മരുഭൂമിയിലും മഴ പെയ്യും

ജിന്‍സി സന്തോഷ്‌

മരുഭൂമിയിലും മഴ പെയ്യാറുണ്ടത്രേ! എങ്കിലും കനലെരിയുന്ന നിന്റെ നെഞ്ചിലെത്തുമ്പോഴേക്കും ആ മഴത്തുള്ളികൾ വറ്റിപ്പോകുന്നു. ജീവിതയാത്രയിലെ സഹനമരുഭൂമികളിൽ നീ തളർന്നുവീഴുമ്പോൾ, ഒറ്റപ്പെടലിന്റെയും തിരസ്ക്കരണങ്ങളുടെയും ചുട്ടുപൊള്ളുന്ന മണൽത്തരികളിൽ നീ മുഖം പൊത്തുമ്പോൾ, ചേർത്തുപിടിക്കണ്ടവർ മുഖം തിരിയ്ക്കുമ്പോൾ… ഓർക്കുക, നിന്നെ അറിയുന്ന, നിനക്കു വേണ്ടി വിരിച്ച കരങ്ങളുമായി കാത്തിരിക്കുന്ന മരുഭൂമിയിലും തെളിനീരൊഴുക്കാൻ കഴിവുള്ള ഒരു ദൈവം സദാ നിന്നോടൊപ്പം ഉണ്ട്.

മരുഭൂമിയിൽ ചില ഒറ്റമരങ്ങൾ ഉണ്ട്. എന്നെങ്കിലുമൊരിക്കൽ, ആരെങ്കിലുമൊരാൾ തന്റെ തണൽ കൊള്ളാൻ വരുമെന്ന് പ്രതീക്ഷിച്ച് വിരിച്ച ശിഖരങ്ങളുമായി നില്‍ക്കുന്നവർ. കൂട്ടില്ലാതെ സൃഷ്ടാവിനെ നോക്കി തനിച്ച് വളർന്നവരാണവർ. ആ കരുത്താണ് അവരെ പ്രതികൂലങ്ങളുടെ പൊള്ളുന്ന ചൂടിലും പുഞ്ചിരി തൂകി വിരിച്ച കരങ്ങളോടെ നിലനില്‍ക്കാൻ സഹായിക്കുന്നത്.

“അവിടുന്ന് അവനെ മരുഭൂമിയിൽ, ശൂന്യത ഓരിയിടുന്ന മണലാരണ്യത്തിൽ കണ്ടെത്തി; അവനെ വാരിപ്പുണർന്നു. താല്‍പര്യപൂർവ്വം പരിചരിച്ച് തന്റെ കണ്ണിലുണ്ണിയായി സൂക്ഷിച്ചു” (നിയമാ. 32:10).

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.