പോലീസുകാര്‍ക്ക് ബൈബിളുകള്‍ സമ്മാനിച്ച് കൊളംബിയയിലെ മിലിട്ടറി ബിഷപ്പ്

പോലീസുകാര്‍ക്ക് ബൈബിളുകള്‍ സമ്മാനിച്ച് തെക്കേ അമേരിക്കന്‍ രാജ്യമായ കൊളംബിയയിലെ മിലിട്ടറി ബിഷപ്പ് മോണ്‍. വിക്ടര്‍ മാനുവല്‍ ഒച്ചോവ കഡാവിഡ. തിരുവചനം ജീവന്റെ ഉറവിടമാണെന്ന ഓര്‍മ്മപ്പെടുത്തലോടെ 500 ബൈബിളുകളാണ് നാഷണല്‍ പോലീസ് സേനയ്ക്ക് അദ്ദേഹം സമ്മാനിച്ചത്.

നാഷണല്‍ പോലീസിന്റെ ജനറല്‍ ചാപ്ലൈന്‍സിക്കു വേണ്ടി 720 ബൈബിളുകള്‍ വാങ്ങുവാനുള്ള തീരുമാനം, ബൊഗോട്ട നിരീശ്വരവാദി അസോസിയേഷന്റെ അഭിഭാഷകനായ നിക്കോളാസ് കാള്‍ഡെറോണ്‍ ഗ്രിസാലെസിന്റെ അപേക്ഷപ്രകാരം റദ്ദാക്കിയ സാഹചര്യത്തിലാണ് മിലിട്ടറി രൂപത ബൈബിളുകള്‍ സംഭാവന ചെയ്തത്. ബൈബിള്‍ വാങ്ങുന്നത് രാഷ്ട്രത്തിന്റെ മതനിരപേക്ഷതയുടേയും ഭരണഘടനയുടെ ലംഘനവുമാണെന്നുമായിരുന്നു സംഘടനയുടെ വാദം.

നമ്മുടെ ആത്മീയതയുടെ ഉറവിടമായ ദൈവവചനം നമുക്ക് ശരിയായ മാര്‍ഗ്ഗം കാണിച്ചുതരികയും നമ്മുടെ സായുധസേനക്ക് ഉന്നതമൂല്യങ്ങള്‍ നല്‍കുമെന്നും പറഞ്ഞ ബിഷപ്പ്, ഇസ്രായേല്‍മക്കളുടെ ജീവിതത്തെ സജീവമാക്കിയ ദൈവവചനങ്ങള്‍ സുരക്ഷാസേനയിലും വിശ്വാസം ഉളവാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ദൈവവചനം മൂല്യങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.