ഒക്‌ടോബര്‍ 04: വി. ഫ്രാന്‍സിസ് അസ്സീസി (1181-1226)

1181 -ല്‍ ഇറ്റലിയിലെ അസ്സീസിയിലാണ് ഫ്രാന്‍സിസ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ധനികനും പട്ടുവസ്ത്രവ്യാപാരിയുമായ പീറ്റര്‍ ബര്‍ണാദോനും മാതാവ് പീക്കായുമായിരുന്നു. അമ്മ മകനെ ദൈവഭക്തിയിലും സുകൃതങ്ങളിലും വളര്‍ത്തി. ലൗകികമായി, പ്രശസ്തനായ ഒരു പുത്രനെയാണ് പീറ്റര്‍ സ്വപ്നം കണ്ടത്. അതിനാല്‍ കച്ചവടകാര്യങ്ങളില്‍ മകനെ നിയോഗിച്ചു. ധനവും സ്വാതന്ത്ര്യവും കിട്ടിയപ്പോള്‍ ഫ്രാന്‍സിസ് ലോകാഡംബരങ്ങളിലും ആര്‍ഭാടങ്ങളിലും മുഴുകി യുവരാജാവിനെപ്പോലെ ജീവിച്ചു. 1202 -ല്‍ സൈനികസേവനത്തിനു പുറപ്പെട്ട ഫ്രാൻസിസ് പരാജിതനും രോഗിയുമായാണ് തിരിച്ചെത്തിയത്.

ലൗകായതികത്വവും ദൈവസ്‌നേഹവും കലര്‍ന്ന ഫ്രാന്‍സിസിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടായി. കൂട്ടുകാരുമൊത്ത് ഉല്ലസിച്ചിരുന്ന ഒരു രാത്രി ഫ്രാന്‍സിസ് ദൈവസ്വരം ശ്രവിച്ചു: “ആരെ സേവിക്കയാണ് ഉത്തമം? യജമാനനെയോ, ദാസനെയോ?” “യജമാനനെ” എന്ന് അവന്‍ ഉറച്ചു പറഞ്ഞു. “എന്നാല്‍ വീട്ടിലേക്കു  മടങ്ങൂ; എന്താണ് കരണീയമെന്ന് വീട്ടില്‍ ചെല്ലുമ്പോള്‍ അറിയിക്കാം.”

ദൈവസ്വരം ശ്രവിച്ച ഫ്രാന്‍സിസ് വളരെയധികം പ്രാർഥിച്ചു. ഭിക്ഷുക്കളെ സഹായിക്കാന്‍ തല്പരനായി. എന്നാല്‍ പിതാവ് ദാനധര്‍മ്മം നിരുത്സാഹപ്പടുത്തി. പക്ഷേ, ദരിദ്രരോടുള്ള അനുകമ്പ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ അന്തര്‍ലീനമായിക്കിടന്നിരുന്നു. തന്നിമിത്തം പിതാവിന്റെ കടയില്‍നിന്ന് പണവും വസ്ത്രവുമൊക്കെ ദരിദ്രര്‍ക്കുനല്‍കി. ദരിദ്രരെ ശുശ്രൂഷിക്കുകയും കുഷ്ഠരോഗികളെ ആശ്ലേഷിക്കുകയും ചെയ്യുമ്പോള്‍ അത് ഈശോയ്ക്കു ചെയ്യുന്നതുപോലെയാണ് ഫ്രാന്‍സീസിന് അനുഭവപ്പെട്ടത്.

ഇപ്രകാരം നവജീവിതമാരംഭിച്ച ഫ്രാന്‍സിസ്, ദീര്‍ഘനേരം ദേവാലയത്തില്‍ പ്രാര്‍ഥനാനിരതനായി കഴിഞ്ഞുകൂടി. ഒരു ദിവസം പ്രാര്‍ഥനക്കിടയില്‍ ഈശോയുടെ സ്വരം ഫ്രാന്‍സിസ് ശ്രവിച്ചു: “എന്റെ ദേവാലയം പുതുക്കിപ്പണിയുക.” വി. ഡാമിയന്റെ, കേടുവന്ന ദേവാലയം പുതുക്കിപ്പണിയാന്‍ വീട്ടില്‍നിന്ന് പണമെടുത്തതിന് പിതാവിന്റെ ശകാരമേല്‍ക്കേണ്ടിവന്നു. മെത്രാന്റെ പക്കല്‍ പിതാവ് പരാതിനല്‍കി. ഫ്രാന്‍സിസ് അരമനയില്‍ചെന്ന് വിലപിടിച്ച തന്റെ വസ്ത്രങ്ങളെല്ലാം അഴിച്ചുവച്ചു. അവയും കുടുംബസ്വത്തിലുള്ള തന്റെ ഓഹരിയും പിതാവ് യഥേഷ്ടം ഉപയോഗിച്ചുകൊള്ളട്ടെ എന്ന് രേഖപ്പെടുത്തി, ഒരു യാചകനെപ്പോലെ തെരുവിലേക്കിറങ്ങി. ഇനിമേല്‍ ദൈവംമാത്രമേ എനിക്ക് പിതാവായിട്ടുള്ളൂ എന്ന് ഫ്രാന്‍സിസ് പ്രഖ്യാപിച്ചു. തെരുവിലേക്കിറങ്ങിയ ഫ്രാന്‍സിസിന്റെ ജീവിതരീതിയില്‍ ആകൃഷ്ടരായി ചിലര്‍ അദ്ദേഹത്തോടു ചേര്‍ന്നു. എല്ലാവരെയും കൂട്ടിച്ചേര്‍ത്ത് ഫ്രാന്‍സിസ് വളരെ സമയം പ്രാര്‍ഥനയില്‍ ചെലവഴിച്ചിരുന്നു. ക്രൂശില്‍നിന്ന് തന്നോടു സംസാരിച്ച ഈശോയുടെ സഹനത്തില്‍ പങ്കുചേരാന്‍ തീവ്രമായി ആഗ്രഹിച്ച ഫ്രാന്‍സിസിന് 1224 -ല്‍ പഞ്ചക്ഷതങ്ങള്‍ ലഭിച്ചു.

ദിവ്യകാരുണ്യനാഥന് സ്വയം സമര്‍പ്പിച്ച ഫ്രാന്‍സിസ്, ആറാംപട്ടം വരെ സ്വീകരിച്ചു. വിനയംനിമിത്തം പൗരോഹിത്യം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. തന്നോടൊപ്പമുണ്ടായിരുന്നവരെ കൂട്ടി സുവിശേഷദാരിദ്ര്യം അനുഷ്ഠിച്ചുജീവിക്കാൻ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ അംഗീകാരം തേടി. ബനഡിക്‌ടൈന്‍ സന്യാസിനികളില്‍നിന്നു ലഭിച്ച പോര്‍സ്യുങ്കുല ദേവാലയം കേന്ദ്രമാക്കി ഫ്രാന്‍സിസ്‌ക്കന്‍ സഭയ്ക്ക് രൂപംകൊടുത്തു.

പ്രഭുകുമാരി ക്ലാര, ഫ്രാന്‍സിസിനെ അനുഗമിച്ചതോടുകൂടി ഫ്രാന്‍സിസ്‌ക്കന്‍ വനിതാവിഭാഗത്തിന് തുടക്കംകുറിച്ചു. നാലാം ലാറ്ററന്‍ കൗണ്‍സിലില്‍ വച്ച് വി. ഡൊമിനിക്കുമായി സൗഹൃദം സ്ഥാപിച്ചു. പെറുജിയായില്‍വച്ച് പരിചയപ്പെട്ട കര്‍ദിനാള്‍ ഹുഗോലിനെ സഭയുടെ സംരക്ഷകനാക്കി. ‘സ്‌നേഹിക്കെപ്പടാത്ത സ്‌നേഹമായ ഈശോയെ സ്‌നേഹിക്കാനും മറ്റുള്ളവരെക്കൊണ്ട് സ്‌നേഹിപ്പിക്കാനും’ ആഗ്രഹിച്ച ഫ്രാന്‍സിസ്, സഹോദരന്മാരെ വിശാലലോകത്തിലേക്ക്  വചനപ്രഘോഷണത്തിനായി അയച്ചുതുടങ്ങി. ആറു സഭാംഗങ്ങള്‍ മൊറോക്കോയില്‍ വച്ച് രക്തസാക്ഷികളായി. താമസിയാതെ സഭാനേതൃത്വം ഫ്രാന്‍സിസ് മറ്റുള്ളവരിലേക്കു കൈമാറി. 1221 -ല്‍ അത്മായഗണത്തിന് തിരുസഭ ഔദ്യോഗിക അംഗീകാരം നല്‍കി.

ഈശോയുടെ ജനനം ചിത്രീകരിച്ച് പുല്‍ക്കൂട് നിര്‍മ്മാണം ആരംഭിച്ചത് ഫ്രാന്‍സിസാണ്. 1226 ഒക്‌ടോബര്‍ മൂന്നാം തീയതി സായാഹ്നത്തില്‍ 142 -ാം സങ്കീര്‍ത്തനം ആലപിച്ചുകൊണ്ട് തറയില്‍കിടന്നാണ് ഫ്രാന്‍സിസ് ലോകത്തോട് വിടപറഞ്ഞത്. 1228 -ല്‍ വിശുദ്ധനായി അംഗീകരിക്കപ്പെട്ടു.

വിചിന്തനം: ദൈവപുത്രന്‍ അള്‍ത്താരയില്‍ പുരോഹിതന്റെ കയ്യില്‍ കാണപ്പടുമ്പോള്‍ മനുഷ്യന്‍ ഭയന്നുവിറയ്ക്കുകയും ലോകം പ്രകമ്പനംകൊള്ളുകയും സ്വര്‍ഗരാജ്യത്തിലാകെ അതിശക്തമായ ചലനമുണ്ടാവുകയും ചെയ്യും – ഫ്രാന്‍സീസ് അസ്സീസി.

ഇതരവിശുദ്ധര്‍: അമ്മോണ്‍ (+350) ആശ്രമസ്ഥാപകന്‍/ ക്രിസ്പൂസും കായൂസും (ഒന്നാം നൂറ്റാണ്ട്) രക്തസാക്ഷികള്‍/ ഹൈറോതിയൂസ് മെത്രാന്‍/ ക്വിന്റിയൂസ് (+570)/ പെട്രോണിയൂസ് (+450) സൊളോഞ്ഞായിലെ മെത്രാന്‍/ അഡൗക്ത്തൂസ് (+34)/ ഔറെയാ (+666) ആബെസ്/ ഡോമിനാ (+310) സിറിയായിലെ രക്തസാക്ഷി.

ഫ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.