തകർച്ചകൾക്കിടയിലും ഇടറാത്ത വിശ്വാസം: വെനസ്വേലൻ ജനതയ്ക്ക് പ്രതീക്ഷ നൽകുന്ന ചിത്രങ്ങൾ

പ്രകൃതിദുരന്തങ്ങൾ മനുഷ്യജീവിതങ്ങളെ നിമിഷനേരം കൊണ്ട് തകിടം മറിക്കാറുണ്ട്. എന്നാൽ, ആ ദുരന്തങ്ങളുടെ വാർത്താചിത്രങ്ങൾക്കിടയിൽ ചില കാഴ്ചകൾ ഹൃദയത്തിൽ പതിഞ്ഞുനിൽക്കും. വെനസ്വേലയിലെ തകർന്നടിഞ്ഞ കെട്ടിടങ്ങളുടെയും നഷ്ടപ്പെട്ട ജീവനുകളുടെയും ഇടയിൽ നിന്നും കണ്ടെടുത്ത പരിശുദ്ധ അമ്മയുടെയും വിശുദ്ധ ഗ്രന്ഥത്തിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ പലരുടെയും പ്രതീക്ഷയായി മാറുന്നത്.

കെട്ടിടങ്ങളും ജീവനുകളും തകർന്നടിഞ്ഞ പശ്ചാത്തലത്തിലും, ചില വീടുകളിലെയും വിദ്യാലയങ്ങളിലെയും പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപങ്ങൾ ഒന്നുപോലും പോറൽ ഏൽക്കാതെ അദ്ഭുതകരമായി അവശേഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ദുരന്തത്തിന്റെ ഇരുണ്ട നാളുകളിൽ ദൈവസാന്നിധ്യത്തിന്റെ അടയാളമായിട്ടാണ് പ്രാദേശിക ജനത ഇതിനെ വീക്ഷിക്കുന്നത്.

പ്ലായ ഗ്രാൻഡെയിലെ ഒരു ഫ്ലാറ്റിൽ എല്ലാം തകർന്നടിഞ്ഞിരുന്നു. കോൺക്രീറ്റ് പാളികളും ഫർണിച്ചറുകളും ഒന്നിനുമേൽ ഒന്നായി വീണുകിടന്ന ആ മുറിയിൽ ഒന്നുമാത്രം കേടുപാടുകളില്ലാതെ അവശേഷിച്ചു– മാതാവിന്റെ ഒരു തിരുസ്വരൂപം. ആ ഫ്ലാറ്റിന്റെ ഉടമസ്ഥനായ ഫെർണാണ്ടോ മർദേനി ഇത് വെറുമൊരു യാദൃശ്ചികതയായി കാണുന്നില്ല.

അദ്ദേഹം തന്റെ അനുഭവം പങ്കുവെക്കുന്നത് ഇങ്ങനെയാണ്: “എന്റെ ദിവസങ്ങൾ തുടങ്ങിയിരുന്നത് ഈ രൂപത്തിന് മുന്നിൽ മുട്ടുകുത്തി പ്രാർഥിച്ചുകൊണ്ടായിരുന്നു. ഒടുവിൽ ഭൂകമ്പം ഉണ്ടായ ആ ഭീകരനിമിഷത്തിൽ, ആ ചുവരുകൾ ചരിഞ്ഞുവീണപ്പോൾ രൂപം ഇരുന്നിരുന്ന മേശ മാത്രം അല്പം മുന്നോട്ട് നീങ്ങിമാറി. ചുവരുകൾ മാതാവിന്റെ രൂപത്തിന് മേൽ പതിക്കാതിരിക്കാൻ അത് കാരണമായി. മാതാവ് അവിടെത്തന്നെ നിന്നു, എന്നെ ജീവനോടെ അവിടെനിന്ന് പുറത്തെത്തിക്കുകയും ചെയ്തു.”

മറ്റൊരു ശ്രദ്ധേയമായ സംഭവം ‘സാന്റോ നിനോ ഡി പ്രാഗ’ (Holy Child of Prague) പ്രൈമറി സ്കൂളിലാണ്. കർമ്മലീത്താ സന്യാസിനികൾ താമസിക്കുന്ന ഈ കെട്ടിടത്തിന്റെ ഭൂരിഭാഗവും ഭൂകമ്പത്തിൽ തകർന്നെങ്കിലും, അവിടെയുണ്ടായിരുന്ന മാതാവിന്റെ രൂപത്തിന് യാതൊരു കേടുപാടുകളും സംഭവിച്ചില്ല. പിന്നീട് ഈ രൂപം സന്യാസിനികൾ സുരക്ഷിതമായി ഒരു സോഫയിലേക്ക് മാറ്റി. പ്രകൃതിദുരന്തങ്ങൾക്കിടയിൽ ഇത്തരത്തിൽ ബൈബിളുകളോ കുരിശുകളോ വിശുദ്ധരുടെ രൂപങ്ങളോ കേടുകൂടാതെ കണ്ടെത്തുന്നത് ആദ്യമായല്ല. ശാസ്ത്രീയമായ വ്യാഖ്യാനങ്ങൾക്കപ്പുറം, പ്രിയപ്പെട്ടവരും സമ്പാദ്യങ്ങളും നഷ്ടപ്പെട്ട് ദുഃഖത്തിലാണ്ട ഒരു ജനതയ്ക്ക് ഇത്തരം ദൃശ്യങ്ങൾ നൽകുന്ന ആശ്വാസം വളരെ വലുതാണെന്ന് മനശാസ്ത്രജ്ഞരും നിരീക്ഷകരും വിലയിരുത്തുന്നു.

വെനസ്വേല വലിയൊരു പുനർനിർമ്മാണ പ്രക്രിയയിലേക്ക് കടക്കുമ്പോൾ, തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിലും തങ്ങളെ കൈവിടാത്ത ദൈവസാന്നിധ്യത്തിന്റെ ഓർമ്മപ്പെടുത്തലായി ഈ പ്രത്യാശയുടെ പ്രതീകങ്ങളെ നെഞ്ചോട് ചേർക്കുകയാണ് അവിടുത്തെ വിശ്വാസിസമൂഹം. വേദനയുടെ നടുവിലും പ്രത്യാശ കൈവിടാതിരിക്കാൻ ഈ കാഴ്ചകൾ ജനങ്ങളെ സഹായിക്കുന്നു. ദുരന്തം വിതച്ച വലിയ നഷ്ടങ്ങളെ പൂർണ്ണമായി നികത്താൻ ഒരു ചിത്രത്തിനും കഴിയില്ലെങ്കിലും, മണ്ണും മനസ്സും ഒരുപോലെ ഉലയുമ്പോൾ എങ്ങോട്ട് നോക്കണം എന്ന നിശബ്ദമായ ഓർമ്മപ്പെടുത്തലാണ് വെനിസ്വേലയിലെ ഈ അതിജീവനക്കാഴ്ചകൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.