ജൂലൈ 03: വിശുദ്ധ തോമാശ്ലീഹാ

ഭാരതത്തിന്റെ അപ്പസ്‌തോലന്‍ എന്നറിയപ്പെടുന്ന തോമാശ്ലീഹാ, ഗലീലിയ ദേശത്തുള്ള ഒരു യഹൂദകുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹം ദിദീമൂസ് എന്നും അറിയപ്പെട്ടിരുന്നു. ശ്ലീഹായുടെ ബാല്യകാലം, കുടുംബസ്ഥിതി, മിശിഹായില്‍ വിളിക്കപ്പെട്ട സാഹചര്യം എന്നിവയെല്ലാം തീര്‍ത്തും അജ്ഞാതമാണ്. എങ്കിലും സുവിശേഷവിവരണങ്ങളുടെ അടിസ്ഥാനത്തില്‍, മിശിഹായുടെ പരസ്യജീവിതത്തിന്റെ ആരംഭത്തില്‍ തന്നെ അദ്ദേഹം ഈശോയെ അനുഗമിച്ചു എന്നുവേണം കരുതാന്‍.

വി. യോഹന്നാന്റെ സുവിശേഷത്തില്‍ മൂന്നു തവണ ശ്ലീഹായെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഒന്നാമത്തേത്, ക്രിസ്തുവിനോടൊപ്പം ബഥാനിയായിലേക്കു പോകാന്‍ ഭയപ്പെട്ടു നിന്ന ശിഷ്യരോട് ‘നമുക്കും അവനോടു കൂടെ പോയി മരിക്കാം’ എന്ന് ശ്ലീഹാ ധൈര്യസമേതം പ്രഖ്യാപിച്ചു (യോഹ. 11:16). താന്‍ പോകുന്ന വഴി ശ്ലീഹന്മാര്‍ക്കറിയാം’ എന്ന് ഈശോ പറഞ്ഞപ്പോള്‍ ‘കര്‍ത്താവേ, അങ്ങ് എവിടെ പോകുന്നുവെന്ന് ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ, പിന്നെ വഴി എങ്ങനെ അറിയാനാണ്’ എന്നു ചോദിച്ചതും അദ്ദേഹമാണ് (യോഹ. 14:36). മൂന്നാമതായി, തന്റെ അസാന്നിധ്യത്തില്‍ പ്രത്യക്ഷപ്പെട്ട ഈശോയെ സംശയിച്ച ശ്ലീഹാ, അവിടുന്ന് വീണ്ടും പ്രത്യക്ഷനായപ്പോള്‍ ‘എന്റെ കര്‍ത്താവേ.. എന്റെ ദൈവമേ..’ എന്നുപറഞ്ഞ് തന്റെ വിശ്വാസം പ്രഖ്യാപിച്ചു (യോഹ. 20:29).

ചരിത്രകാരന്മാര്‍ക്കിടയില്‍ ശ്ലീഹയുടെ പ്രേഷിതരംഗത്തെക്കുറിച്ച് സംശയമുണ്ടെങ്കിലും അദ്ദേഹം സുവിശേഷപ്രസംഗത്തിനായി പൗരസ്ത്യദേശത്തേക്കാണ് പുറപ്പെട്ടതെന്ന് സമ്മതിക്കാത്തതായി ആരുമില്ല. ഈശോയുടെ സ്വര്‍ഗാരോഹണത്തിനു ശേഷം ശ്ലീഹന്മാര്‍ സുവിശേഷപ്രസംഗത്തിനായി പുറപ്പെട്ടപ്പോള്‍ തോമാശ്ലീഹാ തന്റെ പ്രവര്‍ത്തനരംഗമായി തിരഞ്ഞെടുത്തത് ‘പാര്‍ത്തിയാ’ രാജ്യമാണെന്നും പിന്നീട് പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണവേളയില്‍ ഓര്‍ശ്ലേമില്‍ ഒന്നിച്ചുകൂടിയ ശ്ലീഹന്മാര്‍ വീണ്ടും തങ്ങളുടെ പ്രേഷിതരംഗങ്ങള്‍ നിശ്ചയിക്കുന്നതിനായി കുറിയിട്ടപ്പോള്‍ ‘ഇന്ത്യാ’ ദേശമാണ് ലഭിച്ചതെന്നുമാണ് ശ്ലീഹായുടെ പേരിലുള്ള പരമ്പരാഗത വിശ്വാസം.

തോമാശ്ലീഹായുടെ മരണത്തെക്കുറിച്ച് പ്രധാനമായും രണ്ട് പാരമ്പര്യങ്ങളാണുള്ളത്. ‘തോമായുടെ നടപടി’യില്‍ രേഖപ്പെടുത്തിയിരിക്കുന്നത് അനുസരിച്ച്, മസ്ദായ എന്ന രാജാവിന്റെ ഭാര്യയെയും പുത്രിയെയും തോമാശ്ലീഹാ മാനസാന്തരപ്പെടുത്തിയതിനാല്‍ രാജകല്പന അനുസരിച്ച് അദ്ദേഹത്തെ കുന്തം കൊണ്ട് കുത്തി കൊലപ്പെടുത്തി എന്നാണ്. സ്ഥലകാലങ്ങളെക്കുറിച്ച് യാതൊരു വിവരവും ഇതില്‍ പ്രസ്താവിച്ചിട്ടില്ല. എന്നാല്‍, കേരള ക്രൈസ്തവര്‍ വിശ്വസിച്ചുപോരുന്ന പാരമ്പര്യമനുസരിച്ച്, ഇന്ത്യയുടെ പൂര്‍വ്വദേശത്തേക്കുള്ള യാത്രയില്‍ ശ്ലീഹാ മദ്രാസിനടുത്തെത്തി. അവിടെ കാളീദേവിയുടെ ക്ഷേത്രം സ്ഥിതിചെയ്തിരുന്നു. അവിടെ ശ്ലീഹാ നടത്തിയ സുവിശേഷപ്രസംഗത്തിന്റെ ഫലമായി ദേവീവിശ്വാസികള്‍ പലരും ക്രൈസ്തവമതം സ്വീകരിച്ചു. തത്ഫലമായി അമ്പലത്തിന്റെ പ്രസിദ്ധി നഷ്ടപ്പെട്ടു. ഇതില്‍ കുപിതരായ ക്ഷേത്രപുരോഹിതന്മാര്‍ ശ്ലീഹായെ എങ്ങനെയും വധിക്കാന്‍ തീരുമാനിച്ചു. പെരിയ മലയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ശ്ലീഹായെ ശത്രുക്കള്‍ കുന്തം കൊണ്ട് കുത്തിക്കൊന്നു. ഈ സംഭവം നടന്നത് എ.ഡി. 68 ജൂലൈ 3-ാം തീയതിയാണ്. വിശ്വാസികള്‍ അദ്ദേഹത്തിന്റെ മൃതദേഹം കടല്‍ത്തീരത്തിനടുത്തുള്ള കലമിന (ഇന്നത്തെ മൈലാപ്പൂര്‍) എന്ന സ്ഥലത്ത് പൂജ്യമായി സംസ്‌കരിച്ചു.

ശ്ലീഹാ മരിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ പൂജ്യാവശിഷ്ടങ്ങള്‍ മൈലാപ്പൂരില്‍ നിന്ന് എദേസ്സായിലേക്കു മാറ്റപ്പെട്ടു. ശ്ലീഹായുടെ പരിപാവനമായ കരത്തിലെ ഒരസ്ഥി കൊടുങ്ങല്ലൂരില്‍ പണികഴിപ്പിച്ച ദൈവാലയത്തില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

വിചിന്തനം: ”എത്രയും പരിശുദ്ധമായ അങ്ങയുടെ ശുശ്രൂഷക്ക് തങ്ങളെ തന്നെ കീഴ്‌പ്പെടുത്തുന്നവര്‍ക്ക് വലിയ ദൈവവരങ്ങള്‍ ലഭിക്കും.”

ഇതര വിശുദ്ധര്‍: അനാറ്റോലിയൂസ് (+283)/ ബിബ്ലിഗ് (അഞ്ചാം നൂറ്റാണ്ട്)/ സില്ലേന്‍ (+752) ഐറിഷ് സന്യാസ് / ജോസഫ് പീറ്റര്‍ (+1838) / ദാത്തൂസ് (+190) റവേണാ മെത്രാന്‍ / ഫിലിപ്പ് മീന്‍ (+1853) / ഹിയാസിന്ത് (+120) / ബ്ലാദുസ്.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.