അമൂല്യ സുകൃതനിധി നിക്ഷേപം

ജിന്‍സി സന്തോഷ്‌

തലമുറതലമുറയായി പരിശുദ്ധ കന്യകാമറിയം നമ്മുടെ പൂർവ്വികർ വഴി നമുക്ക് കൈമാറിത്തന്നിട്ടുള്ള അമൂല്യ സുകൃതനിധി നിക്ഷേപമാണ് ജപമാല ഭക്തി. ജപമാല ഒരു സംരക്ഷണ കോട്ടയാണ്. വിശ്വസിച്ച് ഉരുവിടുന്ന ഒരു ‘നന്മ നിറഞ്ഞ മറിയ’ത്തിനു പോലും ഉത്തരം കിട്ടാതെ പോകില്ല.

ഒരു വിശ്വാസിക്ക്, സ്വർഗപിതാവിന്റെ സമ്പൂര്‍ണ്ണമായ പരിപാലനയും പുത്രനായ ഈശോമിശിഹായുടെ സ്വർഗീയമായ സംരക്ഷണവും നിത്യസഹായകനായ പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങളുടെ അഭിഷേകവും തിരുക്കുടുംബനാഥയായ പരിശുദ്ധ അമ്മയുടെ കരുതലും സാന്നിധ്യവും പ്രദാനം ചെയ്യുന്നതാണ് ജപമാല. മനുഷ്യാവതാരത്തിന്റെ മംഗളവാർത്തയില്‍ ആരംഭിച്ച് ക്രിസ്തുവിന്റെ ജനനത്തിലൂടെയും പരസ്യജീവിതത്തിലൂടെയും മരണ-ഉത്ഥാന-മഹത്വീകരണത്തിലൂടെയും മനുഷ്യന്റെ ആത്യന്തികലക്ഷ്യമായ നിത്യതയുടെ മഹത്വീകരണത്തിലേക്ക് തീർത്ഥാടനം നടത്താൻ വിശ്വാസിയെ സഹായിക്കുന്ന ലളിതമായ പ്രാർത്ഥന കൂടിയാണ് ജപമാല.

ജപമാല ചൊല്ലുമ്പോൾ നാം പരിശുദ്ധ അമ്മയുടെ കൈയ്യിൽ പിടിക്കുന്നു. ചൊല്ലിക്കഴിയുമ്പോൾ അമ്മ നമ്മുടെ കൈയ്യിൽ പിടിച്ച് ചേർന്നുനടക്കുന്നു. “മറിയത്തിന്റെ പരിശുദ്ധ ജപമാലയേ, ഞങ്ങളെ ദൈവവുമായി ബന്ധിക്കുന്ന സുമധുര ചങ്ങലയേ, മാലാഖമാരുമായി ഐക്യപ്പെടുത്തുന്ന സ്നേഹബന്ധനമേ, നാരകീയശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്നും സംരക്ഷണം തരുന്ന ഗോപുരമേ, പ്രപഞ്ച കപ്പൽഛേദത്തിൽ നിന്നും സംരക്ഷണമാകുന്ന ഭദ്രമായ തുറമുഖമേ, ഞങ്ങൾ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. മരണസമയത്ത് നീ ഞങ്ങളുടെ ആശ്വാസമായിരിക്കും. ജീവൻ പിരിയുമ്പോൾ അവസാനചുംബനം നിന്റേതാതായിരിക്കും” (വിശുദ്ധരുടെ വിശുദ്ധ മൊഴികളിൽ നിന്ന്).

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.