നവംബര്‍ 08: പരിശുദ്ധ ത്രിത്വത്തിന്റെ എലിസബത്ത്

1880 -ല്‍ ഒരു ഫ്രഞ്ച് സൈനിക കുടുംബത്തിലാണ് എലിസബത്ത് കാറ്റെസ് ജനിച്ചത്. പ്രശസ്തയായ ഒരു പിയാനിസ്റ്റായിരുന്നു എലിസബത്ത്. അനന്തരകാലത്തുള്ള അവളുടെ ആധ്യാത്മിക കൃതികളില്‍ സംഗീതത്തിന്റെ അലയടികള്‍ ദൃശ്യമാണ്. യുവതിയായ എലിസബത്ത് ശ്രേഷ്ഠവും സുന്ദരവുമായതിനെയെല്ലാം പ്രത്യേകിച്ച്, പ്രകൃതിയെയും ഇഷ്ടപ്പെട്ടു.

ദിവ്യകാരുണ്യസ്വീകരണം വഴി ത്രിത്വൈക ദൈവത്തെ സംവഹിക്കുന്നവളാണ് താന്‍ എന്നുള്ള ചിന്ത അവളെ പ്രാര്‍ഥനാരൂപിയില്‍ വളര്‍ത്തി. നിത്യകന്യാത്വവ്രതംവഴി തന്റെ ജീവിതത്തെ ഈശോയ്ക്കു സമര്‍പ്പിക്കാന്‍ 14 -ാമത്തെ വയസ്സില്‍ പരിശുദ്ധാത്മാവിന്റെ പ്രേരണ അവള്‍ക്കുണ്ടായി. വിധവയായ അമ്മ അവളെ വിവാഹബന്ധത്തിനു പ്രേരിപ്പിച്ചു. എന്നാല്‍ ഈശോയ്ക്കുവേണ്ടി ഒരു കര്‍മ്മലീത്ത സന്യാസിനി ആയിരിക്കാനാണ് ഉള്ളിന്റെയുള്ളില്‍ അവള്‍ ആഗ്രഹിച്ചത്.

മഠത്തില്‍ ചേര്‍ന്നശേഷം ആറാം വര്‍ഷത്തില്‍ അവള്‍ തന്റെ ദിവ്യനാഥന്റെ അടുത്തേക്കു യാത്രയായി. 1984 നവംബര്‍ 25-ാം തീയതി എലിസബത്തിനെ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

വിചിന്തനം: നാം സ്വര്‍ഗത്തെ സ്‌നേഹിക്കുന്നെങ്കില്‍ ലോകസുഖങ്ങളില്‍ സന്മനസ്സോടെ സ്വര്‍ഗീയകാര്യങ്ങളെപ്പറ്റി ചിന്തിക്കും. ഞാന്‍ ലോകത്തെ സ്‌നേഹിക്കുന്നെങ്കില്‍ ലോകസുഖങ്ങളില്‍ സന്തോഷിക്കുകയും ലോകാരിഷ്ടതകളില്‍ ദുഃഖിക്കുകയും ചെയ്യും.

ഇതരവിശുദ്ധര്‍ : കസ്‌തോരിയൂസും കൂട്ടരും രക്തസാക്ഷികള്‍ കൈബി (ആറാം നൂറ്റാണ്ട്)/ജോണ്‍ സ്പാറ്റിസ്റ്റ് (1840) മോറോക്ക് (ഒമ്പതാം നൂറ്റാണ്ട്) സ്‌കോട്ടിഷ് മെത്രാന്‍/പോള്‍നാഗന്‍(+1840) രക്തസാക്ഷി

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.