ജൂലൈ 12: വിശുദ്ധ ജോണ്‍ ഗ്വാല്‍ബെര്‍ട്ട്

എ.ഡി. 999-ല്‍ ഇറ്റലിയിലെ ഫ്‌ളേറന്‍സിലാണ് വി. ജോണ്‍ ഗ്വാല്‍ബെര്‍ട്ട് ജനിച്ചത്. ധനികരും പ്രശസ്തരുമായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. വിപ്ലവങ്ങള്‍ തുടര്‍ക്കഥയായിരുന്ന അക്കാലത്ത്, ജോണ്‍ ആയുധാഭ്യാസം പൂര്‍ത്തിയാക്കി ഉത്തമ യോദ്ധാവായിത്തീര്‍ന്നു. ബാല്യത്തില്‍ ക്രൈസ്തവമൂല്യങ്ങള്‍ അഭ്യസിപ്പിക്കപ്പെട്ടിരുന്നെങ്കിലും യൗവ്വനത്തിൽ എത്തിയതോടെ ജോണ്‍ പൂര്‍ണ്ണമായും ലോകസുഖങ്ങളില്‍ മുഴുകി.

ഏതാണ്ട് ഈ അവസരത്തിലാണ് ജോണിന്റെ സഹോദരനെ അദ്ദേഹത്തിന്റെ ഒരു ചാര്‍ച്ചക്കാരന്‍ വധിച്ചത്. തന്റെ സഹോദരഘാതകനോട് പ്രതികാരം ചെയ്യുക എന്നതായിരുന്നു അന്നു മുതല്‍ ജോണിന്റെ ലക്ഷ്യം. ഒരു ദുഃഖവെള്ളിയാഴ്ച ഇടുങ്ങിയ ഒരു വഴിയില്‍ വച്ച് ജോണ്‍ തന്റെ സഹോദരഘാതകനെ കണ്ടുമുട്ടി. അദ്ദേഹത്തെ വധിക്കുന്നതിനായി ചാടിയിറങ്ങിയ ജോണിന്റെ പാദത്തില്‍ വീണുകൊണ്ട് അദ്ദേഹം, ക്രിസ്തുവിന്റെ നാമത്തില്‍ തന്നോട് ക്ഷമിക്കണമെന്ന് അപേക്ഷിച്ചു

ക്രിസ്തുവിന്റെ പീഡനങ്ങളെ ഓര്‍മ്മിച്ച ജോണ്‍, തന്റെ പ്രതികാരചിന്തയില്‍ നിന്ന് ഉടന്‍ പിന്തിരിഞ്ഞു. അദ്ദേഹം ഇപ്രകാരം പ്രതിവചിച്ചു: “യേശുക്രിസ്തുവിന്റെ നാമത്തില്‍ ചോദിക്കുന്ന യാതൊന്നും ഞാന്‍ തിരസ്‌കരിക്കുകയില്ല. നിന്റെ ജീവിതം മാത്രമല്ല, എന്റെ സൗഹൃദവും ഞാന്‍ നിനക്ക് തരുന്നു.” തന്റെ ജീവിതത്തെക്കുറിച്ച് മനസ്തപിച്ച ജോണ്‍, ഉടന്‍ തന്നെ അടുത്തുള്ള ബെനഡിക്ട് ആശ്രമദൈവാലയത്തില്‍ പ്രവേശിച്ച് ക്രൂശിതരൂപത്തിന്റെ മുന്നില്‍ മുട്ടുകുത്തി അനുതാപത്തോടെ തന്റെ പാപങ്ങള്‍ക്ക് മാപ്പപേക്ഷിച്ചു. അനുതാപപൂര്‍ണ്ണമായ ഒരു ഹൃദയത്തോടെ ജോണ്‍, ബെനഡിക്ട് ആശ്രമത്തില്‍ പ്രവേശിക്കുന്നതിനായി ആശ്രമാധിപനെ സമീപിച്ചു. ജോണിന്റെ കോപശീലം അറിയാമായിരുന്ന അദ്ദേഹം ജോണിന്റെ ആവശ്യം ആദ്യം നിരസിച്ചെങ്കിലും അവസാനം അദ്ദേഹത്തെ സ്വീകരിച്ചു.

നിരന്തരമായ പ്രാര്‍ത്ഥനയിലൂടെയും ധ്യാനത്തിലൂടെയും ജോണ്‍ അനുദിനം വിശുദ്ധിയില്‍ വളര്‍ന്നുകൊണ്ടിരുന്നു. മാതൃകാപരമായ ഒരു ജീവിതം നയിച്ചിരുന്ന ജോണിനെ തങ്ങളുടെ ആബട്ടായി സഹസന്യാസികള്‍ തിരഞ്ഞെടുത്തെങ്കിലും അദ്ദേഹം ആ സ്ഥാനം നിരസിക്കുകയാണുണ്ടായത്. അധികം താമസിയാതെ ഏകാന്തതയെ സ്‌നേഹിച്ചിരുന്ന ജോണ്‍, ഫ്‌ളേറന്‍സ് പട്ടണത്തില്‍ നിന്ന് അകലെയുള്ള ടസ്‌കനിയില്‍ ഒരു ആശ്രമം സ്ഥാപിച്ചു. വലബ്രേസന്‍ എന്ന സഭയുടെ ആരംഭമായിരുന്നു അത്. ഈ സഭ സ്ഥാപിച്ചതിനു ശേഷം മൂന്നു കൊല്ലം മാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ എങ്കിലും ഈ കാലയളവില്‍ പുതിയ പന്ത്രണ്ട് ആശ്രമങ്ങള്‍ സ്ഥാപിക്കപ്പെട്ടു.

1073 ജൂലൈ 12-ാം തീയതി 73-ാമത്തെ വയസില്‍ അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

വിചിന്തനം: ”എല്ലാ കാര്യങ്ങളിലും നീ ഇങ്ങനെ തന്നെ പറയുക. കര്‍ത്താവേ, അങ്ങയുടെ ഇഷ്ടം പോലെ എല്ലാം സംഭവിക്കട്ടെ.”

ഇതരവിശുദ്ധര്‍: ജാസണ്‍ (ഒന്നാം നൂറ്റാണ്ട്) / ആഗ്നസ് (1841) രക്തസാക്ഷി/ ആന്‍സ്ബാള്‍ഡ് (+886) ആബട്ട് / വേറോനിക്കാ (ഒന്നാം നൂറ്റാണ്ട്) ജറുസലേം / എപ്പിഫാനിയ (ഒന്നാം നൂറ്റാണ്ട്) / ജോണ്‍ ഇബേറിയന്‍ (+1002) / മര്‍സ്യാനാ തൊളേദോയിലെ രക്തസാക്ഷി/ ജോണ്‍ പോള്‍ (1620-1679) രക്തസാക്ഷി / അന്ത്യോക്യായിലെ പൗളിനൂസ് (+67) രക്തസാക്ഷി.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.