കൊറോണ വൈറസിന്റെ വകഭേദം യു.എസിൽ മാർച്ചോടെ ശക്തമാകുമെന്ന് പഠനം

വളരെ വേഗത്തിൽ വ്യാപിക്കുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം മാർച്ച് മാസത്തോടെ യു.എസിൽ പടർന്ന് പിടിക്കുമെന്ന് യു.എസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പഠനം. വളരെ വേഗത്തിൽ വാക്‌സിനേഷൻ നടത്തേണ്ടതിന്റെ ആവശ്യകതയാണ് ഇത് കാണിക്കുന്നതെന്നും പുതിയ മോഡലിങ് പഠനത്തിലൂടെ സി.ഡി.സി. വ്യക്തമാക്കുന്നു.

കൊറോണ വൈറസിന്റെ B.1.1.7 എന്ന പേരിൽ അറിയപ്പെടുന്ന വകഭേദം ആദ്യം കണ്ടെത്തിയത് ഡിസംബറിൽ യു.കെയിലാണ്. വൈറസിന് കുറച്ച് കൂടി വേഗത്തിൽ ആളുകളിലേക്ക് വ്യാപിക്കാൻ സഹായിക്കുന്ന തരത്തിലായിരുന്നു അതിന്റെ ജനിതക വ്യതിയാനം. ഇത്തരത്തിൽ വകഭേദം സംഭവിച്ച കൊറോണ വൈറസ് മൂലമുള്ള 76 കേസുകളാണ് യു.എസിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇപ്പോൾ ജനിതക വകഭേദം വന്ന വൈറസുകൾ കുറവാണെങ്കിലും ഇത് വരും മാസങ്ങളിൽ യു.എസിനെ വ്യാപകമായി ബാധിക്കുമെന്നും ‘ മോർബിഡിറ്റി ആൻഡ് മോർട്ടാലിറ്റി വീക്ക്‌ലി റിപ്പോർട്ടിൽ’ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.