കോവിഡ് രോഗി മരിച്ച് 18 മണിക്കൂർവരെ വൈറസ് സാന്നിധ്യം

കോവിഡ് രോഗിയുടെ മരണത്തിനു ശേഷം 18 മണിക്കൂർ വരെ വൈറസ് സാന്നിധ്യം കണ്ടെത്തി. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹ പരിശോധന നടത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. രണ്ടാഴ്ചത്തെ ചികിത്സയ്ക്കുശേഷം കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ മരിച്ച 62-കാരന്റെ മൃതദേഹ പരിശോധനയാണ് നടത്തിയത്. മരിച്ചയാളുടെ മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവിടങ്ങളിൽ നിന്നാണ് സ്രവമെടുത്തത്.

ആദ്യമായാണ് ബെംഗളൂരുവിൽ കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഓക്സ്ഫഡ് മെഡിക്കൽ കോളേജിലെ ഫൊറൻസിക് മെഡിസിൻ വകുപ്പ് മേധാവി ഡോ. ദിനേശ് റാവുവിന്റെ നേതൃത്വത്തിലാണ് മൃതദേഹ പരിശോധന നടന്നത്. എങ്ങനെയാണ് വൈറസ് മനുഷ്യശരീരത്തിൽ ബാധിക്കുന്നതെന്ന് കണ്ടെത്താനും മൃതദേഹം സംസ്കരിക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ മാറ്റേണ്ടതുണ്ടോയെന്ന് അറിയാനുമാണ് മൃതദേഹ പരിശോധന നടത്തിയതെന്ന് ഡോ. ദിനേശ് റാവു പറഞ്ഞു.

മുഖം, കഴുത്ത്, മൂക്കിനുള്ളിൽ, തൊണ്ട, ശ്വാസകോശത്തിന്റെ മുകൾ ഭാഗം, ശ്വസനനാളി തുടങ്ങിയ ഭാഗങ്ങളിൽ നിന്നെടുത്ത സാംപിളുകൾ ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ചർമത്തിൽ നിന്നെടുത്ത സാംപിളിൽ വൈറസ് സാന്നിധ്യം കണ്ടെത്താനായില്ല. മരണപ്പെട്ട് 18 മണിക്കൂറിനു ശേഷമാണ് സാംപിളുകളെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.