വാക്സീൻ വിതരണത്തിൽ വീണ്ടും നേട്ടം; ജി–7 രാഷ്ട്രങ്ങളെ പിന്നിലാക്കി ഇന്ത്യ

ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയിൽ നടന്ന വാക്സിനേഷൻ ജി-7 രാജ്യങ്ങളിൽ എല്ലാംകൂടി ഈ കാലയളവിൽ നടന്ന വാക്സിനേഷനേക്കാൾ കൂടുതലാണെന്ന് കേന്ദ്ര സർക്കാർ. ഓഗസ്റ്റിൽ ഇന്ത്യയിൽ 18 കോടിയിലധികം ഡോസ് വാക്സിൻ നൽകിയെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

‘മറ്റൊരു നേട്ടംകൂടി! ഓഗസ്റ്റ് മാസത്തിൽ 18 കോടിയിലധികം ഡോസ് വാക്സിൻ നൽകിക്കൊണ്ട് രാജ്യത്തെ ജനങ്ങൾക്ക് മുൻഗണനാടിസ്ഥാനത്തിൽ പ്രതിരോധ മരുന്ന് നൽകുന്ന കാര്യത്തിൽ ഇന്ത്യ ആഗോള ഭൂപടത്തിൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു’ ‘മൈഗവ് ഇന്ത്യ’ ട്വീറ്റ് ചെയ്തു.

ജി-7 രാജ്യങ്ങളായ കാനഡ, യുകെ, യുഎസ്, ഇറ്റലി, ജർമനി, ഫ്രാൻസ്, ജപ്പാൻ എന്നിവിടങ്ങളിൽ ആകെ നടന്ന വാക്സിനേഷനേക്കാൾ കൂടുതലാണ് ഇന്ത്യയിൽ നടന്ന വാക്സിനേഷനെന്നും ട്വീറ്റിൽ പറയുന്നു. കാനഡ 30 ലക്ഷം ഡോസും ജപ്പാൻ നാല് കോടി ഡോസുമാണ് നൽകിയതെന്നും ട്വീറ്റിൽ ചൂണ്ടിക്കാണിക്കുന്നു.

നിലവിൽ ഇന്ത്യയിൽ 68.46 കോടിയിൽ അധികം പേർക്കാണ് വാക്സിൻ നൽകിയത്. ഞായറാഴ്ച 42,766 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.