ഒക്‌ടോബര്‍ 05: വി. മരിയ ഫൗസ്തീനാ കൊവാല്‍സ്‌ക്കി (1905-1938)

1905 ആഗസ്റ്റ് 25 -ാം തീയതി പോളണ്ടില്‍ ഗ്ലോഗമീസ് എന്ന ഗ്രാമത്തില്‍ കൊവാല്‍സ്‌ക്കി കുടുംബത്തിലാണ് മരിയ ജനിച്ചത്. ജ്ഞാനസ്‌നാന നാമം ഹെലന്‍ എന്നായിരുന്നു. 29 -ാമത്തെ വയസ്സില്‍ ഹെലന്‍, മാഗ്ദലിന്‍ സഹോദരിമാരുടെ മഠത്തില്‍ ചേര്‍ന്നു. മൂന്നുപ്രാവശ്യം മാതാപിതാക്കള്‍ ഹെലന്റെ മഠപ്രവേശനത്തിന് പ്രതികൂലമായി പ്രതികരിച്ചെങ്കിലും അവസാനം സമ്മതം നല്‍കി. സന്യാസിനിയാകാനുള്ള വിദ്യാഭ്യാസയോഗ്യത ഇല്ലാതിരുന്നതിനാല്‍ തുണസഹോദരിയായിട്ടാണ് അവളെ മഠത്തില്‍ സ്വീകരിച്ചത്.

പരിശീലന കാലഘട്ടം കഴിഞ്ഞ് വ്രതാനുഷ്ഠാനം നടത്തിയപ്പോള്‍ മരിയ ഫൗസ്റ്റീനാ എന്ന നാമം സ്വീകരിച്ചു. പാചകം, തോട്ടപ്പണി, വാതില്‍സൂക്ഷിപ്പ് തുടങ്ങിയ എളിയ ജോലികളാണ് ഫൗസ്റ്റീനായെ ഏല്പിച്ചത്. 1931 ഫെബ്രുവരി 22 -ന് ഈശോ ഒരു പ്രത്യേക ദര്‍ശനം അരുളിക്കൊണ്ട് അവളെ തന്റെ ദൗത്യവാഹകയായി തിരഞ്ഞെടുത്തു. വിശുദ്ധയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന ദര്‍ശനങ്ങളുടെ ഫലമായി അവള്‍ പലരുടെയും നിന്ദാവിഷയമായി മാറി. ശ്വാസകോശസംബന്ധമായ രോഗവും അവളെ അലട്ടി. തനിക്ക് അനുഭവപ്പെട്ട വേദനകളും നിന്ദനങ്ങളുമെല്ലാം ഈശോയുടെ സഹനങ്ങളോടു ചേര്‍ത്ത് വൈദികരുടെ വിശുദ്ധീകരണത്തിനും തിരുസഭയുടെ ആവശ്യങ്ങള്‍ക്കും വളര്‍ച്ചയ്ക്കും ലോകം മുഴുവന്റെയും നന്മയ്ക്കുംവേണ്ടി അവള്‍ സമര്‍പ്പിച്ചു.

1938 ഒക്‌ടോബര്‍ അഞ്ചാം തീയതി 33 -ാമത്തെ വയസ്സില്‍ നിര്യാതയായ ഫൗസ്തീനായെ സ്വന്തം നാട്ടുകാരനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ജൂബിലി വര്‍ഷമായ രണ്ടായിരാമാണ്ട് ഏപ്രില്‍ 30 -ാം തീയതി വിശുദ്ധയായി പ്രഖ്യാപിച്ചു.

വിചിന്തനം: തന്നില്‍ത്തന്നെ സംതൃപ്തനായ മനുഷ്യന്‍ ദൈവത്തെ വെറുപ്പിക്കുന്നു. മനുഷ്യരുടെ പ്രശംസകള്‍ ഒരാള്‍ ആഗ്രഹിക്കാന്‍ തുടങ്ങുമ്പോള്‍ യഥാര്‍ഥപുണ്യങ്ങള്‍ അവനില്‍നിന്ന് എടുത്തുനീക്കുന്നു.

ഇതരവിശുദ്ധര്‍: പ്ലാസിഡും അനുയായികളും (515-546) രക്തസാക്ഷികള്‍/ ഫ്‌ളോറാ (+1347)/ അലക്‌സാണ്ടര്‍ (മൂന്നാം നൂറ്റാണ്ട്/ അപ്പോളിനാരിസ് (+520) വാലെന്‍സിലെ മെത്രാന്‍/ അറ്റിലാനൂസ് (930-1009) സമോരായിലെ മെത്രാന്‍/ തോസീസ് (+170)/ വാഴ്ത്തപ്പെട്ട ആല്‍ബര്‍ട്ട് മാര്‍വെല്ലി (1918-1946)/ വാഴ്ത്ത. ഫ്രാന്‍സിസ് സേവ്യര്‍ സെലോസ് (1819 1867)/ ഗില്ലാ (+550)/ അന്ന (1882-1925)/ അമെര്‍ഡ് (965)

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.