
ദൈവപുത്രനെ ഉദരത്തിൽ വഹിച്ചുകൊണ്ട് എലിസബത്തിന്റെ ഭവനത്തിലായിരിക്കുമ്പോൾ ആലപിച്ച മറിയത്തിന്റെ സ്തോത്രഗീതം (Magnificat) സഭയുടെ മിഷൻപ്രവർത്തനത്തിനുള്ള മഹനീയമാതൃകയാണെന്ന് വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ ‘രക്ഷകന്റെ അമ്മ’ (Redemptoris Mater) എന്ന ചാക്രികലേഖനത്തിൽ പറയുന്നു. യേശുവിന്റെ വരവോടെ മനുഷ്യരാശിക്ക് കൈവരാൻ പോകുന്ന അനുഗ്രഹം മാതാവിന്റെ അധരങ്ങളിലൂടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. സഭയുടെ ദൗത്യം യേശുവിലൂടെയുള്ള രക്ഷയെക്കുറിച്ച് ലോകാന്ത്യം വരെ പ്രഘോഷിക്കുന്നതാണ്. എന്നാൽ യേശുവിലൂടെ വരാനിരിക്കുന്ന ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ മറിയത്തിന്റെ പ്രാർഥനയിലൂടെ ദൈവം വെളിപ്പെടുത്തുന്നു. അതിനാൽ തന്നെ എല്ലാ ദിവസവും ഒരു സങ്കീർത്തനം പോലെ ഈ സ്തോത്രഗീതം പാടി നമുക്ക് പ്രാർഥിക്കാവുന്നതാണ്. മാതാവും ദൈവവും തമ്മിലുള്ള പ്രത്യേകബന്ധം ഈ പ്രാർഥനയിൽ പ്രകടമായിരിക്കുന്നതുപോലെ, ഇത് പ്രാർഥിക്കുമ്പോൾ നമ്മുടെ ദൈവബന്ധവും കൂടുതൽ ആഴമാകും. (പാശ്ചാത്യ സഭയിൽ ദിനംപ്രതിയുള്ള സന്ധ്യാപ്രാർഥനയുടെയും പൗരസ്ത്യ സഭയിൽ മിക്കപ്പോഴും പ്രഭാതപ്രാർഥനയുടെയും ഭാഗമാണ് മറിയത്തിന്റെ സ്തോത്രഗീതം).
മറിയം ഈ സ്തോത്രഗീതം ആലപിക്കുന്ന സമയത്ത് യേശുവിനെ സംവഹിക്കുന്നവളായിരുന്നു. അതിനാൽ തന്നെ ഇത് യേശുവിന്റെ കൂടി പ്രാർഥനയാണ്. യേശുവിന്റെ ജീവൻ മറിയത്തിൽ സന്നിഹിതമായിരിക്കുന്നതിനാൽ നമുക്കു വേണ്ടി വലിയ ദൈവിക കൃപകൾ ഈ പ്രാർഥനയിലൂടെ അവൾ വാങ്ങിത്തരുന്നു. മനുഷ്യനായി അവതരിച്ച ദൈവപുത്രൻ നമ്മുടേതാകുന്നതിനു മുമ്പേ മറിയത്തിന്റേതായിരുന്നു. തന്നിലുള്ള ജീവനിലും തന്നിലൂടെ ദൈവം പങ്കുവയ്ക്കാനുദ്ദേശിക്കുന്ന ജീവനിലും അവൾ അതിയായി ആനന്ദിക്കുന്നു. ശാരീരികമായി ഒരാൾക്കു മാത്രമേ മറിയം ജന്മം നല്‍കിയിട്ടുള്ളുവെങ്കിലും ആത്മീയമായി അനേകരുടെ അമ്മയാണവൾ. കുരിശിൻചുവട്ടിൽ വച്ച് യോഹന്നാന്റെ കരങ്ങളിലൂടെ യേശു, താൻ സ്നേഹിക്കുന്നവർക്കായി, തന്നെ സ്നേഹിക്കുന്നവർക്കായി അവിടുത്തെ അമ്മയെനല്‍കി.
തനിക്ക് ദൈവം തന്നതെല്ലാം മറ്റുള്ളവരെക്കാൾ അധികമായി ദൈവത്തിന് തിരിച്ചുകൊടുത്തവളാണവൾ. ദൈവത്തിന്റെ പ്രത്യേക തിരഞ്ഞെടുപ്പ് കാരണം തന്റെ ചുറ്റും നടക്കുന്ന അക്കാലത്തെ സാമൂഹികതിന്മകളെക്കുറിച്ചും നല്ല അവബോധം മറിയത്തിനുണ്ടായിരുന്നു. അതുകൊണ്ടാണ് തന്റെ പുത്രനിലൂടെ ലോകത്തിൽ സംഭവിക്കാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും അവൾക്ക് മുൻകൂട്ടി പറയാൻ സാധിക്കുന്നത്. മറിയത്തിന്റെ മാതൃക നിരന്തരം ജീവിക്കുകയും അവളുടെ മാതൃത്വം എപ്പോഴും ആഘോഷിക്കുന്നതും ക്രിസ്തുസ്തുതിയായി മാറുന്നത് ഇവിടെയാണ്. എന്നാൽ മാതാവ് ഇന്നും കാനായിലെ കല്യാണവിരുന്നിൽ പറഞ്ഞ വാക്കുകൾ നമ്മോട് ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നത്: “അവൻ പറയുന്നത് നിങ്ങൾ ചെയ്യുവിൻ.”
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍




