പൗരന്മാരുടെ സംരക്ഷണം രാഷ്ട്രീയ പാര്‍ട്ടികളുടെ ഔദാര്യമല്ല, സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്: ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: ക്രൈസ്തവരുള്‍പ്പെടെ രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കേണ്ടത് സര്‍ക്കാരും ഭരണഘടനയുമാണെന്നും ക്രൈസ്തവരുടെ സംരക്ഷകരായി സ്വയം ഉത്തരവാദിത്വമേറ്റെടുക്കുവാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ചില രാഷ്ട്രീയപാര്‍ട്ടികള്‍ രാജ്യത്തുടനീളം നടത്തിയതും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമായ ക്രൈസ്തവ പീഢനങ്ങളുടെ ചരിത്രം മറക്കരുതെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍.

എല്ലാ മതങ്ങളെയും സമുദായങ്ങളെയും ഏറ്റവും ആദരവോടും ബഹുമാനത്തോടും കൂടി കാണുന്നവരാണ് ക്രൈസ്തവര്‍. ഭീകരവാദവും അക്രമവുമല്ല സ്‌നേഹത്തിന്റെ പങ്കുവയ്ക്കലും സാഹോദര്യവും സമാധാനവുമാണ് ക്രൈസ്തവസഭകളുടെ മുഖമുദ്ര. രാജ്യത്തുടനീളം ജാതിക്കും മതത്തിനും അതീതമായി ക്രൈസ്തവര്‍ നടത്തുന്ന സേവനശുശ്രൂഷകളിലൂടെ നേട്ടങ്ങള്‍ ഉണ്ടാക്കുന്നവര്‍ തന്നെയാണ് ക്രൈസ്തവര്‍ക്കെതിരെ മതവിദ്വേഷവും വര്‍ഗ്ഗീയവാദവുമുയര്‍ത്തുന്നത്.

2.78 കോടി ക്രൈസ്തവരുള്ള ഇന്ത്യയിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രം ഇപ്പോള്‍ പഠിക്കുന്ന ഗുണഭോക്താക്കള്‍ 9 കോടിയിലേറെയുള്ള വിവിധ മതസ്ഥരാണ്. മൂല്യവും വ്യക്തിത്വവുമുള്ള പൗരന്മാരെയാണ് ഈ സ്ഥാപനങ്ങള്‍ വാര്‍ത്തെടുക്കുന്നത്. ക്രൈസ്തവര്‍ നടത്തുന്ന ആതുര ശുശ്രൂഷാലയങ്ങളിലൂടെയും അനാഥമന്ദിരങ്ങളിലൂടെയും പങ്കുവെയ്ക്കുന്ന വിശിഷ്ട സേവനങ്ങള്‍ക്ക് പകരംവയ്ക്കാന്‍ മറ്റെന്തു സംവിധാനമാണ് ക്രൈസ്തവ വിരോധികള്‍ക്ക് ചൂണ്ടിക്കാണിക്കാനുള്ളത്.

വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ആസൂത്രിത ഭീകരാക്രമണങ്ങള്‍ നാളെ ഇന്ത്യയിലും നടക്കുമോയെന്ന ആശങ്ക ക്രൈസ്തവരിലുണ്ട്. രാജ്യാന്തര ഭീകരപ്രവര്‍ത്തനങ്ങളുടെ ഗൂഢാലോചനാകേന്ദ്രം ഇന്ത്യയിലാണെന്നുള്ള വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കല്ല ശക്തമായ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു മാത്രമേ ഇതിനെ പ്രതിരോധിക്കാനാവൂ. അധികാരത്തിലിരിക്കുന്നവര്‍ രാഷ്ട്രീയ വിധേയത്വത്തിന്റെ പേരില്‍ ഭീകരപ്രസ്ഥാനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന വര്‍ഗ്ഗീയവാദികള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാത്തത് ദുഃഖകരമാണ്.

ഭീകരപ്രവര്‍ത്തനങ്ങളും ജനങ്ങളെ കൊന്നൊടുക്കിയുള്ള മതപ്രചരണവും ക്രൈസ്തവ മാര്‍ഗ്ഗമല്ല. ഭീകരപ്രവര്‍ത്തനങ്ങളിലും ആഭ്യന്തരയുദ്ധത്തിലും എല്ലാം നഷ്ടപ്പെട്ട് പലായനം ചെയ്ത അഭയാര്‍ത്ഥികളെ രണ്ടുകരങ്ങളും നീട്ടി സ്വീകരിച്ച്, ശുശ്രൂഷിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വയം അപകടങ്ങള്‍ ഏറ്റുവാങ്ങിയിട്ടും ക്രൈസ്തവര്‍ ലോകത്തൊരിടത്തും അടിസ്ഥാന ക്രൈസ്തവമൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല.
ക്രൈസ്തവരേയും വിശ്വാസാചാരാനുഷ്ഠാനങ്ങളെയും മറപിടിച്ച് രാഷ്ട്രീയ വിലപേശലുകള്‍ നടത്തുവാന്‍ ആരെയും അനുവദിക്കില്ല.

വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ ഭിന്നിച്ചു നില്‍ക്കാതെ ഒന്നിച്ചുനിന്ന് കൂടുതല്‍ ഐക്യം ഊട്ടിയുറപ്പിക്കുവാനും സഹകരിച്ച് പ്രവര്‍ത്തിക്കുവാനും മുന്നോട്ടു വരണമെന്നും ഇന്ത്യയിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളിലെ അല്മായ നേതാക്കളുടെ നേതൃസമ്മേളനം സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ വിളിച്ചുചേര്‍ക്കുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.