തണുപ്പുകാലത്തെ അതിജീവിക്കാൻ ‘കോട്ട്സ് ഫോർ കിഡ്സ്’ പരിപാടിയുമായി കത്തോലിക്കാ സംഘടന

കടന്നു വരുന്ന ശൈത്യകാലത്തെ അതിജീവിക്കുവാൻ കുഞ്ഞുങ്ങളെ സഹായിക്കുക എന്ന ലക്ഷ്യവുമായി നൈറ്റ്സ് ഓഫ് കൊളംബസ് സംഘടന. ‘കോട്ട്സ് ഫോർ കിഡ്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിലൂടെ അമേരിക്കയിലെയും കാനഡയിലെയും വിവിധ ഭാഗങ്ങളിൽ കഴിയുന്ന ദരിദ്രരായ കുട്ടികളുടെ സംരക്ഷണമാണ് സംഘടന ലക്‌ഷ്യം വയ്ക്കുന്നത്.

അമേരിക്കയിലെ 18 % കുട്ടികളും കാനഡയിലെ 14 % കുട്ടികളും തീർത്തും ദരിദ്രമായ സാഹചര്യത്തിൽ വളരുന്നവരാണ്. തുച്ഛമായ വരുമാനം മാത്രമുള്ള ഈ കുടുംബങ്ങൾക്ക് കുട്ടികൾക്കു മതിയായ സംരക്ഷണവും തണുപ്പിൽ നിന്നുള്ള സുരക്ഷയും നൽകുവാൻ പലപ്പോഴും കഴിയാറില്ല. അപകടകരമായ ഈ സാഹചര്യത്തിൽ കൊളംബിയയിലെ നൈറ്റ്സ് ഓഫ് കൊളംബസ് സംഘടനയാണ് 2009 -ൽ ‘കോട്ട്സ് ഫോർ കിഡ്സ്’ പരിപാടി ആരംഭിച്ചത്. തുടർന്ന് 22 ആക്റ്റീവ് കൗൺസിലിലെ മൂവായിരത്തോളം പ്രവർത്തകർ ഈ സംരംഭത്തിന്റെ ഭാഗമായി കൊണ്ട് കുട്ടികൾക്കു സഹായമെത്തിച്ചു. 2009 മുതൽ ഏതാണ്ട് അഞ്ചു ലക്ഷത്തോളം കോട്ടുകള്‍ വിതരണം ചെയ്യുവാൻ കഴിഞ്ഞു.

ഈ വർഷത്തെ ‘കോട്ട്സ് ഫോർ കിഡ്സ്’ പരിപാടി ഈ ആഴ്ച ആരംഭിക്കും. പോലീസും അഗ്നിശമന വകുപ്പുകളും അവരുടെ പതിവ് ചുമതലകൾക്കിടയിലോ അല്ലെങ്കിൽ നൈറ്റ്‌സ് സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടികളിലോ ആയിരിക്കും ഈ കോട്ടുകൾ വിതരണം ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.