
വിശുദ്ധ കുർബാനയ്ക്കിടയിൽ കത്തോലിക്കർ ദൈവാലയങ്ങളിൽ മണി മുഴക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? അതിന്റെ പിന്നിലെ ചരിത്രം നമുക്കൊന്ന് പരിശോധിക്കാം.
മധ്യകാലഘട്ടത്തിൽ, ദൈവാലയങ്ങളിൽ പ്രധാന അൾത്താരയ്ക്ക് പുറമെ വശങ്ങളിലായുള്ള നിരവധി അൾത്താരകളും ഉണ്ടായിരുന്നു. നിങ്ങൾ ഇന്ന് യൂറോപ്പിലെ ഒരു മധ്യകാല കത്തീഡ്രൽ സന്ദർശിച്ചാൽ, അവിടെ വശങ്ങളിലായി ഒരുക്കിയിരിക്കുന്ന ഇത്തരം നിരവധി ചെറിയ ചാപ്പലുകൾ കാണാൻ സാധിക്കും.
പലപ്പോഴും, സഭയ്ക്ക് വലിയ തുകയോ ഭൂമിയോ ദാനമായി നൽകുന്ന സമ്പന്നരായ ആളുകളുടെ സഹായത്തോടെയാണ് കത്തീഡ്രലുകളിലോ പള്ളികളിലോ ഇത്തരം, വശങ്ങളിലുള്ള ചാപ്പലുകൾ കൂട്ടിച്ചേർത്തിരുന്നത്. ആ ദാതാവിന്റെയും കുടുംബാംഗങ്ങളുടെയും ആത്മാക്കളുടെ നിത്യശാന്തിക്കായി എല്ലാ ദിവസവും ആ ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനായി ഒരു വൈദികന് നൽകേണ്ട ചെലവുകളും ഈ തുകയിൽ നിന്നാണ് കണ്ടെത്തിയിരുന്നത്.
ഇതിന്റെ ഫലമായി, എല്ലാ ദിവസവും ഇത്തരം വശങ്ങളിലുള്ള ചാപ്പലുകളിലും അൾത്താരകളിലും നിരവധി കുർബാനകൾ ചൊല്ലപ്പെട്ടിരുന്നു. സന്ന്യാസാശ്രമങ്ങളിൽ സന്ന്യാസികളായ എല്ലാ വൈദികരും തങ്ങൾക്ക് നിശ്ചയിക്കപ്പെട്ട നിയോഗങ്ങൾക്കായി വെവ്വേറെ വിശുദ്ധ കുർബാനകൾ അർപ്പിച്ചുപോന്നു. ദാതാക്കൾ നൽകുന്ന ഈ കുർബാനപ്പണം ആ വൈദികന്റെയോ സന്ന്യാസിയുടെയോ ജീവനത്തിനുള്ള സഹായവുമായിരുന്നു.
‘ചാൻട്രി പ്രീസ്റ്റുകൾ’ എന്നാണ് ഈ വൈദികർ അറിയപ്പെട്ടിരുന്നത്. തങ്ങളുടെ ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനൊപ്പം പലപ്പോഴും ഇവർക്ക് മറ്റ് ഇടവകയെ സഹായിക്കുന്ന ചുമതലകളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ മധ്യകാലഘട്ടത്തിലെ ഒരു പള്ളിയിലോ, ആശ്രമത്തിലോ, കത്തീഡ്രലിലോ ദിവസത്തിന്റെ ഏത് സമയത്ത് ചെന്നാലും അവിടെ എവിടെയെങ്കിലും ഒരു വിശുദ്ധ കുർബാന നടക്കുന്നുണ്ടാകുമായിരുന്നു.
യഥാർഥത്തിൽ, ഒരേ സമയം തന്നെ പല വിശുദ്ധ കുർബാനകൾ നടന്നിരുന്നു. ദൈവാലയങ്ങൾ എപ്പോഴും തുറന്നിട്ടിരിക്കുമായിരുന്നു. വിശ്വാസികൾ ഒരു നിശ്ചിത സമയത്ത് വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളാനും ദിവ്യകാരുണ്യം സ്വീകരിക്കാനും വേണ്ടി മാത്രമായി ദൈവാലയങ്ങൾ വരുന്നതിന് പകരം, പ്രാർഥിക്കാനും ആരാധിക്കാനും കർത്താവിനോടൊപ്പം സമയം ചെലവഴിക്കാനും വേണ്ടി മാത്രമായി ദൈവാലയങ്ങളിലേക്ക് കയറിവരികയായിരുന്നു പതിവ്. അക്കാലത്ത് ഭൂരിഭാഗം ആളുകളും വളരെ അപൂർവമായി മാത്രമേ ദിവ്യകാരുണ്യം സ്വീകരിച്ചിരുന്നുള്ളൂ; പലരും വർഷത്തിലൊരിക്കൽ ഈസ്റ്റർ തിരുനാളിന് മാത്രം. അതിനാൽ അവർ പള്ളിയിൽ ഇരുന്ന് പ്രാർഥിക്കുമ്പോഴോ, അല്ലെങ്കിൽ അയൽക്കാരുമായി കണ്ട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴോ ഒക്കെ, അൾത്താരയിൽ നിന്ന് മണി മുഴങ്ങുമ്പോൾ മാത്രമാണ് അവരുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞിരുന്നത്.
ഇന്ന് നിങ്ങൾ ടൂറിസ്റ്റുകളുടെ ബഹളം നിറഞ്ഞ ഒരു മധ്യകാല കത്തീഡ്രൽ സന്ദർശിച്ചാൽ, ആളുകളെ ശാന്തരാക്കാനും പ്രാർഥനയിലേക്ക് നയിക്കാനും എന്തിനാണ് മണി മുഴക്കുന്നതെന്ന് എളുപ്പത്തിൽ മനസ്സിലാകും. ഈ പാരമ്പര്യം ഇന്നും തുടർന്നുപോരുന്നു.
നമ്മുടെ ഇന്നത്തെ സാഹചര്യങ്ങൾ പണ്ടത്തേതിൽ നിന്ന് തികച്ചും വ്യത്യസ്തമാണെങ്കിലും, ചിതറിപ്പോയ നമ്മുടെ ചിന്തകളെ തിരികെ കൊണ്ടുവരാനും അൾത്താരയിലെ ബലിയിലേക്ക് നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇന്നും ആ മണിനാദം നമ്മെ സഹായിക്കുന്നു.




