ജൂലൈ 27: വിശുദ്ധ ഔറേലിയൂസ്, നത്താലിയാ

ഒമ്പതാം ശതകത്തില്‍ സ്‌പെയിന്‍, മുഹമ്മദീയ ഭരണത്തിന് വിധേയമായി. ഭരണാധികാരികള്‍ സാമാന്യമായി മതസഹിഷ്ണുത പുലര്‍ത്തിയിരുന്നെങ്കിലും ഇസ്ലാമില്‍ നിന്നും മതപരിവര്‍ത്തനം ചെയ്യുന്നതിനോ, മുഹമ്മദീയ നിയമങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിനോ ആരെയും അനുവദിച്ചിരുന്നില്ല. എന്നിരുന്നാലും പലപ്പോഴും മതമര്‍ദ്ദനം നടന്നുകൊണ്ടിരുന്നു. അന്ന് വിശ്വാസ സംരക്ഷണാര്‍ത്ഥം മരണശിക്ഷ ഏറ്റുവാങ്ങിയ രക്തസാക്ഷികളിലൊരാളാണ് ഔറേലിയൂസ്.

അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ നേരത്തെ മരണമടഞ്ഞതുകൊണ്ട് മാതൃസഹോദരിയുടെ സംരക്ഷണത്തിലാണ് ഔറേലിയൂസ് വളര്‍ന്നത്. അദ്ദേഹം രഹസ്യമായി ക്രൈസ്തവ വിശ്വാസം പുലര്‍ത്തുകയും ക്രൈസ്തവധര്‍മ്മങ്ങള്‍ക്ക് കോട്ടംതട്ടാത്തവിധം ഇസ്ലാമിക നിയമവ്യവസ്ഥിതികളോട് പൊരുത്തപ്പെട്ടുകഴിയുകയും ചെയ്തു. ആയിടയ്ക്ക് അദ്ദേഹത്തിന്റെ ഭാര്യ, സാബിഗോത്തോ ജ്ഞാനസ്‌നാനം സ്വീകരിച്ചു. ഔറേലിയൂസ് അവള്‍ക്ക് നത്താലിയാ എന്ന പേര്‍ നല്കി.

അക്കാലത്ത് ഒരു ദിവസം മുഹമ്മദിനെയും മുഹമ്മദ് മതത്തെയും ഇകഴ്ത്തിപ്പറഞ്ഞതുകൊണ്ട് ജോണ്‍ എന്ന പേരോടുകൂടിയ ഒരാളെ പടയാളികള്‍ പിടികൂടി കഠിനമായി പ്രഹരിക്കുകയും കഴുതപ്പുറത്തു കയറ്റിയിരുത്തി തെരുവീഥികളിലൂടെ കൊണ്ടുനടന്ന് പരസ്യമായി ആക്ഷേപിക്കുകയും ചെയ്തു. ഈ സംഭവം ഔറേലിയൂസിന്റെ ക്രൈസ്തവമനഃസാക്ഷിയെ ഉണര്‍ത്തി. താന്‍ ഒരു ക്രിസ്ത്യാനിയാണെന്ന സത്യം വെളിപ്പെടുത്താതെ ഉദാസീന നയം കൈക്കൊണ്ടതിനെച്ചൊല്ലി അത്യധികം ലജ്ജിച്ചു. പക്ഷേ, രണ്ടു കുട്ടികളുടെ പിതാവായ തനിക്ക് മറ്റൊന്നും തന്നെ ഫലപ്രദമായി ചെയ്യാന്‍ കഴിയുകയില്ലല്ലോ എന്നു ചിന്തിച്ച് സമാധാനിക്കുകയും ചെയ്തു. അന്നുതന്നെ ആ വിഷയം ഭാര്യയോടു പറഞ്ഞു. അനന്തരം ഇരുവരും കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊണ്ടതിനുശേഷം തങ്ങളുടെ വിശ്വാസം ഏറ്റുപറയാന്‍ തീരുമാനിച്ചു.

അധികം വൈകാതെ അവര്‍ ബന്ധിതരായി. പടയാളികള്‍ അവരെ കോടതിയില്‍ ഹാജരാക്കി. എല്ലാവരും കേള്‍ക്കെ അവര്‍ മുഹമ്മദിനെ തള്ളിപ്പറഞ്ഞതുകൊണ്ട് ഭരണാധിപന്റെ വസതിക്കു മുമ്പില്‍വച്ച് ശിരച്ഛേദം ചെയ്യപ്പെട്ടു.

വിശുദ്ധ അരിത്താസ്, എലീസ്ബാന്‍

ആറാം ശതകത്തിന്റെ ആദിമഘട്ടത്തില്‍ എത്യോപ്യയിലെ രാജാവായിരുന്ന എലീസ്ബാന്‍ ചെങ്കടലിനക്കരെ യഹൂദന്മാരുടെയും അറബികളുടെയുംമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായി ഏതാനും രാജാക്കന്മാര്‍ക്ക് സിംഹാസനം നഷ്ടപ്പെട്ടു. സ്ഥാനഭ്രഷ്ടരായ പ്രസ്തുത രാജാക്കന്മാരില്‍ ദൂനാന്‍ എന്ന പേരോടുകൂടിയ ഒരു യഹൂദന്‍ തിരിച്ചടിച്ചു. അയാളുടെ രോഷാഗ്നിക്കിരയായ ജനങ്ങളില്‍ ഏറിയകൂറും ക്രിസ്ത്യാനികളായിരുന്നു.

ക്രൈസ്തവരുടെ ശക്തികേന്ദ്രമായിരുന്ന നജ്രാന്‍ അയാള്‍ പിടിച്ചടക്കി. പല ക്രൈസ്തവദേവാലയങ്ങളും സിനഗോഗുകളാക്കി മാറ്റി. അനേകം വൈദികരെ നിഗ്രഹിച്ചു. ക്രിസ്ത്യാനികളെ ബലപ്രയോഗത്താല്‍ മതപരിവര്‍ത്തനം ചെയ്യിച്ചു. വിസമ്മതിച്ചവര്‍ക്ക് മരണശിക്ഷ നല്കി. ഈ ആക്രമണങ്ങളെ ചെറുത്തുനിന്നവര്‍ക്ക് നേതൃത്വം നല്കിയ ഒരു ധീരപുരുഷനാണ് അരിത്താസ്.

എലീസ്ബാന്‍ നജ്രാനിലെ കൂട്ടക്കൊലയെക്കുറിച്ച് കേട്ട് ക്രോധം പൂണ്ട് ഒരു വലിയ സൈന്യവ്യൂഹവുമായി ചെന്ന് ദൂനാനെ നേരിട്ടു. യുദ്ധത്തില്‍ ദൂനാന്‍ കൊല്ലപ്പെടുകയും നഗരം കീഴടക്കുകയും ചെയ്തു.

വാഴ്ത്തപ്പെട്ട റുഡോള്‍ഫ് അക്വവിവ  (1550 -1583)

1550 ഒക്ടോബര്‍ 2-ാം തീയതി നോപ്പിള്‍ സില്‍ റുഡോള്‍ഫ് ജനിച്ചു. 17-ാമത്തെ വയസ്സില്‍ 1568 ഏപ്രില്‍ 2-ാം തീയതി റുഡോള്‍ഫ് നവസന്യാസത്തില്‍ പ്രവേശിച്ചു. രോഗീപരിചരണ ജോലിയില്‍ നിയുക്തനായ റുഡോള്‍ഫ്, രോഗികളില്‍ ഈശോയെ കണ്ടുകൊണ്ട് ശുശ്രൂഷിച്ചു.

1577-ല്‍ മറ്റു മിഷനറിമാരോടുകൂടി റുഡോള്‍ഫ്, റോമില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. 1578 സെപ്റ്റംബര്‍ 13-ന് ഗോവയിലെത്തി. കരയില്‍ കാലുകുത്തിയ ഉടനെ, നിറഞ്ഞ നയനങ്ങളോടെ തറയില്‍ കമിഴ്ന്ന് ഭാരതത്തെ ഒരു ദിവസം തന്റെ രക്തത്താല്‍ അഭിഷേകം ചെയ്യാമെന്ന പ്രതീക്ഷയോടെ ചുംബിച്ചു.

അധികാരികള്‍ അദ്ദേഹത്തെ സാല്‍സെറ്റ് മിഷനിലേക്കു നിയോഗിച്ചു. അവിടുത്തെ നിവാസികള്‍, പോണ്ടു എന്ന മന്ത്രവാദിയാല്‍ പ്രേരിതരായി മിഷനറിമാരെ വധിക്കാന്‍ അവസരം പാര്‍ത്തിരുന്നു. പള്ളി പണിയെപ്പറ്റി ആലോചിച്ച് അതിനുള്ള സ്ഥലം കണ്ടെത്താന്‍ മിഷനറിമാര്‍ കൂല്‍കോളില്‍ പ്രവേശിച്ചപ്പോള്‍ പോണ്ടുവും കൂട്ടുകാരും മാരകായുധങ്ങളുമായി പാഞ്ഞെത്തി. ഒരു ക്രൈസ്തവന്‍ തന്റെ കുതിരയെ റുഡോള്‍ഫച്ചന് നല്കിയിട്ട് രക്ഷപെട്ടുകൊള്ളാന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം പറഞ്ഞു: “ഓടാനുള്ള സമയമില്ലിത്. ഞാന്‍ എന്നെത്തന്നെ ദൈവതൃക്കരങ്ങളില്‍ സമര്‍പ്പിക്കുന്നു.”

ശത്രുക്കള്‍ അടുത്തുവന്ന് വാള്‍ കൊണ്ട് തുടകളില്‍ അടിച്ചു. പിന്നീട് വാള്‍ കൊണ്ട് വീശി ഇടതുകരം വെട്ടിമുറിച്ചു. ഒരു അസ്ത്രം അദ്ദേഹത്തിന്റെ മാറിടത്തില്‍ തുളച്ചുകയറി. അധികം വൈകാതെ റുഡോള്‍ഫ് മരണമടഞ്ഞു. ഘാതകര്‍ മൃതശരീരം കിണറ്റില്‍ തള്ളിയിട്ടു. രണ്ടുദിവസങ്ങള്‍ക്കുശേഷം ഈശോസഭാ വൈദികരും ക്രൈസ്തവരും ചേര്‍ന്ന് ശരീരമെടുത്ത് ഗോവായ്ക്ക് കൊണ്ടുപോയി സംസ്‌കരിച്ചു. രണ്ടുവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗ്രാമവാസികള്‍ കൂട്ടംകൂട്ടമായി വന്ന് ക്രിസ്ത്യാനികളായി. 1898 ഏപ്രില്‍ 16-ാം തീയതി ലെയോ മാര്‍പാപ്പ റുഡോള്‍ഫിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

വിചിന്തനം: ‘സ്വര്‍ഗത്തിലും ഭൂമിയിലുമൂള്ള സകല അത്ഭുതങ്ങളിലും വച്ച് ദൈവത്തിനു തുല്യമായി യാതൊന്നുമില്ല.

ഇതരവിശുദ്ധര്‍ : അന്തൂസാ (8 ാം നൂറ്റാണ്ട്) അബഡ് / മാക്‌സിമ്യന്‍ (മൂന്നാം നൂറ്റാണ്ട്) / ഡയോണീഷ്യസ് (മൂന്നാം നൂറ്റാണ്ട്) / കോണ്‍സ്റ്റന്റൈന്‍ (250-362) / തിയോബാള്‍ഡ് (+1247) സിസ്റ്റേഴ്‌സ്യന്‍ ആബട്ട് / എക്‌ളസിയൂസ് (+532) റവെന്നായിലെ മെത്രാന്‍ / മാല്‍ക്കൂസ് / മാര്‍ട്ടിനീയന്‍.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.