കുമ്പസാരം ആത്മാര്‍ത്ഥതയോടെ നടത്താന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുമ്പസാരം ഒരു ചടങ്ങ് പോലെ നടത്താതെ ആത്മാര്‍ത്ഥതയോടെ ചെയ്യണമെങ്കില്‍ അതിന് കൃത്യമായ ഒരുക്കം നടത്തേണ്ടതുണ്ട്, ആത്മീയമായി ഒരുങ്ങേണ്ടതുമുണ്ട്. സ്തുത്യര്‍ഹമായി ശുശ്രൂഷ നിറവേറ്റിക്കൊണ്ടിരിക്കുന്ന ചില വൈദികര്‍, ആത്മാര്‍ത്ഥതയുള്ള കുമ്പസാരത്തിനു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. അവ ഏതൊക്കെയെന്ന് നോക്കാം…

മനഃസാക്ഷി പരിശോധിക്കുക. നാം കുമ്പസാരക്കൂട്ടില്‍ കണ്ടുമുട്ടുന്നത് ദൈവത്തിന്റെ സ്‌നേഹവും കാരുണ്യവും ക്ഷമയുമാണ് എന്ന കാര്യം മറക്കരുത്. ആയിരിക്കുന്ന അവസ്ഥ എന്താണോ അത് വൈദികനോട് പറയുക. കുടുംബനാഥനാകാം, സന്യസ്തയാകാം, അവിവാഹിതനാകാം. നിങ്ങളുടെ അവസ്ഥ മനസിലാക്കിയാല്‍ മാത്രമേ അതനുസരിച്ച് നിങ്ങളെ ആശ്വസിപ്പിക്കാന്‍ വൈദികനു കഴിയൂ.

പാപങ്ങള്‍ എന്തായാലും അത് മറയില്ലാതെ പറയണം. വര്‍ഷത്തിലൊരിക്കല്‍ മാത്രമല്ല കുമ്പസാരിക്കേണ്ടത്. തുടര്‍ച്ചയായ കുമ്പസാര സ്വീകരണങ്ങള്‍ ആത്മാവിന് വളരെ നല്ലതാണ്. കുമ്പസാരം ആത്മാവിന്റെ മുറിവുണക്കുന്ന പ്രക്രിയയാണ്. ശരീരത്തിലെ മുറിവുണങ്ങാന്‍ സമയമെടുക്കുന്നതുപോലെ ആത്മാവിന്റെ മുറിവുണങ്ങാനും സമയമെടുക്കും.

വൈദികന്‍ ഒരു ഡോക്ടറെപ്പോലെയാണ്. ഡോക്ടറോട് രോഗത്തെക്കുറിച്ച് എല്ലാം വിശദമായി പറയുന്നതുപോലെ പാപത്തെക്കുറിച്ച് വിശദമായി വൈദികനോട് പറയണം. ദൈവത്തിന്റെ സ്‌നേഹം നമ്മുടെ പാപത്തേക്കാള്‍ ശക്തമാണ്. ദൈവത്തിന് കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് വിനീതമായ കുമ്പസാരത്തിലാണ്. ലളിതമായി, ആത്മാര്‍ത്ഥമായി, വ്യക്തമായി തന്റെ പാപങ്ങള്‍ വൈദികനോട് ഏറ്റുപറയുക.

കുമ്പസാരം പാപം കഴുകിക്കളയല്‍ മാത്രമല്ല, ക്രിസ്തുവുമായുള്ള കണ്ടുമുട്ടല്‍ കൂടിയാണ്. വൈദികനോട് പാപങ്ങള്‍ ഏറ്റുപറയുകയും അനുരജ്ഞനത്തിന്റെ കൂദാശ സ്വീകരിക്കുകയും ചെയ്യുമ്പോള്‍ മനസിലാക്കേണ്ടത് നമ്മള്‍ ദൈവത്തിന്റെ കരുണയെ സ്വന്തമാക്കിയിരിക്കുന്നു എന്നാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.