സീറോ മലബാര്‍ ശ്ലീഹാക്കാലം ആറാം വെള്ളി ജൂലൈ 03 യോഹ. 20: 24-29 മിശിഹായെ കർത്താവും ദൈവവുമായി ഏറ്റുപറയുന്ന തോമാശ്ലീഹാ

ഈശോ ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെടുമ്പോള്‍ തോമസ്‌ അവരോടൊപ്പമില്ല. ഈശോയെ കാണാതെ, ആ ആണിപ്പഴുതുകളില്‍ വിരലിടാതെ, പാര്‍ശ്വത്തില്‍ കൈവയ്ക്കാതെ താന്‍ വിശ്വസിക്കുകയില്ല എന്നാണ് തോമസ് പറയുന്നത്.

തീര്‍ച്ചയായും തോമസിന്റെ ഈ ശാഠ്യം ഈശോയും കണ്ടിരുന്നിരിക്കണം. കണ്ടിട്ട്, ഉടന്‍ തന്നെ ഈശോ തോമസിനെ പ്രീതിപ്പെടുത്താന്‍ അവന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നുണ്ടോ? ഇല്ല. എട്ട് ദിവസങ്ങള്‍ക്കു ശേഷമാണ് ഈശോ അവന് പ്രത്യക്ഷപ്പെടുന്നത്. ഈ എട്ട് ദിവസങ്ങളിലെ തോമസിന്റെ സഹനം നമ്മള്‍ ഓര്‍ക്കുക. എന്തുമാത്രം ആകുലതയും അസ്വസ്ഥതയും അവന് ഉണ്ടായിട്ടുണ്ടാകണം ആ ദിവസങ്ങളില്‍? സഹനത്തിന്റെ എട്ട് ദിവസങ്ങളായിരുന്നു അത്. സഹനത്തിന്റെ എട്ട് ദിവസങ്ങള്‍ തോമസിനായി ഈശോ അനുവദിക്കുകയാണ്.

നമ്മുടെ ജീവിതത്തിലും ഇതുപോലെ സഹനത്തിന്റെ ഇടവേളകള്‍ ദൈവം അനുവദിക്കുമ്പോള്‍ അവയെ ക്ഷമയോടെ സ്വീകരിക്കാന്‍ നമുക്ക് സാധിക്കട്ടെ. രോഗത്തിന്റെയും പകര്‍ച്ചവ്യാധിയുടെയും നാളുകളെ ‘നമ്മുടെ എട്ട് ദിനങ്ങള്‍’ ആയി കാണാന്‍ സാധിച്ചാല്‍ നമ്മള്‍ വിജയിച്ചു.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.