കേരളത്തിൽ 82 % പേരിലും കോവിഡിനെ പ്രതിരോധിക്കാൻ ആന്റിബോഡി ഉള്ളതായി പഠന റിപ്പോർട്ട്

കേരളത്തിൽ 82 ശതമാനത്തിലധികം പേരിൽ കോവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡിയുണ്ടെന്ന് ആരോഗ്യവകുപ്പ് നടത്തിയ സിറോ പ്രിവലൻസ് സർവ്വേയുടെ പ്രാഥമിക വിലയിരുത്തൽ. 40 % കുട്ടികളിൽ ആന്റിബോഡി സാന്നിധ്യമുണ്ടെന്നാണു സൂചന. 14 ജില്ലകളിൽ നിന്ന് 30,000 സാംപിളുകൾ ശേഖരിച്ചു നടത്തിയ പഠനത്തിന്റെ വിശകലനം പുരോഗമിക്കുകയാണ്. അന്തിമ കണക്കുകളിൽ മാറ്റം വരാം.

കോവിഡ് ബാധിച്ചോ, വാക്സിനേഷനിലൂടെയോ പ്രതിരോധശേഷി ലഭിച്ചിട്ടുണ്ടോ എന്നറിയാനാണ് സർവ്വേ നടത്തിയത്. കുട്ടികൾക്ക് വാക്സീൻ നൽകിത്തുടങ്ങിയിട്ടില്ലാത്തതിനാൽ കോവിഡ് ബാധ മാത്രമാണ് ആന്റിബോഡിക്കു കാരണം.

18 കഴിഞ്ഞവർ, 5–17 പ്രായക്കാർ, തീരദേശവാസികൾ, ഗർഭിണികൾ, ചേരിനിവാസികൾ, 18 വയസ്സിനു മുകളിലുള്ള ആദിവാസികൾ എന്നിവരിലാണ് പരിശോധന നടത്തിയത്. തീരദേശത്ത് 90 % വരെ ആന്റിബോഡി സാന്നിധ്യമുണ്ട്. അതേസമയം, കുട്ടികളിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആന്റിബോഡി കുറവാണ്. സ്കൂളുകൾ തുറക്കാൻ ഈ ഫലം കൂടി പരിഗണിക്കുന്നുണ്ട്. ഐസിഎംആർ നടത്തിയ ദേശീയ സർവ്വേയിൽ കേരളത്തിൽ 44.4 % പേരിലാണ് ആന്റിബോഡി കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.