കുമ്പസാരക്കൂടെന്ന വലിയ അത്ഭുതം- മറുനാട്ടിലെ മലയാളിയുടെ അനുഭവം

ആദ്യമായിട്ടാണ് കേരളം അല്ലാതെ മറ്റൊരു സ്ഥലത്തേയ്ക്ക് പോകേണ്ടി വന്നത്. ഒന്നോ രണ്ടോ മാസങ്ങൾ അല്ല നാലു വര്‍ഷം പുതിയ നാട്ടിൽ താമസിക്കണം. പുതിയ ഭാഷ, ഭക്ഷണം എല്ലാറ്റിനുമുപരി മലയാളത്തിൽ കുര്‍ബാന ഉള്ള പള്ളികൾ പോലും ഇല്ലാത്ത നാട്- അതായിരുന്നു കൂട്ടുകാരൊക്കെ പറഞ്ഞിട്ടുള്ള അറിവ്. അങ്ങനെ അവിടെത്തി. ഒരു മാസം കഴിഞ്ഞു, ആകെ ഞായറാഴ്ച ഉള്ള പരിശുദ്ധ കുർബാന മാത്രമായിരുന്നു ആശ്വാസം. അതും എല്ലാ ഭാഷകളും കൂട്ടി കലർത്തി ഒരു പരിശുദ്ധ കുർബാന. അങ്ങനെ മാസങ്ങൾ കടന്നു പോയി. ആയിടക്കാണ് കുമ്പസാരിക്കണമെന്ന്‍ വലിയ ആഗ്രഹം തോന്നിയത്. കൂടെ ഉള്ളവരോടൊക്കെ ചോദിച്ചു, എല്ലാവര്‍ക്കും ഒരു പുച്ഛം. “പാപ മന്നിപ്പ് കേക്കണമാ?” കാണുന്നവർ കാണുന്നവർ കളിയാക്കുവാൻ തുടങ്ങി.

എനിക്കൊന്നും മനസിലായില്ല. എല്ലാ ദിവസവും പള്ളിയിൽ പോകുന്നവരാണ് അധികവും; പരിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്യുന്നവർ! അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഗൂഗിളിന്റെ സഹായത്തോടെ പള്ളി കണ്ടു പിടിച്ചു ഞാൻ കുമ്പസാരിക്കുവാൻ പോയി. കൂട്ടിനു എന്റെ ഒരു കൂട്ടുകാരി വന്നു. 

തിരിച്ചു വരുന്ന വഴിയിൽ അവൾ പറഞ്ഞ ഓരോ കാര്യവും ഒത്തിരി ഞെട്ടിക്കുന്നതായിരുന്നു. അവള്‍ അവസാനമായി കുമ്പസാരിച്ചതു ആദ്യകുർബാനയുടെ തലേ ദിവസമാണ്. അവരെ സംബന്ധിച്ചു  പരിശുദ്ധ കുർബാന  സ്വീകരിക്കാതിരിക്കുന്നതാണ് പാപം.  ഞാൻ കുറെ പറഞ്ഞു  നോക്കി. “ഞാൻ കുമ്പസാരിക്കുന്നില്ല, കുമ്പസാരിക്കേണ്ടത് എങ്ങനെയെന്ന് ഞാൻ മറന്നു  പോയി” എന്നു പറഞ്ഞവൾ  വാശി പിടിച്ചു. പിന്നെ ഞാൻ കൂടുതലൊന്നും പറഞ്ഞില്ല. പക്ഷേ , മനസ്സിൽ കർത്താവിനോടു പ്രാത്ഥിച്ചു.

ഞാൻ എന്റെ കുമ്പസാരം തുടർന്ന് കൊണ്ടേയിരുന്നു. തലേ ദിവസം പേപ്പറിൽ എഴുതി ഒരുങ്ങുന്നതൊക്കെ കാണുമ്പോൾ ഓരോരുത്തരായി വന്നു എത്തിനോക്കുന്നതും എല്ലാവര്‍ക്കും മുമ്പിൽ കളിയാക്കുന്നതുമൊക്കെ കണ്ടില്ലന്നു വെച്ചു. അങ്ങനെ മാസങ്ങൾ കടന്നു പോയി. ഒരിക്കൽ കുമ്പസാരം കഴിഞ്ഞു വന്നപ്പോൾ അവൾക്കൊരു സംശയം. കുമ്പസാരം കഴിഞ്ഞു വരുമ്പോൾ എന്റെ മുഖത്തെ ഭയങ്കര സന്തോഷം കാണുന്നതിന്റെ കാരണം അവള്‍ക്ക് അറിയണം. പോയ ആൾ അല്ല തിരിച്ചു വരുന്നത്. “നിനക്കും കുമ്പസാരിക്കണോ?” ഞാൻ  ചോദിച്ചു, വേണ്ടായെന്നു അവള്‍ പറഞ്ഞു. അറിയാവുന്ന തമിഴൊക്കെ ഉപയോഗിച്ച് പറഞ്ഞു  നോക്കി. അവസാനം അവൾ സമ്മതിച്ചെങ്കിലും ഒടുവിൽ  കുമ്പസരിക്കുവാൻ ഞാൻ പാപമൊന്നും ചെയ്തിട്ടില്ലയെന്നു പറഞ്ഞൊഴിഞ്ഞു മാറി.

പിറ്റേന്ന് മുതൽ അവധി തുടങ്ങുകയായിരുന്നു. അവധിയുടെ അവസാന ദിവസം അവളെന്നെ വിളിച്ചു. വലിയ സന്തോഷത്തിലായിരുന്നു അവള്‍. എനിക്ക് നന്ദിയും പറഞ്ഞു. പക്ഷേ, എനിക്കൊന്നും മനസിലായില്ല. എന്ത് പറ്റിയെന്നു ചോദിച്ചപ്പോൾ, അവൾ  പറഞ്ഞു  തുടങ്ങി: “ആ അവധിക്കു  ഞാൻ ഒരു ധ്യാനത്തിന് പോകുവാൻ തീരുമാനിച്ചിരുന്നു. വീട്ടിൽ ചെന്ന അവൾ ഇതേ കുറിച്ച് അവളുടെ അമ്മയോട് പറയുകയും അവളുടെ അമ്മ അവളെ  നിർബന്ധിച്ചു ഒരു ധ്യാനത്തിന് വിടുകയും ചെയ്തു. ഒരുപാടു  വര്‍ഷങ്ങള്‍ക്ക് ശേഷം – ആദ്യ കുർബാനയ്ക്കു ശേഷം – ആദ്യമായി  അവൾ കുമ്പസാരിച്ചു. അതാണത്രേ അവളുടെ സന്തോഷത്തിനു കാരണം. കുമ്പസാരിച്ചു കഴിഞ്ഞപ്പോൾ അവളുടെ ഉള്ളിൽ ഉണ്ടായിരുന്ന എന്തോ വലിയ ഭാരം ആരോ എടുത്തു മാറ്റിയെന്നും പരിശുദ്ധാത്മാവിനെ കിട്ടിയെന്നും വലിയ സന്തോഷവും സമാധാനവും അനുഭവിച്ചെന്നും  ശരിക്കും കുമ്പസാരക്കൂട് ഒരു വലിയ അത്ഭുതമാണ് എന്നും അവള്‍ ആവേശത്തോടെ പറഞ്ഞു. അത് എത്ര പറഞ്ഞാലും മനസിലാക്കുവാൻ പറ്റില്ലത്രേ; അനുഭവിച്ചറിയണം.” തിരിച്ചു വന്നിട്ട് എല്ലാവരോടും പറയുമെന്നും എല്ലാവരെയും കുമ്പസാരിക്കുവാൻ കൂട്ടി കൊണ്ടുപോകണമെന്നൊക്കെ പറഞ്ഞു  അവൾ ഫോൺ വെച്ചപ്പോൾ എനിക്കും വലിയ സന്തോഷം തോന്നി.

പാപത്തിൽ വീണ്, ആകെ അഴുക്കുമായി ഓരോവട്ടം മടങ്ങി ചെല്ലുമ്പോഴും, പൂർവ്വാധികം സ്നേഹത്തോടെ വാരിപുണർന്ന്, കൺവെട്ടത്തുനിന്നെങ്ങും പോകരുതേ കുഞ്ഞേ എന്ന് കാതിൽ മൃദുവായി മന്ത്രിക്കുന്ന അളവില്ലാത്ത സ്നേഹവും കരുണയും നിറഞ്ഞ ഒരു ദൈവം മറ്റാർക്കാണ്ഉള്ളത്?

ആ സ്നേഹത്തിന്റെ മുമ്പിൽ ഒത്തിരി നന്ദിയോടെ.

ജെ. അല്‍ഫോന്‍സാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.