ജൂലൈ 16: വിശുദ്ധ മേരി മഗ്ദലൈന്‍

ഫ്രാന്‍സിലെ ബാഫ്‌ളോറില്‍ 1756 നവംബര്‍ 28-നായിരുന്നു മേരി മഗ്ദലൈന്റെ ജനനം. ചെറുപ്രായത്തില്‍ തന്നെ ദൈവഭക്തിയില്‍ വളര്‍ന്നുവന്ന മേരി, ബനഡിക്റ്റന്‍ മഠത്തില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്.

മേരിക്ക് പതിനെട്ടു വയസ്സ് പ്രായമായപ്പോള്‍ പെണ്‍കുട്ടികള്‍ക്കായി അവള്‍ ഒരു സ്കൂൾ ആരംഭിച്ചു. പക്ഷേ, ഫ്രഞ്ച് വിപ്ലവം മൂലമുണ്ടായ പ്രതികൂലസാഹചര്യത്തില്‍ സ്കൂൾ പൂട്ടാന്‍ അവള്‍ നിര്‍ബന്ധിതയായി. എന്നാല്‍, ഈ കാലഘട്ടങ്ങളില്‍ ഗവണ്‍മെന്റ് നിയമിച്ചിരുന്ന വൈദികരെ അവള്‍ എതിര്‍ക്കുകയും ഒളിവില്‍ കഴിഞ്ഞിരുന്ന കത്തോലിക്കാ വൈദികരെ സഹായിക്കുകയും അവര്‍ക്ക് സ്വഭവനത്തില്‍ അഭയം നല്കുകയും ചെയ്തു. മാത്രമല്ല, പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനുള്ള സാഹചര്യം അവള്‍ രഹസ്യമായി അവര്‍ക്ക് ഒരുക്കിക്കൊടുത്തിരുന്നു.

1801-ല്‍ കത്തോലിക്കാ സഭയും ഗവണ്‍മെന്റും തമ്മിലുണ്ടാക്കിയ കരാര്‍പ്രകാരം ഗവണ്മെന്റും സഭയും തമ്മില്‍ നിലനിന്നിരുന്ന അനൈക്യം ഒഴിവാകുകയും തല്‍ഫലമായി സഭയില്‍ സമാധാനം പുന:സ്ഥാപിക്കപ്പെടുകയും ചെയ്തു. അതോടെ സഭാംഗങ്ങളില്‍ മന്ദീഭവിച്ചിരുന്ന വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളില്‍ മേരി അക്ഷീണം പരിശ്രമിച്ചു.

1807-ല്‍ മേരിയും ഒപ്പമുണ്ടായിരുന്നവരും സന്യാസ വ്രതവാഗ്ദാനം നടത്തി. ആബട്ടായിരുന്ന കബാര്‍ട്ടായിരുന്നു മേരിയുടെയും സഹോദരിമാരുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്കിയിരുന്നത്. അങ്ങനെ ‘സിസ്റ്റേഴ്‌സ് ഓഫ് ക്രിസ്ത്യന്‍ സ്‌കൂള്‍സ് ഓഫ് മേഴ്‌സി’ എന്ന സമൂഹത്തിന് മേരി ആരംഭം കുറിച്ചു. ‘മേരി മഗ്ദലെന്‍’ എന്ന നാമമാണ് അവള്‍ സ്വീകരിച്ചത്. പിന്നീട് അവള്‍ സമൂഹത്തിന്റെ അധികാരിയായി നിയമിതയായി. 1815-ല്‍ തൊണ്ണൂറാമത്തെ വയസ്സില്‍ മേരി മരണമടഞ്ഞു. മരണശേഷം മേരിയുടെ മധ്യസ്ഥതയില്‍ നിരവധിയായ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ദൈവം തിരുമനസ്സായി. 1925-ല്‍ മേരിയെ വിശുദ്ധയായി പ്രഖ്യാപിച്ചു.

വിചിന്തനം: ”ലോകത്തിലുള്ള പ്രലോഭനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും വിമുക്തരായി അങ്ങയെപ്രതി നിന്ദിക്കപ്പെടാനും ഈ ലോകത്തില്‍ അജ്ഞാതനായിരിക്കാനും വേണ്ട വരം തന്നരുളണമേ.”

ഇതരവിശുദ്ധര്‍: അത്തനോഗറസ്സ് (+305) രക്തസാക്ഷി / വിറ്റാലിയന്‍ (+776) ഓസിമോയിലെ മെത്രാന്‍ / വുള്‍റാഡ് (+784) പാരീസിലെ ആബട്ട് / വാലെന്റൈന്‍ (305) ട്രെയറിലെ മെത്രാന്‍ / ഡോമിനോ (+295) ലെബര്‍ഡിയിലെ രക്തസാക്ഷി /ഹീലിയര്‍ (ആറാം നൂറ്റാണ്ട്).

ഫാ. ജെ. കൊച്ചുവീട്ടില്‍