ജൂലൈ 24: ആഗസ്തീനോസ് ഫാന്‍ജി

1430-ല്‍ പീഡ്‌മോണ്ടിലെ ബിയെല്ലായിലാണ് ആഗസ്തീനോസ് ഫാന്‍ജി ജനിച്ചത്. ചെറുപ്പത്തില്‍ ത്തന്നെ അദ്ദേഹം ഒരു ഡൊമിനിക്കന്‍ സന്യാസി ആയിത്തീര്‍ന്നു. അല്പംപോലും പ്രശസ്തി കാംക്ഷിക്കാതെ ആശ്രമനിയമങ്ങള്‍ വിശ്വസ്തതയോടുകൂടി പാലിച്ചുകൊണ്ട് ഉത്തമ സന്യാസജീവിതം നയിച്ചു.

കഠിനമായ ഒരു രോഗം നിമിത്തം ദീര്‍ഘകാലം ദുസ്സഹമായ ദുഃഖം അദ്ദേഹം അനുഭവിക്കേണ്ടിവന്നു. വൈദ്യന്മാരുടെ ചികിത്സ ശാരീരികവേദന വര്‍ധിപ്പിക്കുകയേ ചെയ്തുള്ളൂ. രോഗവിമുക്തി അസാധ്യമാണെന്നു ബോധ്യമായപ്പോള്‍ ആഗസ്തീനോസ് സന്തോഷിക്കുകയാണ് ചെയ്തത്. വലിയ കുരിശ് ചുമന്നുകൊണ്ട് കര്‍ത്താവിനെ അനുഗമിക്കാന്‍ അവസരം ലഭിച്ചുവെന്നതായിരുന്നു സന്തോഷത്തിന്റെ കാരണം. ജീവിതം ഒരു തീവ്രവേദനയായി പരിണമിച്ചപ്പോഴും തനിക്ക് നല്കപ്പെട്ടിരുന്ന കര്‍ത്തവ്യങ്ങളുടെ നിര്‍വഹണത്തില്‍ ഒട്ടുംതന്നെ കുറവ് വരുത്തിയില്ല. പരിഭവമോ, പരാതിയോ കൂടാതെ ഈശ്വരഹിതത്തിന് സ്വയം സമര്‍പ്പിച്ചു.

മികവുറ്റ ഒരു സുവിശേഷപ്രബോധകനായും രോഗവിമോചകനായും ആഗസ്തീനോസ് അറിയപ്പെട്ടിരുന്നു. എന്നാല്‍, അദ്ദേഹം ലോകബഹുമതിയെ ഒട്ടുംതന്നെ ഇഷ്ടപ്പെട്ടിരുന്നില്ല. അന്ത്യകാലമായപ്പോള്‍ വെനീസിലെ ഒരു ആശ്രമഭവനത്തിലേക്കു  പിന്‍വാങ്ങി. അവിടെ പത്തുവര്‍ഷം ജീവിച്ചു. വേദനയുടെ തീച്ചൂളയില്‍ കത്തിയെരിഞ്ഞ ആ മഹത്ജീവിതം 1493 ജൂലൈ 22-ാം തീയതി പര്യവസാനിച്ചു. അന്ത്യനിമിഷത്തില്‍ ‘ദൈവത്തിനു സ്തുതി; അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി’ എന്ന വചനങ്ങളാണ് അധരപുടങ്ങളില്‍ നിന്ന് പുറത്തേക്കുവന്നത്.

വിചിന്തനം: ”ദൈവത്തിന്റെ തൃക്കരങ്ങളില്‍ നിന്നെത്തന്നെ സമര്‍പ്പിക്കുക. അവിടുത്തെ സ്‌നേഹത്തിലും നന്മയിലുമാകട്ടെ നിന്റെ പ്രത്യാശ.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.