ജൂലൈ 09: വിശുദ്ധ വേറോനിക്കാ ജൂലിയാനി

ഇറ്റലിയിലെ മെര്‍ക്കെറ്റിലോ എന്ന പ്രദേശത്ത് 1660-ലാണ് വി. വേറോനിക്കാ ജൂലിയാനി ജനിച്ചത്. ബാല്യം മുതല്‍ തന്നെ അവള്‍ ഈശോമിശിഹായുടെ പീഡാനുഭവങ്ങളില്‍ അധികഭക്തി പ്രദര്‍ശിപ്പിച്ചിരുന്നു. അവള്‍ക്ക് മൂന്നു മാസം മാത്രം പ്രായമുള്ളപ്പോള്‍ ഒരിക്കല്‍ വേദസാക്ഷികളെ അനുകരിച്ച് കൈകള്‍ അഗ്നിയില്‍ വച്ചു. മാംസം കരിയുന്ന ഗന്ധം തിരിച്ചറിഞ്ഞു മാതാപിതാക്കള്‍ അവളുടെ പക്കലേക്ക് ഓടിവരുന്നതു വരെ അവൾ കരങ്ങള്‍ തീയില്‍ തന്നെ വച്ചുകൊണ്ടിരുന്നു. ആഴ്ചയിലെ മൂന്നു ദിവസങ്ങളില്‍ ഉപവാസം അനുഷ്ഠിച്ചിരുന്ന വേറോനിക്കാ അനുദിനം ക്രൈസ്തവപുണ്യങ്ങളില്‍ വളര്‍ന്നുകൊണ്ടിരുന്നു.

വേറോനിക്കാ യൗവ്വനത്തിലേക്ക് പ്രവേശിച്ചതോടെ പിതാവ് അവള്‍ക്കു വേണ്ടി വിവാഹാലോചനകള്‍ ആരംഭിച്ചു. എന്നാല്‍, ഒരു കന്യാസ്ത്രീ ആകണം എന്നതായിരുന്നു അവളുടെ ആഗ്രഹം. വേറോനിക്കായുടെ അഭിലാഷത്തിന് ആദ്യം പിതാവ് എതിരായിരുന്നെങ്കിലും അവസാനം മകളുടെ ആഗ്രഹത്തിന് സമ്മതം മൂളി. അങ്ങനെ വേറോനിക്കാ ക്ലാരസഭയില്‍ പ്രവേശിച്ചു. ക്രിസ്തുവിന്റെ പീഡാനുഭവത്തോടുണ്ടായിരുന്ന ഭക്തി മൂലമാണ് അവള്‍ ‘വേറോനിക്കാ’ എന്ന നാമം സ്വീകരിച്ചത്. സഭയില്‍ പ്രവേശിച്ച അന്നു മുതല്‍ സഭാനിയമങ്ങളെല്ലാം അക്ഷരംപ്രതി പാലിച്ചിരുന്നു.

പാപികളുടെ മാനസാന്തരത്തിനു വേണ്ടി പീഡകള്‍ സഹിക്കാന്‍ അതിയായി ആഗ്രഹിച്ച വേറോനിക്കായെ ദിവ്യരക്ഷകന്‍ ഒരു മുള്‍മുടി ധരിപ്പിച്ചു. തലച്ചോറില്‍ കടന്നുകയറിയാലെന്നതുപോലെ ആ മുള്‍മുടി അവളെ വേദനിപ്പിച്ചുകൊണ്ടിരുന്നു. മുള്‍മുടിയുടെ മുള്ളുകള്‍ കൊണ്ടുണ്ടായ പാടുകളല്ലാതെ മറ്റൊന്നും തലയില്‍ ദൃശ്യമായിരുന്നില്ല. ഒടുവില്‍ കര്‍ത്താവിന് വേറോനിക്കായോടുള്ള സ്‌നേഹത്തിന്റെ പ്രതിഫലനമെന്നോണം തന്റെ അഞ്ചു തിരുമുറിവുകള്‍ വിശുദ്ധയില്‍ പതിച്ചു. വിശുദ്ധയുടെ ശരീരത്തില്‍ പ്രത്യക്ഷപ്പെട്ട ഈ മുറിവുകള്‍ സ്വാഭാവികമായാണോ എന്നറിയാന്‍ ചികിത്സകള്‍ ചെയ്‌തെങ്കിലും മുറിവുകള്‍ സജീവമായി തന്നെ നിലനിന്നു.

അപാരമായ ദൈവസ്‌നേഹത്തില്‍ എരിഞ്ഞിരുന്ന പല അവസരങ്ങളിലും ക്രിസ്തുനാഥന്‍ കുരിശില്‍ അനുഭവിച്ച മരണവേദനകളെ അവള്‍ സ്വശരീരത്തില്‍ അനുഭവിച്ചിരുന്നു. വേദനയുടെ സമയങ്ങളില്‍ വേറോനിക്കായുടെ ധ്യാനവിഷയം കുരിശായിരുന്നു. ‘കുരിശ് മുഖാന്തിരം എന്നെ തൃപ്തിപ്പെടുത്തുക’ എന്ന് അവള്‍ പല അവസരങ്ങളിലും നിലവിളിച്ചിരുന്നു. ഈ കാലഘട്ടങ്ങളില്‍ നോവീസ് മിസ്ട്രസ്സായും മഠാധിപയായും വേറോനിക്കാ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

1727 ജൂലൈ 9-ാം തീയതി 67-ാമത്തെ വയസില്‍ വേറോനിക്കാ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

ഗോര്‍ക്കുമിലെ വി. നിക്കൊളാസും കൂട്ടരും

ഹോളണ്ടിലെ ഗോര്‍ക്കും നഗരത്തില്‍ ഒരു ഫ്രാന്‍സിസ്കന്‍ ആശ്രമത്തിലെ അന്തേവാസികളായിരുന്നു നിക്കൊളാസും പത്ത് സഹസന്യാസികളും. കാല്‍വിനിസ്റ്റുകള്‍ കത്തോലിക്കാ വിശ്വാസികളെ ക്രൂരമായി പീഡിപ്പിച്ച കാലഘട്ടത്തില്‍ ഗോര്‍ക്കും ആശ്രമത്തിലെ ഫ്രാന്‍സിസ്‌ക്കന്‍ സഭാംഗങ്ങളും മൃഗീയമായി മര്‍ദ്ദിക്കപ്പെടുകയും ബന്ധികളാക്കപ്പെടുകയും ചെയ്തു.

മര്‍ദ്ദനമോ, ഭീഷണിയോ കൊണ്ട് പ്രയോജനമില്ലെന്നു മനസിലാക്കിയപ്പോള്‍ എട്ടു ദിവസത്തെ തടവറ പീഡനങ്ങള്‍ക്കു ശേഷം അവരെ കാല്‍വിനിസ്റ്റുകളുടെ ആസ്ഥാനമായ ബ്രയേലിലേക്കു കൊണ്ടുപോയി. 1572 ജൂലൈ 9-ന് എല്ലാവരെയും തൂക്കിക്കൊന്നു. 1867-ലെ പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനത്തില്‍ 9-ാം പീയൂസ് പാപ്പ ഗോര്‍ക്കുമിലെ രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിച്ചു.

വിചിന്തനം: ”ദൈവത്തിന്റെ ഇഷ്ടത്തിന് പൂര്‍ണ്ണമായും അനുയോജ്യമായിരിക്കണം നമ്മുടെ ആഗ്രഹം. സ്വയം സ്‌നേഹിക്കാതെ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാന്‍ ഏപ്പോഴും നമ്മള്‍ ഉത്സാഹിക്കണം.”

ഇതര വിശുദ്ധര്‍: ഗോഡ്ഫ്രീ (+1572)/ അഡ്രിയാന്‍ (+1572) രക്തസാക്ഷി/ബ്രിക്ത്തൂസ് (+312) മാര്‍ട്ടോളായിലെ മെത്രാന്‍ / സെനോ (+312) മാര്‍ട്ടോളായിലെ മെത്രാന്‍ / സെനോ (+300) രക്തസാക്ഷി/ കൊര്‍ണേലിയൂസ് (+1572) ഗോര്‍ക്കുറിയിലെ രക്തസാക്ഷികളില്‍ ഒരാള്‍ / ഫ്രാന്‍സീസ് റോസ് (+1572) ബ്രിയലിലെ ഫ്രാന്‍സിസ്‌കന്‍ രക്തസാക്ഷി/ ജസ്റ്റസ് (+1008) സന്യാസി/നിക്കോളാസ് പീക്ക് (1534-1572) / അന്റോണിയോ (1842-1900).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.