ജൂലൈ 07: വിശുദ്ധ പന്തേനൂസ് 

സിസിലിയിൽ ആയിരുന്നു പന്തേനൂസ് ജനിച്ചത്. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്തനായ ഒരു സഭാപിതാവായിരുന്ന അദ്ദേഹം, ക്രൈസ്തവരുടെ ജീവിതവിശുദ്ധിയില്‍ ആകൃഷ്ടനാവുകയും പിന്നീട് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും ചെയ്തു.

അപ്പോസ്തല ശിഷ്യന്മാരുടെ കീഴിലാണ് പന്തേനൂസ് വേദപുസ്തകം പഠിച്ചത്. അതിനു ശേഷം വേദപുസ്തകം കൂടുതല്‍ വിശദമായി പഠിക്കുന്നതിനു വേണ്ടി അദ്ദേഹം അലക്‌സാണ്ട്രിയായിലെ ശാസ്ത്രകേന്ദ്രത്തില്‍ ചേര്‍ന്നു. അധികം താമസിയാതെ തന്നെ പന്തേനൂസ്, അതിപ്രശസ്തനായ ഒരു പണ്ഡിതനും അധ്യാപകനുമായി അറിയപ്പെടാന്‍ തുടങ്ങി. ഇക്കാലത്ത് അദ്ദേഹം ഭാരതത്തിലുമെത്തിയിരുന്നു. അന്ന് ഒരു ഹൈന്ദവസന്യാസി, ക്രിസ്തുമതം സ്വീകരിച്ചവരെ തിരികെ ഹിന്ദുമതത്തിലേക്ക് പിന്തിരിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇത് തടയുന്നതിനു വേണ്ടിയായിരുന്നു പന്തേനൂസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്.

190-നോടടുത്ത് അദ്ദേഹം ഇന്ത്യയിലെത്തുകയും ബ്രാഹ്മണരോട് വാദപ്രതിവാദം നടത്തി വിജയിക്കുകയും ചെയ്തു. മടങ്ങുമ്പോള്‍ അദ്ദേഹത്തിന് ഭാരതത്തിലെ ക്രിസ്ത്യാനികള്‍ വി. മത്തായിയുടെ സുവിശേഷത്തിന്റെ ഒരു പ്രതി സമ്മാനിച്ചിരുന്നു. ഇത് അലക്‌സാന്‍ഡ്രിയായിലെ ഗ്രന്ഥശാലയില്‍ സൂക്ഷിക്കപ്പെടുന്നു.

വിശുദ്ധിയിലും പാണ്ഡിത്യത്തിലും പ്രശസ്തനായ അദ്ദേഹം അലക്‌സാന്‍ഡ്രിയായില്‍ അധ്യാപനജോലി തുടരവെ 216-ല്‍ തന്റെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

വിചിന്തനം: ”വലിയവനും ചെറിയവനും സമ്പന്നനും ദരിദ്രനും വറ്റാത്ത ഉറവയില്‍ നിന്നെന്ന പോലെ ജീവജലം കോരിയെടുക്കുന്നു. സ്വമനസ്സാ സന്തോഷപൂര്‍വ്വം എന്നെ സേവിക്കുന്നവന് കൃപക്കുമേല്‍ കൃപ ലഭിക്കും.”

ഇതരവിശുദ്ധര്‍: അഞ്ചലെന്‍മൂസ് (+828) മെത്രാന്‍ / എഥെല്‍ബുര്‍ഗാ (+664) ആബസ് / ഇയോസാന്‍ (+754) ബനഡിക്റ്റന്‍ സന്യാസി / അസ്തിയൂസ് (+117) രക്തസാക്ഷിയായ മെത്രാന്‍ / ഇല്ലീദിയൂസ് (+385) ക്ലെര്‍മോണ്ടിലെ മെത്രാന്‍ / ഉര്‍ഗെല്ലിലെ ഓഡോ (+11222) സ്പാനിഷ് മെത്രാന്‍ / അപ്പോളിനൂസ്, ബ്രേഷ്യായിലെ മെത്രാന്‍ / ഹംഫ്രീ ലോറന്‍സ് (1572-1591)  ഇംഗ്ലണ്ടിലെ രക്തസാക്ഷി.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.