പ്രതീക്ഷയുടെ യാത്ര 143: ചിരി 

ജീവിതം എന്നത് പലർക്കും ഒരു വലിയ ഭാരമാണ്. ഉത്തരവാദിത്വങ്ങൾ, കഷ്ടപ്പാടുകൾ, മരണഭയം, രോഗങ്ങൾ എന്നിവയ്ക്കിടയിൽപെട്ട് നാം നമ്മുടെ ഉള്ളിലെ സന്തോഷത്തെ മറന്നുപോകുന്നു. എന്നാൽ, ജീവിതത്തെ ഒരു വലിയ ആഘോഷമായി, ആനന്ദമായി കാണാൻ പഠിപ്പിക്കുന്ന അതിമനോഹരമായ ഒരു ചൈനീസ് കഥയുണ്ട് – അതാണ് ‘മൂന്ന് ചിരിക്കുന്ന സന്ന്യാസിമാർ.’

ആ കഥ ഇങ്ങനെയാണ്:

പുരാതന ചൈനയിൽ മൂന്ന് സന്ന്യാസിമാർ ഉണ്ടായിരുന്നു. അവരുടെ പേരോ, വിലാസമോ ആര്‍ക്കും അറിയില്ലായിരുന്നു. കാരണം, അവർ ആരോടും അത് വെളിപ്പെടുത്തിയിരുന്നില്ല. അവർ എപ്പോഴും ഒരുമിച്ചാണ് സഞ്ചരിച്ചിരുന്നത്. ഏതെങ്കിലുമൊരു ഗ്രാമത്തിലെത്തിയാൽ അവർ അവിടത്തെ പ്രധാന ചത്വരത്തിൽ ചെന്ന് പൊട്ടിച്ചിരിക്കാൻ തുടങ്ങും. അവരുടെ ചിരി ആകര്‍ഷകവും മനോഹരവുമായിരുന്നു. അവരുടെ ചിരി കണ്ട് ചുറ്റുമുള്ളവരും ചിരിക്കാൻ തുടങ്ങും. അങ്ങനെ ആ ഗ്രാമം മുഴുവൻ ക്ഷണനേരത്തിനകം ഒരു വലിയ ചിരിമേളയായി മാറും. ചിരിയിലൂടെ മനുഷ്യരുടെ ഹൃദയം കീഴടക്കി, സന്തോഷം പകർന്നുനൽകി അവർ അടുത്ത ഗ്രാമത്തിലേക്ക് നീങ്ങും. അവരുടെ ഒരേയൊരു പ്രാർഥനയും ഉപദേശവും ആ ചിരി മാത്രമായിരുന്നു.

വർഷങ്ങളോളം അവർ ചൈനയിലുടനീളം സഞ്ചരിച്ചു. ഒടുവിൽ അവരിലൊരാൾ മരണമടഞ്ഞു. വാര്‍ത്തയറിഞ്ഞ് ഗ്രാമവാസികൾക്ക് സങ്കടമായി. അവരെല്ലാവരും ഓടിക്കൂടി. എപ്പോഴും ചിരിക്കുന്ന സന്ന്യാസിമാര്‍ കരയുമോയെന്ന് അറിയാന്‍വേണ്ടി അവര്‍ കാത്തുനിന്നു. എന്നാൽ, അവിടെക്കണ്ട കാഴ്ച അവരെ അമ്പരപ്പിച്ചു. ബാക്കിയുള്ള രണ്ട് സന്ന്യാസിമാർ നിർത്താതെ ചിരിക്കുകയാണ്! ഗ്രാമവാസികൾ അദ്ഭുതത്തോടെ ചോദിച്ചു: “നിങ്ങളുടെ സുഹൃത്ത് മരിച്ചിട്ടും നിങ്ങൾ എന്തുകൊണ്ടാണ് കരയാത്തത്?”

അപ്പോൾ ആ സന്ന്യാസിമാർ പറഞ്ഞു: “ഞങ്ങൾ ഇന്നലെ യാത്ര ചെയ്തുകൊണ്ടിരുന്നപ്പോള്‍ അവൻ ഒരു പന്തയം വച്ചു, ആരാണ് ആദ്യം മരിക്കുന്നത് എന്ന്. ഇപ്പോൾ അവൻ ജയിച്ചിരിക്കുന്നു!” ഇത് പറഞ്ഞിട്ട് അവര്‍ വീണ്ടും ചിരിക്കാന്‍ തുടങ്ങി.

മരണാനന്തര ചടങ്ങുകൾക്കായി മരിച്ച സന്ന്യാസിയുടെ വസ്ത്രം മാറ്റി, പുതിയ വസ്ത്രങ്ങള്‍ ധരിപ്പിക്കാന്‍ ഗ്രാമവാസികൾ ഒരുങ്ങിയപ്പോൾ സന്ന്യാസിമാര്‍ തടഞ്ഞു. എന്നിട്ട് അറിയിച്ചു: “മരിക്കുന്നതിന് മുൻപ് അവൻ പറഞ്ഞിരുന്നു, ‘എന്റെ വസ്ത്രങ്ങൾ മാറ്റരുത്. ജീവിതത്തിൽ ഒരിക്കൽപോലും ഈ ലോകത്തിന്റെ അഴുക്ക് എന്നെ ബാധിക്കാൻ ഞാൻ അനുവദിച്ചിട്ടില്ല.’ അതിനാല്‍ അവന്റെ വസ്ത്രങ്ങള്‍ മാറ്റേണ്ട.”

അതനുസരിച്ച് അവര്‍ സന്ന്യാസിയെ അതേ വസ്ത്രത്തിൽ ചിതയിൽ കിടത്തി. തീ കൊളുത്തിയപ്പോൾ, പെട്ടെന്ന് എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് നൂറുകണക്കിന് വർണ്ണാഭമായ പടക്കങ്ങൾ ആകാശത്തേക്ക് കത്തിയുയര്‍ന്ന് പൊട്ടിത്തെറിച്ചു. ആ കാഴ്ച കണ്ട ഗ്രാമവാസികളും ചിരിയിൽ പങ്കുചേർന്നു.

ഈ കഥ വെറുമൊരു കഥയല്ല, ജീവിതത്തെക്കുറിച്ചുള്ള വലിയൊരു ദർശനമാണ്. നാം പലപ്പോഴും സന്തോഷത്തെ ഒരു ലക്ഷ്യമായാണ് കാണുന്നത്. ‘ഇത് കിട്ടിയാൽ ഞാൻ സന്തോഷിക്കും’ എന്നാണല്ലോ നമ്മുടെ ചിന്ത. എന്നാൽ ഈ സന്ന്യാസിമാർ കാണിച്ചുതരുന്നത്, സന്തോഷമെന്നത് എവിടെയോ നിന്ന് ലഭിക്കേണ്ട ഒന്നല്ല, മറിച്ച് അത് നമ്മുടെ ഉള്ളിൽ നിന്ന് വരേണ്ട ഒന്നാണ് എന്നാണ്. ചിരിക്ക് അതിരുകളില്ല, ഭാഷയില്ല. അത് മനുഷ്യരെ ഒന്നിപ്പിക്കുന്നു. സങ്കടങ്ങൾക്കപ്പുറം ചിരിക്കാൻ കഴിയുക എന്നത് ഒരു വലിയ ആത്മീയസിദ്ധിയാണ്.

നമ്മുടെ ഏറ്റവും വലിയ പേടി മരണമാണ്. എന്നാൽ, മരണത്തെയും ഒരു വിനോദമായി കാണാൻ കഴിഞ്ഞാൽ പിന്നെ പേടിക്കാനെന്തുണ്ട്? സന്ന്യാസിമാർ സുഹൃത്തിന്റെ മരണത്തെ ആഘോഷിച്ചത് മരണം വെറുമൊരു അവസാനമല്ല, മറിച്ച് യാത്രയുടെ മറ്റൊരു ഘട്ടമാണെന്ന തിരിച്ചറിവ് കൊണ്ടാണ്. നമുക്ക് അതിന്  സാധിക്കുമെന്ന് തോന്നുന്നില്ല; ആ തിരിച്ചറിവ് ഉണ്ടാകാനും സാധ്യതയില്ല.

“ഈ ലോകത്തിന്റെ അഴുക്കുകൾ എന്നെ ബാധിച്ചിട്ടില്ല” എന്ന് സന്ന്യാസി പറഞ്ഞതും നമ്മള്‍ ശ്രദ്ധിക്കണം. പലപ്പോഴും നാം മറ്റുള്ളവരുടെ അഭിപ്രായങ്ങൾ, കുറ്റപ്പെടുത്തലുകൾ, അഹങ്കാരം, പക തുടങ്ങിയവ മനസ്സിൽ സൂക്ഷിച്ച് നമ്മള്‍ നമ്മുടെ മനസ്സ് മലിനമാക്കുന്നു. എന്നാല്‍, ഒരു കുഞ്ഞിനെപ്പോലെ നിർമ്മലമായ ചിരിയുണ്ടെങ്കിൽ ഈ അഴുക്കുകൾക്കൊന്നും നമ്മുടെ മനസ്സിനെ സ്പർശിക്കാൻ കഴിയില്ല.

അടുത്ത തവണ ജീവിതത്തിൽ വലിയൊരു പ്രതിസന്ധി നേരിടുമ്പോൾ ഈ കഥ ഓർക്കുക. പ്രശ്നങ്ങളെ മാറ്റിനിർത്തി, ഒരു നിമിഷം കണ്ണാടിയിൽ നോക്കി സ്വയം ഒന്ന് ചിരിക്കുക. ചിരിക്ക് പ്രശ്നങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലായിരിക്കാം. പക്ഷേ, പ്രശ്നങ്ങളെ നേരിടാനുള്ള കരുത്ത് അത് നമുക്ക് നൽകും. ജീവിതം വളരെ ചെറുതാണ്. അത് പരാതികൾക്കും പരിഭവങ്ങൾക്കും വേണ്ടിയുള്ളതല്ല, മറിച്ച് ആവോളം ചിരിക്കാനും സ്നേഹിക്കാനും വേണ്ടിയുള്ളതാണ്. “ദൈവം വിനോദത്തിനായി ഒരുക്കിയതിനെ മനുഷ്യൻ ഗൗരവമായി കാണുന്നതുകൊണ്ടാണ് അവൻ ദുഃഖിക്കുന്നത്” എന്ന അലൻ വാട്‌സിന്റെ വാക്കുകളെ നമുക്ക് വിസ്മരിക്കാതിരിക്കാം.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.