ഒക്ടോബര്‍ 10: വി. ഫ്രാന്‍സീസ് ബോര്‍ജിയാ

വലെന്‍സിയായിലെ ഗാന്റിയ എന്ന പ്രദേശത്ത് 1510-ലാണ് വി. ഫ്രാന്‍സീസ് ബോര്‍ജിയാ ജനിച്ചത്. ബാല്യം മുതലേ ക്രൈസ്തവഭക്തിയില്‍ വളര്‍ന്നു വന്ന ഫ്രാന്‍സീസ് കാലോചിതമായ വിദ്യാഭ്യാസം അഭ്യസിച്ചതിനുശേഷം ഇസബെല്‍ ചക്രവര്‍ത്തിനിയുടെ നിര്‍ദേശപ്രകാരം ഏലിനര്‍ ദെകാസ്തോ എന്ന പ്രഭ്വിയെ വിവാഹം ചെയ്തു. തികച്ചും സന്തുഷ്ടമായിരുന്നു അവരുടെ കുടുംബ ജീവിതം.

1539-ല്‍ ഇസബെല്‍ ചക്രവര്‍ത്തിനി നിര്യാതയായി. ചക്രവര്‍ത്തിനിയുടെ മൃതശരീരം ഗ്രാനഡാ യിലെ രാജകീയ ശ്മശാനത്തിലേക്കു പട്ടാളത്തിന്റെ അകമ്പടിയോടെ കൊണ്ടുവരുവാനുള്ള ചുമതല, ഗാണ്ടിയിലെ പ്രഭുവും കാറ്റലോണിയായിലെ സേനാനായകനും ധനവാനുമായിരുന്ന ഫ്രാന്‍സീസിനായിരുന്നു ലഭിച്ചത്. മൃതശരീരം കല്ലറയിലേക്കു വയ്ക്കുന്നതിനുമുമ്പ് പെട്ടിതുറന്ന് മൃതദേഹം പരിശോധിക്കേണ്ട ചുമതല ഫ്രാന്‍സീസിനുണ്ടായിരുന്നു. അതിനായി അദ്ദേഹം പെട്ടി തുറന്നു. അതിസൗന്ദര്യവതിയായിരുന്ന ചക്രവര്‍ത്തിനിയില്‍ മരണം വരുത്തിതീര്‍ത്ത മാറ്റം അദ്ദേഹത്തിന്റെ ഹൃദയത്തെവല്ലാതെ അസ്വസ്ഥതപ്പെടുത്തി. ലോകസൗന്ദര്യങ്ങളുടെയും ആര്‍ഭാടങ്ങളുടെയും നിസ്സാരതയേ മനസിലാക്കിയ ഫ്രാന്‍സീസ് പുതിയൊരു ജീവിതം തുടങ്ങുവാന്‍ ആഗ്രഹിച്ചു. പക്ഷേ അദ്ദേഹത്തിന അതിനായി കുറെക്കാലംകൂടി കാത്തിരിക്കേണ്ടി വന്നു.

ഭാര്യയുടെ മരണശേഷം തന്റെ 36-ാമത്തെ വയസില്‍ ഫ്രാന്‍സീസ് സകലതും ഉപേക്ഷിച്ച് ഈശോ സഭയില്‍ പ്രവേശിച്ചു. 1551-ല്‍ ഫ്രാന്‍സീസ് പുരോഹിതനായി. താന്‍ രാജപ്രതിപുരുഷനായി ഭരിച്ചിരുന്ന നാടുകളിലൂടെ കീറിപ്പറിഞ്ഞ വസ്ത്രവും ധരിച്ച് അഗതികളായ കൃഷിക്കാരോടു കുരിശില്‍ തറക്കട്ടെ മിശിഹായെ പ്രസംഗിച്ചുകൊണ്ടു നടന്നു. യാതൊരു സ്ഥാനമാനങ്ങളും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. പക്ഷേ പിന്നീട് വിശുദ്ധന്‍ സഭയുടെ സാര്‍വത്രിക ശ്രേഷ്ഠനായി തിരഞ്ഞെടുക്കെപ്പട്ടു. എന്നാല്‍ സ്ഥാനമാനങ്ങള്‍ ഉണ്ടാകുന്നതനുസരിച്ചു വിശുദ്ധന്‍ സ്വയം കൂടുതല്‍ എളിമെപ്പടുത്തിക്കൊണ്ടിരുന്നു. പല രാജ്യങ്ങളിലായി മുത്തൊന്നോളം കോളജുകള്‍ ഇദ്ദേഹം സ്ഥാപിച്ചു. ഫ്ളോറിഡാ, മെക്സിക്കോ, ക്രീറ്റ്, പെറു തുടങ്ങിയ രാജ്യങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനം കൂടുതല്‍ ശക്തിടെുത്തുകയും ചെയ്തു.

വിശുദ്ധന്‍ തന്റെ ജീവിതത്തില്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലായിരുന്നെങ്കിലും, താന്‍ എല്ലാവരിലും നീചനാണെന്നുള്ള വിചാരം സദാ അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നു. തുര്‍ക്കികള്‍ ക്രിസ്തീയരാജ്യങ്ങളെ ആക്രമിക്കുവാന്‍ തയാറെടുത്തപ്പോള്‍, അവര്‍ക്കെതിരായി ക്രിസ്തീയരാജാക്കന്മാരെ അണിനിരത്തുവാനായി, അഞ്ചാം പീയൂസ് പാപ്പാ വിശുദ്ധനെയും നിയോഗിച്ചു. ഈ ഉദ്യമത്തിനിടെ ക്ഷീണിതനായ അദ്ദേഹം 1522 ഒക്ടോബര്‍ 10-ാം തീയതി നിര്യാതനായി.

വിചിന്തനം: ഒരുവന്‍ ലൗകികാവശ്യങ്ങളില്‍ നിന്ന് എത്രയ്ക്ക് അകന്നിരിക്കുന്നുവോ അത്രയ്ക്ക് ദൈവത്തോടു സമീപിക്കുന്നു.

ഇതരവിശുദ്ധര്‍ : അല്‍ഡെറിക്കൂസ് (790-841)സെന്‍സിലെ മെത്രാപ്പോലീത്താ/ വിക്ടറും കൂട്ടരും (286) കാസിയൂയും കൂട്ടരും(+303) ഫള്‍ക്ക്/പൗളീനൂസ്(+843) കാപുവായിലെ മെത്രാന്‍/ജെറിയോണ്‍(+304)/സെര്‍ബോണിയൂസ്(+400)വെറോണായിലെ മെത്രാന്‍/റ്റാന്‍ക്കാ(+637)രക്തസാക്ഷിയായ കന്യക/ജെര്‍ക്കോണ്‍(മൂന്നാം നൂറ്റാണ്ട്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ