ഒക്‌ടോബര്‍ 7: വി. ഒസീത്ത്

ഒരു മെഴ്‌സിയന്‍ ഭടനായകന്റെ പുത്രിയായ ഒസീത്ത്, ആല്‍സ്ബറിയിലെ സന്യാസിനികളോടൊത്താണ് വളര്‍ന്നത്. സ്വാഭാവികമായിത്തന്നെ സന്യാസിനിയാവണമെന്ന് അവള്‍ നിശ്ചയിക്കുകയുംചെയ്തു. എന്നാല്‍ മാതാപിതാക്കളുടെ നിര്‍ബന്ധംനിമിത്തം കിഴക്കന്‍ സാക്‌സണിലെ രാജാവായ സിഖേറുമായി വിവാഹവാഗ്ദാനം ചെയ്തു.

നായാട്ടില്‍ അതീവതല്‍പരനായ സിഖേര്‍ വിവാഹത്തിനുശേഷവും പരിവാരങ്ങളോടൊത്ത് പലപ്പോഴും വന്യമൃഗങ്ങളെ വേട്ടയാടാന്‍ കാട്ടിലേക്കുപോയിരുന്നു. ഒസീത്താവട്ടെ, ആ അവസരം ഉപയോഗിച്ച് കിഴക്കന്‍ ആംഗ്ലിയായിലെ മെത്രാന്മാരായ അക്കായെയും ബഡ്വിനെയുംകണ്ട് തന്റെ അഭിമതമറിയിച്ചു. സിഖേര്‍ നായാട്ടുകഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ വധുവിനെ കാണാതെ ദുഃഖിച്ചു. എങ്കിലും വസ്തുതകളെല്ലാം മനസ്സിലാക്കിയപ്പോള്‍ ഒസീത്തയ്ക്ക് അവളുടെ ഇഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കി; ചിച്ചില്‍ വാസയോഗ്യമായ കുറേ സ്ഥലവും നല്‍കി. അവിടെ ഒസീത്ത് ഒരു ആശ്രമം പണിയിച്ച് ഏതാനും സന്യാസിനിമാരോടൊത്ത് തപശ്ചര്യകള്‍ അനുഷ്ഠിച്ചുകൊണ്ട് ശാന്തജീവിതം നയിച്ചു.

അപകടകരമായ ഒരു സ്ഥലത്താണ് ആ ആശ്രമം സ്ഥിതിചെയ്തിരുന്നത്. ഒരിക്കല്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തിന് അത് ഇരയായി. കൊള്ളക്കാര്‍ ഒസീത്തിനെ ബലാല്‍ക്കാരേണ പിടിച്ചുകൊണ്ടുപോകാന്‍ തുനിഞ്ഞു. ഒസീത്ത് ശക്തിയുക്തം ചെറുത്തിട്ടും രക്ഷയുണ്ടായില്ല. അവര്‍ അവളെ ശിരച്ഛേദം ചെയ്തു. മൃതദേഹം ക്രിസ്ത്യാനികള്‍ ആല്‍സ്ബറിയിലും പിന്നീട് തിരിയെ ചിച്ചിലും കൊണ്ടുവന്നു സംസ്‌കരിച്ചു.

വിചിന്തനം: ഞാന്‍ ദിവസംമുഴുവന്‍ ദൈവത്തില്‍ മഹത്വം തേടും; ആഹ്ളാദിച്ചാനന്ദിക്കും. ബലഹീനകളില്‍ ഞാന്‍ അഭിമാനം കൊള്ളും.

ഇതരവിശുദ്ധര്‍: അഡാര്‍ജിസ് (+850)നവാരെയിലെ മെത്രാന്‍/പാദുവായിലെ ജസ്റ്റീന(+304)/അപ്പുളിയൂസ് (ഒന്നാം നൂറ്റാണ്ട്) രക്തസാക്ഷി/ ഡുബ്ടാഷ്(+513)/ ആര്‍മാഘിലെ മെത്രാപ്പോലീത്താ/ വി. മാര്‍ക്ക് (336-336) പല്ലാഡിയൂസ് (+590) സെയ്‌നെറ്റ്‌സിലെ മെത്രാന്‍/അഗസ്റ്റസ് (ആറാം നൂറ്റാണ്ട്) ബോര്‍ഗിലെ ആബട്ട് കാനോഗ്(+492)/ ഹെലാനൂസ് (ആറാം നൂറ്റാണ്ട്) ഐറിഷ് വൈദികന്‍.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.