക്തസാക്ഷി/ മെല്‍റ്റിനാ (രണ്ടാം നൂറ്റാണ്ട്) രക്തസാക്ഷിയായ കന്യക/ മെറിനൂസ് (565-620) സ്‌കോട്‌ലണ്ടിലെ മെത്രാന്‍/ ഹെര്‍ണാന്‍ (ആറാം നൂറ്റാണ്ട്)/ ലിയോസിനൂസ് (+556) മെത്രാന്‍/ മാക്‌സിമൂസ് (+310) രക്തസാക്ഷി.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.