
ജ്ഞാനം പകർന്നുനൽകുന്നതിലുപരി ഒരു കുഞ്ഞിന്റെ ചിന്തകളെയും സ്വപ്നങ്ങളെയും തൊട്ടുണർത്തുന്നവരാണ് യഥാർഥ അധ്യാപകർ. വെറുമൊരു പാഠപുസ്തകത്തിനപ്പുറം ലോകത്തെ കാണാനും അറിയാനും കുട്ടികളെ പ്രാപ്തരാക്കുന്ന നല്ലൊരു വഴികാട്ടിയാണ് ഓരോ അധ്യാപകനും.
നല്ലൊരു അധ്യാപകന്റെ പ്രധാന ഗുണങ്ങൾ
1. തൊഴിലിനോടുള്ള അഗാധമായ സമർപ്പണം
പഠിപ്പിക്കുന്ന വിഷയത്തോടും അധ്യാപനത്തോടുമുള്ള ആത്മാർഥമായ സ്നേഹം കുട്ടികളിലേക്ക് പകരുമ്പോൾ പഠനം ഒരു ഭാരമല്ല, മറിച്ച് മനോഹരമായ അനുഭവമായി മാറുന്നു.
2. ഹൃദയം തൊടുന്ന ആശയവിനിമയം
പ്രയാസമേറിയ ആശയങ്ങളെപ്പോലും കഥകൾ പോലെ ലളിതമായി കുട്ടികളുടെ മനസ്സിലേക്ക് കോറിയിടാനുള്ള അദ്ഭുതസിദ്ധി അവർക്കുണ്ടാകും.
3. ക്ഷമയും കാരുണ്യവും
ഓരോ പൂവും വിരിയുന്നത് വ്യത്യസ്ത സമയത്താണെന്ന് തിരിച്ചറിഞ്ഞ്, ഓരോ കുട്ടിയുടെയും വളർച്ചയ്ക്കായി ക്ഷമയോടെയും അനുകമ്പയോടെയും കാത്തിരിക്കാൻ അവർക്ക് കഴിയും.
4..സർഗാത്മകതയുടെ ചിറകുകൾ
പുതിയ രീതികളിലൂടെയും രസകരമായ പ്രവർത്തനങ്ങളിലൂടെയും കുട്ടികളിൽ ചിന്താശേഷിയും ഭാവനയും വളർത്താൻ അവർ എപ്പോഴും ശ്രദ്ധിക്കുന്നു.
വിദ്യാർഥികളിൽ ഉണ്ടാകുന്ന സ്വാധീനം
1. ആത്മവിശ്വാസത്തിന്റെ തിരിനാളം
അധ്യാപകന്റെ ഒരു കൊച്ചു പ്രോത്സാഹനത്തിന് കുട്ടികളിലെ ഭയത്തെ മാറ്റി, തങ്ങൾക്കും ഉയരങ്ങൾ കീഴടക്കാൻ കഴിയുമെന്ന ആത്മവിശ്വാസം നൽകാൻ സാധിക്കും.
2. മൂല്യമുള്ള തലമുറയുടെ സൃഷ്ടി
അറിവിനൊപ്പം സ്നേഹവും സത്യസന്ധതയും പരസ്പരബഹുമാനവും പകരുമ്പോൾ, മികച്ച വ്യക്തിത്വമുള്ള ഒരു നല്ല തലമുറ അവിടെ ജന്മമെടുക്കുന്നു.
അധ്യാപനം എന്നത് കേവലം അറിവ് കൈമാറൽ മാത്രമല്ല, അത് മനസ്സുകളെ രൂപപ്പെടുത്തുന്ന പവിത്രമായ കലയാണ്. കുട്ടികളുടെ ഉള്ളിലെ കഴിവുകളെ കണ്ടറിഞ്ഞ്, സ്നേഹത്തോടെ വഴികാട്ടിയായി കൂടെനിൽക്കുന്ന ഗുരുക്കന്മാർ സമൂഹത്തിന് നൽകുന്ന വെളിച്ചം വരുംതലമുറകളെപ്പോലും പ്രകാശപൂർണ്ണമാക്കും.
വിവർത്തനം: ഡിൻസി തോമസ്




