56 ലക്ഷം ഡോസ്‌ കോവിഷീൽഡ് സംഭരണകേന്ദ്രങ്ങളിൽ എത്തി

പുണെ സിറം ഇൻസ്റ്റിട്യൂട്ടിൽനിന്ന് പതിമൂന്ന് നഗരങ്ങളിലെ അംഗീകൃത സംഭരണകേന്ദ്രങ്ങളിലേക്ക് കോവിഷീൽഡ് വാക്‌സിന്റെ 56 ലക്ഷം ഡോസ് കനത്ത സുരക്ഷാസംവിധാനങ്ങളോടെ അയച്ചു. ജനുവരി പതിനാറിനാരംഭിക്കുന്ന ആദ്യഘട്ട വിതരണത്തിനായാണ് വാക്‌സിൻ അയച്ചു തുടങ്ങിയത്.

ഡൽഹി, ചെന്നൈ, കൊൽക്കത്ത, ഗുവാഹത്തി, ഷില്ലോങ്, അഹമ്മദാബാദ്, ഹൈദരാബാദ്, വിജയവാഡ, ഭുവനേശ്വർ, പട്‌ന, ബെംഗളൂരു, ലഖ്‌നൗ, ചണ്ഡീഗഡ് എന്നീ പതിമൂന്ന് നഗരങ്ങളിലേക്കാണ് ചൊവ്വാഴ്ച പുലർച്ചെ അഞ്ചു മണിയോടെ വാക്‌സിനുമായി വാഹനങ്ങൾ യാത്ര തിരിച്ചത്. കൂടാതെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ മുംബൈയിലേക്ക് വാക്‌സിനുമായി മൂന്ന് ട്രക്കുകൾ പുറപ്പെട്ടു. സിറം ഇൻസ്റ്റിട്യൂട്ടിൽ നിന്ന് 11 ദശലക്ഷം കോവിഷീൽഡ് ഡോസും ഭാരത് ബയോടെക്കിന്റെ 5.5 ദശലക്ഷം ഡോസ് കോവാക്‌സിനും ലഭ്യമാക്കുമെന്നും ജനുവരി പതിനാലോടെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിതരണത്തിനായി എത്തിക്കുമെന്നും കേന്ദ്രസർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ആരോഗ്യപ്രവർത്തകർ, പോലീസ്, ശുചീകരണജീവനക്കാർ എന്നിവർക്ക് ആദ്യഘട്ട വിതരണത്തിൽ പ്രാഥമിക പരിഗണന നൽകും. വാക്‌സിൻ വിതരണം ഓൺലൈനിലൂടെ പ്രധാനമന്ത്രി ഔദ്യോഗികമായി നിർവഹിക്കും എന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.