ആശുപത്രികള്‍ വിട്ടുനല്കാനുള്ള സഭയുടെ തീരുമാനത്തില്‍ ബൈബിളിലെ ക്രിസ്തുവിനെ കാണുന്നുവെന്ന് അക്രൈസ്തവ യുവതി

ഇന്ന് ഉച്ചകഴിഞ്ഞാണ്, കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആശുപത്രികള്‍ വിട്ടു തരാന്‍ തയ്യാറാണെന്ന് കത്തോലിക്ക സഭ അറിയിച്ചതായി, മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് വഴി അറിയിച്ചത്. ആ പോസ്റ്റിനു താഴെ വന്ന കമന്റുകള്‍ ഏറെയായിരുന്നു. അതിലൊരു കമന്റ് ഏവരുടെയും പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. ഒരു അക്രൈസ്തവ യുവതിയുടേതായിരുന്നു അത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

‘ഏറെ സന്തോഷവും, അഭിമാനവും തോന്നുന്നു. അടിയന്തിര ഘട്ടത്തില്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും പിന്തുണ നല്‍കിയ സഭക്ക് അഭിനന്ദനങ്ങള്‍. അവസരത്തിനൊത്ത് ഉയരുകയും ഏറ്റവും ഉചിതവും ശ്ലാഘനീയവുമായ തീരുമാനം കൈകൊണ്ട സഭ നേതൃത്വത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഈ കരുതലിന്, സ്‌നേഹത്തിന്, കാരുണ്യത്തിന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി. സഭാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് അഭിനന്ദനങ്ങള്‍. ഞാന്‍ ഒരിക്കലും വായിച്ചിട്ടില്ലാത്ത ആ പുസ്തകത്തില്‍ (ബൈബിള്‍ ) എന്താണുള്ളതെന്ന് ഇപ്പോള്‍ എനിക്കു പറയാന്‍ പറ്റും.ഞാന്‍ പറയട്ടെ ‘സ്‌നേഹം, സ്‌നേഹം മാത്രം…….’

ബൈബിളിന്റെ സാരാംശം എന്തെന്ന് ഒറ്റ വാക്കില്‍ ചുരുക്കി പറഞ്ഞാല്‍ അതിന് സ്‌നേഹം എന്ന വാക്ക് ഉപയോഗിക്കാം എന്നാണ് സഭാ പിതാക്കന്മാരും സഭാ പണ്ഡിതരും പഠിപ്പിക്കുന്നത്. കാരണം ബൈബിളില്‍ ആദ്യാവസാനം വിവരിക്കുന്നത് സ്‌നേഹത്തിന്റെ വിവിധ ഭാവങ്ങളെക്കുറിച്ചാണ്, ‘നിന്നെ പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക’ എന്നാണ്. ആ വലിയ കല്‍പ്പന വിവരിച്ചിരിക്കുന്ന ബൈബിള്‍ എന്ന പുസ്തകത്തിലെ ഒരധ്യായം പോലും വായിച്ചിട്ടില്ലെങ്കിലും ആ പുസ്തകത്തിന്റെ സാരാശം സ്‌നേഹമാണെന്ന് തനിക്ക് ബോധ്യപ്പെട്ടു എന്ന ഇതര മതവിശ്വാസിയായ ഈ യുവതിയുടെ സാക്ഷ്യം ഇന്ന് കത്തോലിക്കാ സഭയ്ക്ക് വലിയ അംഗീകാരമായി മാറിയിരിക്കുകയാണ്.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കത്തോലിക്കാ സഭയുടെ കീഴിലുള്ള ആശുപത്രികള്‍ ആവശ്യം വന്നാല്‍ വിട്ടുനല്‍കാമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചാണ് അദ്ദേഹം സഭയുടെ സന്നദ്ധത അറിയിച്ചത്. ഇക്കാര്യം മുഖ്യമന്ത്രി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഈ പോസ്റ്റിനു കീഴില്‍ ഒരു യുവതി രേഖപ്പെടുത്തിയ കമന്റാണ് സഭയ്ക്ക് വലിയ അംഗീകാരമായിരിക്കുന്നത്.

ഏറെ സന്തോഷം തോന്നുന്നുവെന്നും സഭയെ നന്ദി അറിയിക്കുന്നുവെന്നും സഭാ നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞ അവര്‍ ഞാന്‍ ഒരിക്കലും വായിച്ചിട്ടില്ലാത്ത ബൈബിളില്‍ എന്താണുള്ളതെന്ന് ഇപ്പോള്‍ എനിക്ക് പറയാന്‍ പറ്റുമെന്നും അത് സ്‌നേഹം മാത്രമാണെന്നും കുറിച്ചു. സമാനമായ രീതിയില്‍ ആയിരങ്ങളാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ സഭയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നത്.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ആശുപത്രികളിലെ ഡോക്ടര്‍മാര്‍, നഴ്‌സ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവനം വിട്ടുനല്‍കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. സഭയുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി തുടര്‍പ്രവര്‍ത്തനങ്ങളില്‍ അവ ഉപയോഗിക്കാമെന്നും അറിയിക്കുകയുണ്ടായി..