നവംബര്‍ 09: വാഴ്ത്തപ്പെട്ട ഗബ്രിയേല്‍ ഫെറെറ്റി

1385 -ല്‍ പുരാതന ഫെറെറ്റി പ്രഭുകുടുംബത്തിലാണ് ഗബ്രിയേല്‍ ജനിച്ചത്. ദൈവഭക്തരായിരുന്ന മാതാപിതാക്കള്‍ ചെറുപ്പംമുതലേ ഗബ്രിയേലിനെ ദൈവസ്‌നേഹത്തില്‍ വളര്‍ത്തി. 1403 -ല്‍ അദ്ദേഹം ഫ്രാന്‍സിസ്‌ക്കന്‍ സഭയില്‍ ചേര്‍ന്നു.

25 -ാമത്തെ വയസില്‍ വൈദികനായ ഗബ്രിയേല്‍, താമസിയാതെ അങ്കോനായിലെ  മാര്‍ച്ചസില്‍ മിഷന്‍പ്രവര്‍ത്തനത്തിന് അയയ്ക്കപ്പെട്ടു. 15 വര്‍ഷക്കാലം വിജയകരമായി പ്രേഷിതപ്രവര്‍ത്തനം നടത്തി. പിന്നീട് അങ്കോനായിലെ ആശ്രമാധിപനും മാര്‍ച്ചസിലെ പ്രൊവിന്‍ഷ്യലുമായി ശുശ്രൂഷചെയ്തു.

അസ്സീസിയിലേക്കുള്ള ഒരു യാത്രാവേളയില്‍ ഫോളിഞ്ഞോയിലേ ഫ്രാന്‍സിസ്‌ക്കന്‍ ആശ്രമത്തില്‍ പ്രാർഥിക്കാന്‍ ചെന്നു. ഇദ്ദേഹം ഒരു സഹോദരനായിരിക്കുമെന്നുകരുതിയ കപ്യാര്‍, തത്സമയം ബലിയര്‍പ്പിക്കാന്‍വന്ന വൈദികനെ സഹായിക്കാന്‍ നിര്‍ദേശിച്ചു. ദിവ്യബലിക്കു ശുശ്രൂഷിച്ചത് മാര്‍ച്ചസിലേ പ്രൊവിന്‍ഷ്യലാണെന്നറിഞ്ഞ ആശ്രമാധിപന്‍ കപ്യാരെ ശകാരിച്ചു. എന്നാല്‍, പരിശുദ്ധ കുര്‍ബാനയ്ക്ക് സഹായിക്കാന്‍ അവസരംകിട്ടുന്നത് വലിയ ആനുകൂല്യമാണെന്നുപറഞ്ഞ് ഗബ്രിയേല്‍ കപ്യാരെ ന്യായീകരിച്ചു.

സഭാകാര്യങ്ങളില്‍ വളരെ തല്പരനായിരുന്നു ഗബ്രിയേല്‍. ദിവ്യകാരുണ്യനാഥനോടും പരിശുദ്ധ കന്യകാമറിയത്തോടും പുലര്‍ത്തിയിരുന്ന അസാധാരണമായ ഭക്തിയും സ്‌നേഹവും അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ പ്രകടമായിരുന്നു. കര്‍ത്താവിന്റെയും പരിശുദ്ധ അമ്മയുടെയും ദര്‍ശനങ്ങള്‍ പലപ്രാവശ്യം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1546 -ല്‍ അങ്കോനായിലെ ആശ്രമത്തില്‍വച്ച് ഗബ്രിയേല്‍ മരണംപ്രാപിച്ചു. മൃതദേഹം ഇന്നും അഴുകിയിട്ടില്ല. ഗബ്രിയേലിന്റെ മാധ്യസ്ഥ്യത്താല്‍ ലഭിച്ച അനുഗ്രഹങ്ങള്‍ പരിഗണിച്ചുകൊണ്ട് 14-ാം ബനഡിക്ട് മാര്‍പാപ്പാ ഗബ്രിയേലിനോടുള്ള വണക്കം പരസ്യമായി അംഗീകരിച്ചു.

വിചിന്തനം: “മനഃസാക്ഷി നിര്‍മ്മലമായിരിക്കാന്‍ ശരീരത്തെയും അതിന്റെ ദുര്‍മോഹങ്ങളെയും നിഗ്രഹിക്കുക. വാനവദൂതന്മാരുടെ ഗണത്തില്‍ ചോരാന്‍ ഇതാണ് മാര്‍ഗം.”

ഇതരവിശുദ്ധര്‍ : തെയഡോര്‍ ടീറോ +(306)/അലക്‌സാണ്ടര്‍ (നാലാം നൂറ്റാണ്ട്)/പാബൊ(510)/യൂസ്റ്റോലിയായും സൊപഹ്പാത്രായും (ഏഴാം നൂറ്റാണ്ട്)/വിറ്റോണിയൂസ് +(525)വെര്‍ഡൂണിലെ മെത്രാന്‍/ഒറെസ്റ്റസ്+(304)കപ്പചോദ്യായിലെ രക്തസാക്ഷി/ഉര്‍സീനൂസ്(മൂന്നാം നൂറ്റാണ്ട്) ബോര്‍ജിലെ ആദ്യ മെത്രാന്‍

ഫാ. ജെ. കൊച്ചുവീട്ടില്‍

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.