സെപ്റ്റംബര്‍ 10: ടൊളെന്തീനോയിലെ വി. നിക്കോളാസ്

ഹെര്‍മോയ്ക്കു സമീപം സെന്റ്‌ ആഞ്ചെലോയില്‍ പുണ്യവതിയായ ഒരു മാതാവിന്റെ നിരന്തരമായ പ്രാര്‍ഥനയുടെ ഫലമായി അത്ഭുതകരമായി പിറന്ന ശിശുവാണ് വി. നിക്കോളാസ്. 1245 -ലാണ് അദ്ദേഹം ജനിച്ചത്. മാമ്മോദീസായില്‍ പ്രാപിച്ച വിശുദ്ധി ഒരിക്കലും അദ്ദേഹം നഷ്ടപ്പെടുത്തിയിരുന്നില്ല. നിരന്തരം പ്രാർഥിക്കാന്‍ ആഗ്രഹിച്ചിരുന്ന ഈ ബാലന്‍, ദരിദ്രരോട് അതിസാധാരണമായ കരുതലും സ്‌നേഹവുമാണ് പ്രകടിപ്പിച്ചിരുന്നത്.

കഠിനമായ പ്രായശ്ചിത്തപ്രവൃത്തികള്‍ അനുഷ്ഠിച്ചിരുന്ന നിക്കോളാസ്, തന്റെ പതിനെട്ടാമത്തെ വയസ്സില്‍ വി. അഗസ്റ്റിന്റെ സന്യാസ സഭയില്‍ പ്രവേശിച്ചു. സഭാനിയമം അനുവദിച്ചിരുന്നതിലും അധികമായ തപക്രിയകളാണ് വിശുദ്ധന്‍ അവിടെ അനുഷ്ഠിച്ചുകൊണ്ടിരുന്നത്. ദൈവത്തെ അതിയായി സ്‌നേഹിച്ച ലോറന്‍സ് അവിടുത്തെ കരങ്ങളില്‍ വഹിക്കുന്ന പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. വിശുദ്ധന്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന സമയത്ത് കണ്ണുനീര്‍ ധാരയായി ഒഴുകിയിരുന്നു. ഒരു വിശുദ്ധന്‍ കുര്‍ബാന അര്‍പ്പിക്കുന്നതുപോലെയാണ് ജനങ്ങള്‍ അദ്ദേഹത്തിന്റെ കുര്‍ബാനയില്‍ പങ്കെടുത്തിരുന്നത്.

മരിച്ചവരുടെ ആത്മാക്കള്‍ക്കുവേണ്ടി പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന മിക്ക അവസരങ്ങളിലും വിശുദ്ധന്‍ ആര്‍ക്കുവേണ്ടിയാണോ കുര്‍ബാനയര്‍പ്പിച്ചത് ആ ആത്മാവ് ദൈവസന്നിധിയില്‍ പ്രവേശിച്ചുവെന്ന് അദ്ദേഹം അറിഞ്ഞിരുന്നു. പാപികളുടെ മാനസാന്തരത്തിനുവേണ്ടി പ്രയത്‌നിച്ചിരുന്ന വിശുദ്ധനെ, ഇനിയും പാപവഴി ഉപേക്ഷിക്കാത്ത അനേകര്‍ ഉണ്ടെന്നുള്ള വിചാരം വല്ലാതെ വേദനിപ്പിച്ചു.

ദൈവത്തെയും മനുഷ്യനെയും സേവിക്കാന്‍ സദാ പരിശ്രമിച്ചിരുന്ന അദ്ദേഹത്തെ, തന്റെ സ്വപ്നങ്ങളെക്കുറിച്ചുള്ള ഭയം സദാ അലട്ടിയിരുന്നു. “ഞാന്‍ സേവിക്കുന്ന കര്‍ത്താവിന്റെ മുന്നില്‍ സ്വര്‍ഗരാജ്യംപോലും പരിശുദ്ധിയുള്ളതല്ലാത്ത സ്ഥിതിക്ക് പാപിയായ ഞാന്‍ അദ്ദേഹത്തിന്റെ സന്നിധിയില്‍ എപ്രകാരം നില്‍ക്കും” എന്ന് വിശുദ്ധന്‍ എപ്പോഴും പറഞ്ഞിരുന്നു. ഇത്തരം ചിന്തകളാല്‍ അസ്വസ്ഥതപ്പെട്ടിരുന്ന വിശുദ്ധന് ഒരിക്കല്‍ പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട് ഇപ്രകാരം പറഞ്ഞു: “നിക്കോളാസേ! നീ ഭയപ്പെടേണ്ടാ നിന്നില്‍ യാതൊരു പാപവുമില്ല.” ഇതിനുശേഷമാണ് വിശുദ്ധന് ആത്മസമാധാനം ലഭിച്ചത്.

അവസാനം മരണത്തോടടുത്തപ്പോള്‍ വിശുദ്ധന്റെ മുഖം സന്തോഷത്താല്‍ പ്രശോഭിച്ചിരുന്നു. ഈശോമിശിഹായും ദൈവമാതാവും വി. അഗസ്റ്റിനും തങ്ങളോടു കൂടി ചേരുന്നതിനായി തന്നെ ക്ഷണിക്കുന്നതായി വിശുദ്ധന്‍ ദര്‍ശിച്ചു. 1306 സെപ്റ്റംബര്‍ 10 -ാം തീയതി നിക്കോളസ് നിത്യസമ്മാനത്തിനായി ഈ ലോകത്തുനിന്നു യാത്രയായി.

വിചിന്തനം: ഹ്രസ്വമായ അധ്വാനത്തിനുപകരം നിത്യസമ്മാനവും ക്ഷണികമായ അപമാനങ്ങള്‍ക്കുപകരം നിത്യമഹത്വവും ദൈവം നല്‍കും.

ഇതരവിശുദ്ധര്‍: ബാരിപ്‌സാസ് (ഒന്നാം നൂറ്റാണ്ട്)/ വി. ഔബര്‍ട്ട് (എട്ടാം നൂറ്റാണ്ട്)/അപ്പോളിനാരിസ് ഫ്രാങ്കോ (+1600)/ ഓട്ട്ര്‍ട്ട് (+725) മെത്രാന്‍/ സ്ലാവിയൂസ് (+524) ആല്‍ബിയിലെ മെത്രാന്‍/കാന്‍ഡിഡാ (+586)/ഡോമിനിക്ക്(+1622) ജാനിലെ രക്തസാക്ഷി ഫ്രാന്‍സീസ് ഡി മോറേല്‍സ്(+1622) രക്തസാക്ഷി/ വെരാനൂസ് (+480) വെനീസിലെ മെത്രാന്‍/ ഫിനിയാന്‍ (+579)/മെനോഡോറാ (+306) രക്തസാക്ഷി.

ഫാ. ജെ. കൊച്ചുവീട്ടില്‍

1 COMMENT

  1. വളരെ നല്ല ആത്‌മീയ വാക്യങ്ങൾ ഈശോയ്ക്കു നന്ദി…. ഈശോ എന്നും അനുഗ്രഹമായി നിങ്ങളിൽ നിറയട്ടെ ആമേൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.