ശക്തമായ രോഗവ്യാപനത്തിന് സാധ്യത; അടുത്ത രണ്ടാഴ്ച്ച അതീവ ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി

ഓണദിവസങ്ങള്‍ കടന്നുപോയ സാഹചര്യത്തില്‍ അടുത്ത 14 ദിവസം അതീവ ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണം ക്ലസ്റ്റര്‍തന്നെ രൂപംകൊള്ളാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യ സംവിധാനങ്ങളും വ്യക്തികളും അടുത്ത രണ്ടാഴ്ച കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കോവിഡ് വ്യാപനം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മറ്റുള്ളവരിലേക്ക് എത്താതിരിക്കാനുള്ള പരിശ്രമം എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാവണം. വയോജനങ്ങളുമായി എല്ലാവരും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ദിവസങ്ങളാണ് കഴിഞ്ഞുപോയത്. വയോജനങ്ങള്‍ക്കിടയില്‍ രോഗവ്യാപനം കൂടിയാല്‍ മരണ നിരക്ക് വര്‍ധിക്കുമെന്ന കാര്യം നാം ഓര്‍ക്കണം. നാം പ്രതീക്ഷിച്ച തരത്തിലുള്ള രോഗവ്യാപനം കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായില്ല. എന്നാല്‍ അടുത്ത 14 ദിവസം അതീവ ജാഗ്രത പാലിക്കണം.

ഇത്തരത്തിലുള്ള ജാഗ്രത എത്രകാലം പാലിക്കണമെന്നാണ് പലരും ചോദിക്കുന്നത്. വാക്‌സിന്‍ വരുന്നതുവരെ എന്നുമാത്രമെ ഉത്തരമുള്ളൂ. നാം പുലര്‍ത്തേണ്ട ജാഗ്രതയെ സോഷ്യല്‍ വാക്‌സിന്‍ എന്ന നിലയില്‍ കാണണം. അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.